ADVERTISEMENT

ഗവേഷകൻ പരീക്ഷണാർഥം ഒരു സ്രാവിനെ ടാങ്കിലടച്ചു. ധാരാളം ചെറുമീനുകളെ അതിനു തിന്നാൻ കൊടുത്തു. മിനിറ്റുകൾക്കുള്ളിൽ സ്രാവ് അവയെ മുഴുവൻ അകത്താക്കി. 

ഗവേഷകൻ ആ ടാങ്ക് ഒരു ഗ്ലാസ് ഉപയോഗിച്ചു രണ്ടായി തിരിച്ചു. അതിനുശേഷം ചെറുമീനുകളെ ഗ്ലാസിനപ്പുറത്തു നിക്ഷേപിച്ചു. സ്രാവ് ദിവസങ്ങളോളം ശ്രമിച്ചിട്ടും മീനുകളെ കിട്ടിയില്ല. ബലമുള്ള ഗ്ലാസ് തകർക്കാനും അതിനു കഴിഞ്ഞില്ല. ക്രമേണ അതു മീനുകളെ ശ്രദ്ധിക്കാതായി. അവസാനം ഗവേഷകൻ ഗ്ലാസ് എടുത്തുമാറ്റി. പക്ഷേ, പിന്നീട് ഒരിക്കൽ പോലും ആ മീനുകളെ പിടിക്കാൻ സ്രാവ് മെനക്കെട്ടില്ല. 

വിജയത്തിലെത്താൻ ഒരേ കാര്യം എത്രതവണ ചെയ്‌തു നോക്കണം; കുറച്ചുതവണ ശ്രമിച്ചിട്ടും അതു നടക്കില്ല എന്നു തോന്നിയാൽ പിന്നെ ഉപേക്ഷിക്കുന്നതല്ലേ അതിന്റെ ശരി – സാധാരണ ചോദ്യങ്ങളെയും സാമാന്യബുദ്ധിയെയും അതിലംഘിക്കാത്ത ആരും അസാധാരണമായി ഒന്നും നേടിയിട്ടില്ല. 

പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കും പരമ്പരാഗതമായി ഉണ്ടാക്കിവച്ചിരിക്കുന്ന നിയമങ്ങളും രീതികളുമല്ല പ്രധാനം. തനതു സാഹചര്യങ്ങളിൽ നിന്നും തൃഷ്‌ണയിൽ നിന്നും രൂപപ്പെടുത്തുന്ന സ്വയംനിർമിത ഊർജമാണ് ഓരോ വിജയഗാഥയുടെയും അടിസ്ഥാനം. ഓരോ വിജയത്തിനും ഓരോരുത്തർക്കും തങ്ങളുടേതായ സ്ഥാനവും സമയവും ഉണ്ടാകും. അതുവരെ പിടിച്ചുനിൽക്കാനുള്ള ശേഷിയാണ് വിജയത്തിനാധാരം. 

ജയത്തിന്റെയും പരാജയത്തിന്റെയും മാനദണ്ഡങ്ങൾ ഓരോ രംഗത്തും ആരൊക്കെയോ എഴുതിവച്ചിട്ടുണ്ട്. അതിനനുസരിച്ച് ഓരോരുത്തരുടെയും ജയവും പരാജയവും ആൾക്കൂട്ടം അളന്നു കുറിക്കും. സമൂഹം പറയുന്നതിനനുസരിച്ച് സ്വന്തം നിലവാരം അളക്കുന്നവരാണ് ആത്മഹത്യയിലേക്കു പോലും തിരിയുന്നത്. 

തോറ്റുവെന്ന് എല്ലാവരും തീർപ്പു കൽപിക്കുന്നിടത്ത് ഒരു കൊള്ളിയാൻ പോലെ വന്ന് വെന്നിക്കൊടി പാറിക്കണം. ഓരോ പ്രതിബന്ധത്തിനും മനക്കട്ടി കൊണ്ടു മറുപടി നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com