ADVERTISEMENT

ലംബമായി നിൽക്കുന്ന അധികാരമാണ് വടി, എക്കാലത്തും. അതുകൊണ്ടാണ് രാജാവിനു ചെങ്കോലുണ്ടായത്. പിടിച്ചിരിക്കുന്നത് അധികാരത്തിലാണെന്ന തോന്നലുണ്ടായിട്ടുണ്ടാവാം എന്നല്ലാതെ ചെങ്കോൽകൊണ്ട് ഒരു രാജാവും ഒന്നും ചെയ്തതായി ചരിത്രത്തിലില്ല. 

ചെങ്കോലിലുള്ളത് വെറും കോൽ അല്ലെന്നു ബോധ്യപ്പെടുത്താനാവണം ചിലരത് അധികാരദണ്ഡാക്കിയത്.

ധൈര്യത്തിനുവേണ്ടി എന്തിലെങ്കിലും ഒന്നു മുറുകെപ്പിടിക്കണമെന്നു തോന്നിയപ്പോഴാണ് പട്ടാളത്തിലെയും പൊലീസിലെയും  നക്ഷത്രഭാഗ്യമുള്ള ഓഫിസർമാർ ബാറ്റൺ കയ്യാളാൻ തുടങ്ങിയത്. സംഗതി നമ്മുടെ കുറുവടി തന്നെ; അന്തസ്സു കൂട്ടി മോടിപിടിപ്പിച്ച കുറുവടി. 

സാദാ പൊലീസിന്റെ കയ്യിലെത്തുമ്പോൾ ഇതേ വടി ലാത്തിയായി യൂണിഫോം മാറ്റുന്നു. 

നമ്മുടെ അധ്യാപകർക്കു നക്ഷത്രമില്ലെങ്കിലും കുട്ടികളെ നക്ഷത്രമെണ്ണിക്കാനുള്ള ഉപകരണമായി അവർ തിരഞ്ഞെടുത്തതും വടിതന്നെ.വെറും വടിയിൽ കുട്ടികൾ പേടിക്കില്ല എന്നു തോന്നിയ മാഷന്മാർ വടിയായ വടിയെയെല്ലാം ചൂരൽ എന്നു വിളിച്ചു. ചിലരത് സന്ധിസമാസങ്ങൾ നോക്കി ചൂരൽവടിയും ചില്ലില്ലാത്ത ചൂരവടിയുമാക്കി. 

ജനപ്രാതിനിധ്യ വ്യവസ്ഥയിൽ ഒരാൾ വടിയായിത്തീരുകയാണു  ചെയ്യുക: വിപ്. വടിവീരൻ ചീഫ് വിപ്പാകുന്നു. വിപ് എന്ന ചാട്ടയിൽ അടി ചാട്ടവാറിന്റേതാണെങ്കിലും കയ്യൂക്ക് വടിയുടേതു തന്നെ. 

ഇങ്ങനെ വടിപിടിക്കുന്നവരുടെ അന്തസ്സു കണ്ടപ്പോൾ നമ്മുടെ മോട്ടർവാഹന വകുപ്പിനുമൊരു മോഹം:പിടിച്ചുനിൽക്കാനൊരു വടി വേണം. 

ഇതിനു തുടക്കമിട്ടത് കോട്ടയത്തെ ആർടിഒ ആണെന്നു തോന്നുന്നു. അഴിമതിക്കാരെ നേരിടാൻ അഞ്ചടി നീളമുള്ള ചൂരൽ അദ്ദേഹം വാങ്ങുക മാത്രമല്ല അത് ഓഫിസിൽ പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു. 

എന്തുകൊണ്ട് അഞ്ചടി എന്ന് ആർടിഒ വിശദീകരിച്ചു കേട്ടില്ല. നാലു മീറ്ററിൽ കുറഞ്ഞ നീളമുള്ള വാഹനങ്ങൾക്ക് എക്സൈസ് തീരുവയിൽ ഇളവുള്ളതുപോലെ അഞ്ചടി വരെയാവും ജില്ലാ ഓഫിസർമാർക്കുള്ള അധികാരവടിയുടെ നീളമെന്ന് അപ്പുക്കുട്ടൻ കരുതുന്നു. 

ഈ വടി കാണുമ്പോൾതന്നെ അഴിമതിക്കാർ പേടിച്ചു വിറയ്ക്കുകയും ആ കൺഫ്യൂഷനിൽ ആക്സിലറേറ്ററിനു പകരം ബ്രേക്കിലും ബ്രേക്കിനു പകരം ആക്സിലറേറ്ററിലും ആഞ്ഞു ചവിട്ടുകയും ചെയ്യുമെന്ന് പാവം മോട്ടർവാഹന വകുപ്പധികൃതർ വിചാരിക്കുന്നുണ്ടാവണം. 

എല്ലാ ആർടിഒ ഓഫിസിലും ഇങ്ങനെ അഴിമതിവിരുദ്ധ വടിയുണ്ടാകുമ്പോൾ അത് കുട വയ്ക്കുന്ന മൂലയിൽത്തന്നെ ഭദ്രമായി വച്ചാൽ കുട വയ്ക്കുന്നിടത്തു വടി വയ്ക്കുന്നില്ല എന്ന ആരോപണം ഒഴിവാക്കാം. അതേ കുട–വടി മൂലയ്ക്കിരുന്ന് അഴിമതിക്കു വാപൊത്തിച്ചിരിക്കുകയും ചെയ്യാം.

ജില്ലാ മോട്ടർവാഹന ഓഫിസിൽ അഞ്ചടിയുടെ അദ്ഭുതവടിയാണെങ്കിൽ സംസ്ഥാന ഓഫിസിലെ വടി എന്തൊരു വടിയായിരിക്കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com