sections
MORE

ആ രാജിയും കെപിസിസിയും

kera
SHARE

കേരളത്തിലെ കോൺഗ്രസ് ഒരു പ്രത്യേക പ്രതിസന്ധിയാണു നേരിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്കു ചരിത്ര വിജയം ലഭിച്ചതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിലുണ്ടായ സമ്പൂർണ പരാജയത്തിന്റെ അതേ ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്ന തിരിച്ചറിവിൽ ഇടതുമുന്നണി ആകെ ഉഴറിനിൽക്കുന്നു. അക്കൗണ്ട് തുറക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടിരുന്ന ബിജെപി ഒരിക്കൽ കൂടി പൊളിഞ്ഞു. പക്ഷേ, ഭരണപക്ഷവും മുഖ്യ പ്രതിപക്ഷമാകാൻ വെമ്പുന്നവരും തലകുനിച്ചു നിൽക്കുമ്പോഴും മനസ്സുനിറഞ്ഞൊന്നു ചിരിക്കാൻ കേരളത്തിലെ കോൺഗ്രസിനാകുന്നില്ല. 

20ൽ 19 സീറ്റും കരസ്ഥമാക്കിയതോടെ ‘ഇന്ദിരാഭവനിൽ’ മധുരപലഹാരവിതരണത്തിനു മുതിർന്നപ്പോഴാണ് രാജ്യത്താകെ കോൺഗ്രസ് പാപ്പരായത്. പിന്നീട് അതിലും വലിയ ഞെട്ടൽ നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനത്യാഗം പ്രഖ്യാപിച്ചു. രാഹുൽ ഉന്നതമായ ധാർമികമൂല്യം വ്യക്തമാക്കുന്ന രാജിസന്നദ്ധതയ്ക്കാണു മുതിരുന്നതെന്നും അതിൽനിന്നു പിൻവാങ്ങിയേക്കാമെന്നുമുള്ള പ്രതീക്ഷ ആദ്യം സംസ്ഥാന നേതൃത്വത്തിനുണ്ടായി. പക്ഷേ, രാജിയിൽ ഉറച്ചുനിന്ന് എല്ലാവരുടെയും കണക്കുകൂട്ടലുകൾ അദ്ദേഹം തെറ്റിച്ചു. പകരക്കാരനെ കണ്ടെത്താൻ കഴിയാതെ കേന്ദ്ര നേതൃത്വം ഹതാശരായി നിൽക്കുന്നു. അയൽസംസ്ഥാനമായ കർണാടകയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു. 

ഈ ആശയക്കുഴപ്പത്തിന്റെയും അനിശ്ചിതത്വത്തിന്റയും പാരമ്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. രാഹുലിന്റെ രാജി സാധാരണ പ്രവർത്തകരിലുണ്ടാക്കിയിട്ടുള്ള ആശങ്ക യോഗം വിലയിരുത്തി. രാജി ശരിയോ തെറ്റോ എന്നതിലേക്കു കടന്നില്ല. പകരം, ഡൽഹിയിലെ അവ്യക്തത കേരളത്തിലെ പാർട്ടിയെ തെല്ലും ബാധിക്കുന്നില്ലെന്ന ചിത്രം പുറത്തേക്കു നൽകാൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനും പാർട്ടി സംഘടനയെ ശക്തമാക്കാനും രണ്ടു ദിവസത്തെ നേതൃക്യാംപ് ഓഗസ്റ്റ് ആദ്യം നിശ്ചയിച്ചത് അതിന്റെ ഭാഗമായാണ്. ക്യാംപിന്റെ ഉദ്ഘാടകനായി ക്ഷണിക്കാനിരിക്കുന്നതു മറ്റാരെയുമല്ല; രാഹുൽ ഗാന്ധിയെത്തന്നെ.

സമ്മിശ്ര പ്രതികരണം 

രാഹുലിന്റെ സ്ഥാനത്യാഗം സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണങ്ങൾക്കാണു വഴിതുറന്നിട്ടുള്ളത്. കെപിസിസിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പാനന്തരം രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷൻ മാത്രമായിരുന്നില്ല; പാർലമെന്റിൽ കേരളത്തിലെ എംപിമാരെ നയിക്കേണ്ട ഇവിടെ നിന്നുള്ള ലോക്സഭാംഗം കൂടിയാണ്. അങ്ങനെയൊരാൾ കോൺഗ്രസിന്റെ അധ്യക്ഷൻ കൂടിയായിരിക്കുമ്പോൾ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൂടുതൽ ശക്തമായും ഗൗരവത്തോടെയും ദേശീയശ്രദ്ധയിലേക്കു കൊണ്ടുവരാൻ കഴിയുമായിരുന്നു. 

തോൽവിയുടെ പേരിൽ രാഹുൽ രാജിവച്ച് ഒഴിയേണ്ടതില്ലെന്നും അതല്ല യഥാർഥ പരിഹാരമെന്നും തന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. അതു പാർട്ടിയെ ഇരുട്ടിൽ നിർത്തുന്നതാണെന്നും അവർ കരുതി. അതേസമയം, രാജിക്കെതിരെ സമ്മർദമുണ്ടാക്കി നാടകം കളിക്കാനും കേരളത്തിലെ  നേതാക്കളാരും മുതിർന്നില്ല. നടപടിക്രമങ്ങൾ പാലിച്ചുള്ള പാകതയോടെയുള്ള സമീപനമാണ് അവരിൽ നിന്നുണ്ടായത്. 

രാജിയിൽ നിന്നു പിന്മാറണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി രാഹുലിന് അയച്ചുകൊടുത്തു. ശേഷം, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും രാഹുലിനെ നേരിൽക്കണ്ട് കേരളത്തിന്റെ വികാരം ബോധ്യപ്പെടുത്തി. നേതാവിന്റെ തീരുമാനം മാറില്ലെന്ന് ആ കൂടിക്കാഴ്ചയിൽ ഇരുനേതാക്കൾക്കും ബോധ്യമായി.

സംസ്ഥാനനേതൃത്വത്തിലെ ആരുംതന്നെ ഇക്കാര്യത്തിൽ പരസ്യപ്രസ്താവനകൾ നടത്തിയില്ല. രാജി പുറത്തുവിട്ടു രാഹുൽ രാജ്യമാകെ വൻചലനങ്ങൾ സ‍ൃഷ്ടിച്ചപ്പോഴും ഇവിടെ പ്രതികരണങ്ങളുണ്ടായില്ല. പുറത്തുവിട്ട രാജിക്കത്ത് ഹൃദയസ്പർശിയാണെന്ന് നേതാക്കളെല്ലാം വിശേഷിപ്പിക്കുന്നു. അധ്യക്ഷനല്ലെങ്കിലും സജീവമായി രംഗത്തുണ്ടാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. 

ഉദിക്കാത്ത പിൻഗാമി 

രാജ്യത്തു കോൺഗ്രസിനെ കുലുക്കിയുണർത്താൻ ഇതുപോലൊരു തീരുമാനം അനിവാര്യമെന്നു കരുതുന്നവരും കേരളത്തിലുണ്ട്. തോറ്റു നിലംപരിശായ കോൺഗ്രസിലേക്കുതന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ഒരു മാസത്തിലേറെ കൊളുത്തിയിടാൻ രാഹുലിന്റെ രാജിസന്നദ്ധതയ്ക്കും ഒടുവിൽ പ്രഖ്യാപനത്തിനും സാധിച്ചു.

രാഷ്ട്രീയസംവാദങ്ങളിൽ മികവു കാണിക്കുന്ന കോൺഗ്രസുകാർ പോലും പലപ്പോഴും പതറിപ്പോകുന്ന ഒരു ചോദ്യമുണ്ട്: ‘അതിരിക്കട്ടെ, നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ആരെയെങ്കിലും പ്രസിഡന്റാക്കാൻ പറ്റുമോ നിങ്ങളുടെ പാർട്ടിക്ക്?’ ഇതാ ഇപ്പോൾ, കുടുംബവാഴ്ച അവസാനിപ്പിച്ച് അങ്ങനെ ചെയ്യണമെന്നു നെഹ്റു കുടുംബത്തിൽ തന്നെയുള്ള നേതാവ് ആവശ്യപ്പെട്ടിരിക്കുന്നു. 

പക്ഷേ, പകരമാര് എന്നു ചോദിച്ചാൽ കേരളനേതൃത്വം കൈമലർത്തും. ഉയർന്നുകേൾക്കുന്ന ഒരു പേരിനോടും അവർക്കു മതിപ്പില്ല. പ്രിയങ്ക വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ, കുടുംബത്തിൽ നിന്നു പിൻഗാമി വേണ്ടെന്ന രാഹുലിന്റെ നിർദേശം സോണിയയോ പ്രിയങ്കയോ ഇപ്പോൾ നിരാകരിക്കാനുള്ള സാധ്യത എല്ലാവരും തള്ളുന്നു. എ.കെ.ആന്റണിയുടെ പേര് ഉയരുന്നതിൽ അഭിമാനമുണ്ട്. പക്ഷേ, അമേഠിയിൽ പരാജയപ്പെട്ടതോടെ വയനാടിന്റെ എംപിയായി മാറിയ രാഹുലിന്റെ പിൻ‍ഗാമിയും ദക്ഷിണേന്ത്യക്കാരനാകാനുള്ള സാധ്യത മിക്കവരും തള്ളുന്നു. 

കോൺഗ്രസ് നേതൃപദം വിട്ടതോടെ നിസ്സംഗതാ  മനോഭാവത്തിലേക്കു മാറുമോ വയനാടിന്റെ ലോക്സഭാ പ്രതിനിധി? മറിച്ചാണു സൂചനകൾ. വയനാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അദ്ദേഹവും ഓഫിസും കൃത്യമായി കേരളത്തിലെ നേതാക്കളെ ബന്ധപ്പെടുന്നു. വയനാട്ടിലെ കർഷകർക്കായി പാർലമെന്റിൽ ഉടൻ അദ്ദേഹത്തിന്റെ ശബ്ദമുയരും.

ഇതൊക്കെക്കൊണ്ടാണ് രാഹുലിനെ ഒരു പ്രഹേളികയായി പലരും വിശേഷിപ്പിക്കുന്നത്. അപ്രതീക്ഷിതമായ നീക്കങ്ങൾ ഇനിയും അദ്ദേഹത്തിൽ നിന്നുണ്ടായേക്കുമെന്നു പ്രവചിക്കുന്നവരാണേറെ. അതു പാർട്ടിയെ ആഹ്ലാദത്തിലേക്കു നയിക്കുന്നതായിരിക്കണമെന്ന ആഗ്രഹമാണ് ‘ഇന്ദിരാഭവനി’ൽ തുടിച്ചുനിൽക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA