sections
MORE

ഒരു ജീവന്റെ വില ഇത്ര തുച്ഛമോ?

SHARE

‘ഇതായിരുന്നു അപാകതയെങ്കിൽ നിങ്ങൾക്കതു നേരത്തേ പറയാമായിരുന്നില്ലേ...?’ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന ഉയർത്തുന്ന ചോദ്യം കണ്ണൂരിലെ ആന്തൂർ നഗരസഭയോടാണെങ്കിലും അതു പൊള്ളിക്കുന്നതു മനഃസാക്ഷി മരവിക്കാത്തവരുടെ ഹൃദയങ്ങളെയാണ്; നമ്മുടെ പൊതുസമൂഹത്തെയാണ്.  

സാജൻ നിർമിച്ച കൺവൻഷൻ സെന്ററിൽ നാലു ദിവസംകൊണ്ട്, 50,000 രൂപയോളം മുടക്കി പരിഹരിക്കാവുന്ന പിഴവുകൾക്കാണ് അദ്ദേഹത്തിന്റെ ജീവൻതന്നെ വിലയായി വാങ്ങിയത്. അനുമതിക്കായി സാജനും കുടുംബവും നഗരസഭയുടെ പടി കയറിയിറങ്ങിയപ്പോഴൊന്നും ഇതൊക്കെയാണ് പോരായ്മയെന്ന് ആരും പറഞ്ഞുകൊടുത്തില്ല. കേരളമൊന്നാകെ ഉയർത്തിയ പ്രതിഷേധങ്ങളുടെ ഫലമെന്നോണം, സാജന്റെ മരണശേഷം കൺവൻഷൻ സെന്ററിനു നഗരസഭ അനുമതി നൽകിയെങ്കിലും അതിനുവേണ്ടി പൊലിഞ്ഞ ആ ജീവന്റെ വില ബാക്കിയാവുന്നു.

നഗരസഭയുടെ അന്തിമാനുമതി ലഭിച്ചതിന്റെ ആശ്വാസമുണ്ടെങ്കിലും പകരം കൊടുക്കേണ്ടിവന്നത് ബീനയുടെയും മക്കളുടെയും ഏക ആശ്രയത്തെയാണ്. 15 കോടി രൂപ മുടക്കി ആന്തൂർ നഗരസഭാ പരിധിയിലെ ബക്കളത്ത് പാർഥാ കൺവൻഷൻ സെന്റർ നിർമിച്ച സാജനെ ജൂൺ 18നു പുലർച്ചെയാണു തൂങ്ങിമരിച്ച നിലയിൽ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തുന്നത്. നഗരസഭയിൽനിന്ന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് കിട്ടാൻ പലവട്ടം സാജനും കുടുംബാംഗങ്ങളും ഓഫിസിൽ കയറിയിറങ്ങിയെങ്കിലും അതു ലഭിച്ചില്ല. ചില ഉദ്യോഗസ്ഥരുടെ ഇടപെടലും നഗരസഭാധ്യക്ഷയുടെ പിടിവാശിയുമാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനു കാരണമെന്നു സാജൻ പറഞ്ഞിരുന്നതായി മരണശേഷം കുടുംബാംഗങ്ങൾ ആരോപിച്ചു.

നിർമിതിക്ക് അപാകതകളുണ്ട് എന്നു പറഞ്ഞു ചുറ്റിച്ചതല്ലാതെ അതെന്തൊക്കെയെന്ന് ഉദ്യോഗസ്ഥരാരും പറഞ്ഞിരുന്നില്ലെന്നു സാജന്റെ കുടുംബം ആരോപിക്കുന്നു. ഒടുവിൽ സാജന്റെ മരണശേഷം ചീഫ് ടൗൺ പ്ലാനറുടെ വിജിലൻസ് സംഘം നടത്തിയ വിശദപരിശോധനയിൽ കണ്ടെത്തിയത് അഞ്ച് അപാകതകളാണ്.

ഇവയിൽ നാലെണ്ണം പരിഹരിക്കാൻ ആകെ ചെലവായതു നാലു ദിവസത്തെ അധ്വാനവും അരലക്ഷത്തോളം രൂപയും മാത്രം. ഇതിന്റെ പേരിലാണ്, കാരണം പറയാതെ സാജനെ വട്ടംകറക്കിയതും ഒടുവിൽ ഗതികെട്ട് സാജൻ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുത്തതും. അഞ്ചാമത്തെ പോരായ്മയുടെ പരിഹാരമായി, ജലസംഭരണി മാറ്റിസ്ഥാപിക്കാൻ ആറു മാസത്തെ സാവകാശം നൽകിക്കൊണ്ട് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ്. 

സാജന്റെ സ്വപ്നപദ്ധതിയായിരുന്ന കൺവൻഷൻ സെന്ററിന് അനുമതി ലഭിച്ചെങ്കിലും കുടുംബത്തിനു നീതി കിട്ടിയെന്നു പറയാനാകില്ല. നിസ്സാര കാരണങ്ങളുടെ പേരിൽ സാജനെ മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതുണ്ടെന്നു കേരളം വിശ്വസിക്കുന്നു. ആന്തൂർ നഗരസഭയിലെ രാഷ്ട്രീയ നേതൃത്വത്തെയും ചില ഉദ്യോഗസ്ഥരെയുമാണു സാജന്റെ കുടുംബം പ്രതിക്കൂട്ടിൽ നിർത്തുന്നത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതിയുള്ളതായി ആ സംഘം പോലും പറയുന്നില്ല. 

അന്വേഷണം തുടങ്ങി ഇരുപതാം ദിവസമാണ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ നഗരസഭാധ്യക്ഷയുടെ മൊഴി രേഖപ്പെടുത്തിയത്. ഭരണകക്ഷിയുടെ നേതാവാണ് ആരോപണവിധേയ എന്നതിനാൽ രാഷ്ട്രീയ സമ്മർദത്തിന്റെ സാധ്യത തള്ളാനാകില്ല. അതുകൊണ്ടുതന്നെ, പൊലീസ് നിഷ്പക്ഷമായി കേസ് അന്വേഷിക്കണമെന്നു മാത്രമല്ല, അതു നാടിനാകെ ബോധ്യപ്പെടുകയും വേണം. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുമുണ്ട്.

കണ്ണൂർ സിപിഎമ്മിലെ അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള ചേരിപ്പോര് സിപിഎം അനുഭാവി കൂടിയായ സാജന്റെ ആത്മഹത്യയ്ക്കു കാരണമായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഒടുവിൽ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗമാകട്ടെ, വിവാദവിഷയമായ ആന്തൂർ പ്രശ്നം ചർച്ചയ്ക്കെടുത്തതുപോലുമില്ല. 

ജീവിതത്തിലെ യൗവനകാലം മുഴുവൻ മറുനാട്ടിൽ ജോലിചെയ്തു സമ്പാദിച്ച തുകകൊണ്ടു നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാനെത്തുന്ന ഒരു പ്രവാസി വ്യവസായിക്കും ഇനി സാജന്റെ അനുഭവം ഉണ്ടായിക്കൂടാ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA