ADVERTISEMENT

രാത്രി തന്റെ വീടിന്റെ മുറ്റത്ത് ഒരു പാത്രത്തിലേക്കു തല കുമ്പിട്ടിരിക്കുകയാണ് അയാൾ. അതുവഴി വന്ന ഗുരു ചോദിച്ചു, താങ്കൾ എന്തെടുക്കുകയാണ്? അയാൾ പറഞ്ഞു, ഞാൻ പാത്രത്തിലെ ജലത്തിൽ കാണുന്ന ചന്ദ്രബിംബത്തെ ധ്യാനിക്കുകയാണ്. ഗുരു ചോദിച്ചു, കുനിഞ്ഞിരുന്ന് കഴുത്തൊടിഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾക്കു മുകളിലേക്കു നോക്കി ചന്ദ്രനെ നേരിട്ടു കണ്ട് ധ്യാനിച്ചുകൂടെ? 

പ്രതിബിംബങ്ങളല്ല പരമാർഥം. അവ ചില സാദൃശ്യങ്ങൾ മാത്രമാണ്. പ്രതിരൂപങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ പലപ്പോഴും അവയോടുള്ള ആരാധനയിൽ കൊണ്ടെത്തിക്കും. എന്തിനെയും അതിന്റെ പ്രതിഫലനങ്ങളിലൂടെയോ പ്രതിനിധികളിലൂടെയോ മാത്രം അറിയാൻ ശ്രമിക്കുന്നവർക്ക് യഥാർഥ സത്യത്തിൽ എത്തിച്ചേരാൻ കഴിയില്ല. ഈശ്വരനെ അറിയേണ്ടതും പ്രതിബിംബങ്ങളിലൂടെയല്ല. 

പ്രതിഫലിപ്പിക്കാനോ പ്രതിനിധാനം ചെയ്യാനോ ഉള്ള കഴിവിനനുസരിച്ചു മാത്രമാണ് ഓരോ ബിംബവും രൂപമെടുക്കുന്നത്. അതിന് ആദ്യമുള്ള ശേഷി പിന്നീട് ഉണ്ടാകണമെന്നില്ല. എപ്പോഴെങ്കിലും വൈമുഖ്യമോ വിരോധമോ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് അവർക്കും രൂപ–ഭാവ മാറ്റങ്ങൾ ഉണ്ടാകും. 

ഈശ്വരാന്വേഷണത്തിലെ ഏറ്റവും വലിയ പിഴവ് പ്രതിബിംബങ്ങളിൽ തട്ടിവീഴുന്നു എന്നതാണ്. കൈമാറ്റപ്പെടുന്ന സന്ദേശത്തിന്റെ മൗലികത, സന്ദേശവാഹകരുടെ യാഥാർഥ്യബോധത്തെയും വിനിമയശേഷിയെയും കൂടി ആശ്രയിച്ചാണു നിലകൊള്ളുന്നത്. തെറ്റായ ആളുകളിലൂടെ സത്യവും നീതിയും ഈശ്വരനും പങ്കുവയ്‌ക്കപ്പെട്ടാൽ അവയെല്ലാം വിരൂപ പ്രതിഫലനങ്ങൾ മാത്രമാകും. എന്തിനെയും അതിൽത്തന്നെ അറിയാനുള്ള ശ്രമമാണ് പരിപൂർണതയിലേക്കു നയിക്കുക. 

തെറ്റ് ഒരു ശീലമായാൽ, ആ തെറ്റു പിന്നെ ശരിയായി കണക്കാക്കപ്പെടും. അതിൽനിന്നു പുറത്തുപോകാനുള്ള താൽപര്യമോ യഥാർഥ ശരി കണ്ടെത്താനുള്ള കഴിവോ പിന്നെ ഉണ്ടാകില്ല. കുനിഞ്ഞുമാത്രം നടന്ന് കൂനുപിടിച്ചവർക്ക് നക്ഷത്രങ്ങൾ അപ്രാപ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com