sections
MORE

കോടികളുടെ കൺസൽറ്റൻസി കരാ‍ർ നൽകിയതിൽ അട്ടിമറി; അമൃതിലെ മറിമായം

165628946
SHARE

നഗര സൗന്ദര്യവൽക്കരണത്തിനുള്ള കേന്ദ്ര പദ്ധതിയായ ‘അമൃതി’ൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 7 നഗരങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ ദുരൂഹത. ഏഴിടത്തും കൺസൽറ്റൻസി കരാർ ലഭിച്ചത് ഒരേ കമ്പനിക്ക്. ടെൻഡറുകൾ അട്ടിമറിച്ച്, ഈ കമ്പനിക്ക് കരാർ നൽകാൻ ഉന്നതതല ഇടപെടലുകൾ നടന്നതായി ആരോപണം. 

അടിമുടി ദുരൂഹത

തിരുവനന്തപുരം, കൊച്ചി പദ്ധതികൾ ഒഴികെ മറ്റെല്ലായിടത്തും ഒരേ കമ്പനിക്ക് കൺസൽറ്റൻസി കരാർ ലഭിച്ചതെങ്ങനെ? അതിലാണു ദുരൂഹത.  

പദ്ധതികൾ തുടങ്ങിയിട്ടു പോലുമില്ലെങ്കിലും കൺസൽറ്റൻസി ഇനത്തിൽ  ജിഎസ്ടി ഉൾപ്പെടെ രണ്ടര കോടി രൂപ നൽകിക്കഴിഞ്ഞതായി മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ വ്യക്തമാക്കി. കോഴിക്കോട്ടെ സ്ഥാപനത്തിന് പദ്ധതി തുകയുടെ 1.8% മുതൽ 2.3% വരെയാണ് ഫീസ് നൽകിയിരിക്കുന്നത്. 

കൺസൽറ്റൻസിയെ തിരഞ്ഞെടുത്തത് തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു തന്നെ. പക്ഷേ, ടെൻഡറിൽ പങ്കെടുത്ത കൂടുതൽ യോഗ്യതകളുള്ള കമ്പനികളെ മാർക്ക് കുറച്ചു നൽകി പുറത്താക്കുകയായിരുന്നു. 

റാം ബയോളജിക്കൽസിന് വൻകിട പദ്ധതികൾ പൂർത്തീകരിച്ചുള്ള മുൻപരിചയം ഇല്ല. ഫ്ലാറ്റുകളിലെയും ആശുപത്രികളിലെയും മാലിന്യസംസ്കരണ പ്ലാന്റുകളിൽ മാത്രം വിജയകരമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗരത്തിലെ മൊത്തം മാലിന്യം സംസ്കരിക്കാൻ പദ്ധതി തയാറാക്കി. ഇത് ഏറ്റെടുക്കാൻ ഒരു കമ്പനിയും മുന്നോട്ടു വന്നിട്ടില്ല. 

റാം ബയോളജിക്കൽസിന്റെ സാങ്കേതിക വിദ്യ (ഇലക്ട്രോ കൊയാഗുലേഷൻ) അമ്പേ പരാജയമാണെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. പ്രതികൂല റിപ്പോർട്ട് മാറ്റിയെഴുതാൻ കടുത്ത സമ്മർദമുണ്ടായതിനെ തുടർന്ന് സമിതി ചെയർമാൻ സ്ഥാനമൊഴിഞ്ഞു. സമിതിയുടെ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ്, റാം ബയോളജിക്കൽസിന് അനുകൂലമായതും ദുരൂഹം. 

പദ്ധതിയുടെ കൺസൽറ്റൻസിക്കായി കേന്ദ്രം തന്നെ ‘വാപ്കോസ്’ എന്ന ഏജൻസിയെ നിശ്ചയിച്ചിരുന്നു. അമൃത് പദ്ധതിയുടെ മാർഗനിർദേശങ്ങളിൽ ‘വാപ്കോസ്’ എന്ന കൺസൽറ്റൻസിയുടെ സേവനം ഉപയോഗിക്കണം എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിനു മാത്രമായി കൺസൽറ്റൻസികളുടെ പ്രത്യേക പട്ടിക, ശുചിത്വമിഷന്റെ നേതൃത്വത്തിൽ 2017 ഫെബ്രുവരി 21ന്  തയാറാക്കുകയും ഈ പട്ടികയിൽനിന്നു മാത്രം കരാർ നൽകണമെന്ന് ഫെബ്രുവരി 23ന് ഉത്തരവിറക്കുകയുമായിരുന്നു. 

കേന്ദ്രം വ്യക്തമായ മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചിട്ടും അതെല്ലാം തഴഞ്ഞ് ശുചിത്വമിഷന്റെ പട്ടികയിൽനിന്ന് കൺസൽറ്റന്റുമാരെ തിരഞ്ഞെടുക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചതുതന്നെ ദുരൂഹം. ഈ വ്യവസ്ഥ പ്രകാരം പുറമേ നിന്നുള്ള മറ്റൊരു കമ്പനിക്കും ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കാതെയായി. 

മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി ഈ തീരുമാനം തള്ളിക്കളഞ്ഞ് കൂടുതൽ കമ്പനികൾക്ക് അവസരം നൽകാനായി ഓപ്പൺ ടെൻ‍ഡർ വിളിക്കാൻ തീരുമാനിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടു മരവിപ്പിച്ചു. പദ്ധതി വീണ്ടും ശുചിത്വമിഷന്റെ പാനലിൽപെട്ട കൺസൽറ്റൻസിയുടെ കരങ്ങളിൽ. 

∙ എല്ലാ ടെൻഡറുകളും നടപടിക്രമങ്ങൾ പാലിച്ചാണു ലഭിച്ചത്. ശുചിത്വമിഷൻ പാനലിലുള്ള 9 കമ്പനികൾക്കും ടെൻഡറിൽ പങ്കെടുക്കാനുള്ള അർഹതയും അവസരവും ഉണ്ടായിരുന്നു. ഞങ്ങൾക്കായി ആരും ചരടുവലിച്ചിട്ടില്ല. 

അർഹതയുള്ളതിനാൽ മാത്രമാണ് ടെൻഡറുകൾ ലഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും പാനലിൽ ഉള്ളവർക്കു മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നതിനാലാണ് പദ്ധതി ആരും ഏറ്റെടുക്കാത്തത്. ഇതിൽ ഇളവു വരുത്തിയതിനാൽ ഇനി പുറത്തുനിന്നു വിവിധ കമ്പനികൾ എത്തുമെന്നു പ്രതീക്ഷിക്കുന്നു. വിവാദങ്ങൾ പദ്ധതി തടസ്സപ്പെടുത്താൻ മാത്രമേ സഹായിക്കൂ. 

- റാം ബയോളജിക്കൽസ് 

∙ തദ്ദേശ സ്ഥാപനങ്ങളാണ് ടെൻഡർ വിളിച്ച് കൺസൽറ്റൻസിയെ തിരഞ്ഞെടുത്തത്. അതിനായി ശുചിത്വമിഷന്റെ പാനലും തയാറാക്കിയിരുന്നു. കണ്ണൂരിൽ സാങ്കേതികവിദ്യയ്ക്കെതിരെ വിദഗ്ധസമിതി റിപ്പോർട്ട് നൽകിയതു കാര്യമാക്കേണ്ട. ചെയർമാൻ രാജിവച്ചത് ജോലിത്തിരക്കുകൾ ഉള്ളതിനാലാണ്. ഒരേ കമ്പനിക്കു കൺസൽറ്റൻസി നൽകാൻ ആരും ഇടപെട്ടിട്ടില്ല.

-അമൃത് മിഷൻ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA