ADVERTISEMENT

പാലക്കാട് – തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ നിർമാണം അനന്തമായി വൈകുന്നത് ഇനിയൊരു ദുരന്തത്തിന് ഇടയാവുമോ എന്ന ആശങ്ക നാടിനുണ്ട്. കേരളത്തിലെ ആദ്യ തുരങ്കപ്പാതയുടെ നിർമാണവും മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത വികസനവും വൈകുന്നതു ജനജീവിതത്തിനു ഭീഷണിയുയർത്തുന്നത് അധികൃതർ വേണ്ട ഗൗരവത്തിലെടുത്തിട്ടുണ്ടോ എന്നാണു സംശയം. കഴിഞ്ഞ ദിവസം കുതിരാൻ മലയിൽനിന്നു വൻ പാറക്കല്ല് ദേശീയപാതയിലേക്കു വീണത് കടുത്ത ഗതാഗതതടസ്സമുണ്ടാക്കിയെന്നു മാത്രമല്ല, ഈ വഴി പോകുന്ന യാത്രക്കാരെ ഭീതിയിലാഴ്ത്തുകയുമുണ്ടായി. 

കുതിരാൻ ഉൾപ്പെടുന്ന ദേശീയപാത, ഉത്തരേന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മധ്യകേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിന്റെ പ്രധാന റൂട്ടാണ്. ആയിരക്കണക്കിനു വാഹനങ്ങളും അതിലുമെത്രയോ കൂടുതൽ യാത്രക്കാരുമാണ് ഈ പാതയിലൂടെ രാവും പകലുമില്ലാതെ സഞ്ചരിക്കുന്നത്. വടക്കഞ്ചേരി – മണ്ണുത്തി വഴിയിൽ, 29 കിലോമീറ്റർ നീളത്തിലുള്ള ദേശീയപാതയുടെ നിർമാണ നടപടികൾ ഇഴയാൻ തുടങ്ങിയിട്ടു 19 വർഷത്തോളമായി.  

കുതിരാനിലെ ഇരട്ടത്തുരങ്ക നിർമാണം എന്നു തീരുമെന്നതിന് ഉത്തരം പറയാൻ ആർക്കും കഴിയുന്നില്ല. ഈ വർഷം ഡിസംബർ 31ന് അകം നിർമാണം പൂർത്തീകരിക്കുമെന്ന ഇപ്പോഴത്തെ ഉറപ്പ് യാഥാർഥ്യമാകാനും വഴിയില്ല. 827 കോടിയിൽ തീർക്കാനുദ്ദേശിച്ച, വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള ദേശീയപാത പദ്ധതി പൂർത്തീകരിക്കാൻ  1100 കോടിയെങ്കിലും വേണമെന്നാണു കണക്കാക്കുന്നത്. ഇങ്ങനെയാണു പണി ഇഴയുന്നതെങ്കിൽ ചെലവ് ഇനിയും കൂടുമെന്നു തീർച്ച. നിർമാണക്കമ്പനിയുടെ സാമ്പത്തികപ്രതിസന്ധിയാണു നിർമാണം വൈകാനുള്ള കാരണമായി പറയുന്നത്. ദേശീയപാതയിലെ കുതിരാൻ ഭാഗം അനാസ്ഥയുടെ കൊടിയടയാളമായി ഇങ്ങനെ തുടരുമ്പോൾ നമ്മുടെ വികസന കാഴ്ചപ്പാടുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. 

പാത നിർമാണം തുടങ്ങിയപ്പോൾതന്നെ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള മേഖലയിൽ ദുരിതവും  ആരംഭിച്ചിരുന്നു. മഴക്കാലമായാൽ ഗതാഗതക്കുരുക്കു വർധിക്കും. അഞ്ചും ആറും മണിക്കൂർ കുരുക്കുണ്ടായ ദിവസങ്ങളുണ്ട്. കെഎസ്ആർടിസിയും സ്വകാര്യബസുകളും പലപ്പോഴായി ഈ പാതയിൽ ഓട്ടം നിർത്തിയിരുന്നു. നിർമാണം നടക്കുന്ന റോഡിന്റെ കുഴികളിൽ വീണുള്ള അപകടത്തിൽപെട്ടു പലരും മരിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിൽപെട്ട്, സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ആംബുലൻസിൽ ജീവൻ പൊലിഞ്ഞവരുമുണ്ട്. 

പൂർത്തിയാകാത്ത തുരങ്കമുഖങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും പാറക്കല്ലുകൾ നിരങ്ങിവീഴാനുള്ള സാധ്യതയും നിലനിൽക്കുന്നു. പലതവണ തുരങ്കത്തിനോടു ചേർന്നു മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം മുപ്പതടിയോളം ഉയരത്തിൽ നിന്നാണു വൻ പാറക്കല്ലു വീണത്. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതുകൊണ്ടു വലിയ അപകടം ഒഴിവാകുകയായിരുന്നു. തുരങ്കനിർമാണ മേഖലയിൽ, കുതിരാൻ ക്ഷേത്രത്തിനു സമീപവും വഴുക്കമ്പാറ ഇറക്കത്തിലും മറ്റും ഇപ്പോഴും മലയിടിച്ചിൽ ഭീഷണിയുണ്ട്.

മരങ്ങളും കടപുഴകി വീഴാൻ നിൽക്കുകയാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നമ്പരിട്ടു വച്ചെങ്കിലും ദേശീയപാത അതോറിറ്റിയും വനംവകുപ്പും തമ്മിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ വീണ മണ്ണും മരങ്ങളും പോലും ഇപ്പോഴും നീക്കിയിട്ടില്ല. തുരങ്കത്തിന്റെ മുകളിൽ മണ്ണും പാറയും ഇടിഞ്ഞ സ്ഥലം ശാസ്ത്രീയമായി പുനർനിർമിക്കുന്നതിനു പകരം മണൽച്ചാക്കുകൾ അടുക്കിവയ്ക്കുകയാണെന്ന ആക്ഷേപവുമുണ്ട്. 

ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും വനംവകുപ്പിന്റെയും പ്രതിനിധികളുടെ അടിയന്തര യോഗം ചേർന്ന് പാതനിർമാണത്തിലെ പ്രശ്നങ്ങളും അപകടം ഒഴിവാക്കാനുള്ള വഴികളും ചർച്ച ചെയ്യേണ്ടതുണ്ട്. നിർമാണക്കമ്പനിയുടെ സാമ്പത്തികപ്രതിസന്ധി നിർമാണത്തെ ഇനിയും ബാധിച്ചുകൂടാ. ചെറുദൂരവുമായി ബന്ധപ്പെട്ട ഈ പ്രശ്നം ദേശീയപാതാദുരിതമായി തുടരാതിരിക്കാൻ കേന്ദ്രവും സംസ്ഥാനവും ഒത്തുചേർന്നുള്ള പരിഹാര നടപടികൾ ഉണ്ടാവുകതന്നെ വേണം. കുതിരാൻ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്നു ന്യൂഡൽഹിയിൽ വിളിച്ചുചേർത്തിട്ടുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണു നാടിന്റെ പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com