sections
MORE

ക്രീസിലെ ഹംസഗാനം; ധോണിയുടെ മടക്കം തൊണ്ടയിൽ ഇറുക്കമായി: എന്‍.എസ്. മാധവന്‍

dhoni-batting
മഹേന്ദ്ര സിങ് ധോണി
SHARE

ബിഹാറിൽ ലാലുപ്രസാദ് - റാബറി ദേവി ഭരണത്തിന്റെ അവസാന നാളുകളിൽ ക്രമസമാധാനം തകർച്ചയുടെ വക്കിലായിരുന്നു. കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചു. പട്ടണങ്ങൾ സന്ധ്യയ്ക്കുതന്നെ വിജനമായിരുന്നു. പത്രങ്ങൾ ബിഹാറിനെപ്പറ്റി പുറത്തു കൊണ്ടുവന്നിരുന്ന വിവരങ്ങൾ മിക്കതും മോശമായിരുന്നു. അതിലൊരു വ്യത്യാസം, ഒരു ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചുള്ള വാർത്തകളായിരുന്നു.1999ൽ ബിഹാറിനു വേണ്ടി കളിച്ചുതുടങ്ങിയ മഹേന്ദ്ര സിങ് ധോണി എന്ന യുവ ക്രിക്കറ്ററായിരുന്നു ആ സംസ്ഥാനത്തിൽനിന്നു പുറത്തുവന്ന ചുരുക്കം നല്ല വാർത്തകളിലൊന്ന്.

2000ൽ ബിഹാറിൽനിന്നു വേർപെട്ട് ജാർഖണ്ഡ് പിറന്നു. റാഞ്ചി സ്വദേശിയായ ധോണി ജാർഖണ്ഡിനു വേണ്ടി കളിക്കേണ്ടതായിരുന്നു, പക്ഷേ 2004വരെ ബിഹാർ ക്രിക്കറ്റ് അസോസിയേഷനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കാരണം, ആ വർഷമേ ബിസിസിഐ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നൽകിയുള്ളൂ. തുടർന്ന് ഉത്തരാഖണ്ഡിൽ വേരുകളുള്ള ഈ കളിക്കാരനെ ജാർഖണ്ഡ് ഏറ്റെടുത്തു. റാഞ്ചി വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോൾ പലപ്പോഴും ഡ്രൈവർമാർ വളഞ്ഞ വഴികളിലൂടെ യാത്രക്കാരെ കൊണ്ടുപോകും. എന്നിട്ട് പറയും, ഇവിടെയാണു ധോണി പഠിച്ചത്, ഇതാണു ധോണിയുടെ കളിസ്ഥലം... രാജ്യാന്തരതലത്തിൽ തന്നെ ധോണിയെപ്പോലെ വളരെ ചുരുക്കം കളിക്കാരേ ഒരു ജനതയുടെ മുഴുവൻ ഭാവനയെ കീഴടക്കിയിട്ടുള്ളൂ.

2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വിജയത്തിനാവശ്യമായ സിക്സറടിച്ച് നിശ്ചലമായ മുഖത്തോടെ പന്തിന്റെ പഥം നോക്കിനിൽക്കുന്ന ധോണിയെ മറക്കുന്നതെങ്ങനെ? ആരും പ്രതീക്ഷിക്കാത്ത ട്വന്റി 20 ലോകകപ്പ്, ചാംപ്യൻസ് ട്രോഫി... ധോണി ആരാധകർക്കു നൽകിയ ആനന്ദം ഒരു ഭാഗത്ത്. എങ്ങനെ സംഘർഷങ്ങളെ ഒരു ക്ഷോഭവും കൂടാതെ നേരിടണമെന്ന് രണ്ടു തലമുറകളിലെ കുട്ടികൾക്കു ധോണി നൽകിയ ജീവിതപാഠം മറുഭാഗത്ത്. വെറുമൊരു കളിക്കാരനായി മാത്രം അദ്ദേഹത്തെ കാണാനാവില്ല.

ന്യൂസീലൻഡിനോട് ഇന്ത്യ തോറ്റ സെമി ഫൈനൽ, ലോകകപ്പുകളിൽ ധോണിയുടെ അവസാനത്തെ കളിയാണെന്ന് എല്ലാവരെയും പോലെ അദ്ദേഹത്തിനും അറിയാമായിരുന്നു. അരയന്നങ്ങൾ ജീവൻ വെടിയുംമുൻപ് മനോഹരമായി പാടും എന്നൊരു പാശ്ചാത്യസങ്കൽപമുണ്ട്. തന്റെ ഹംസഗാനമാണു താൻ കളിക്കുന്ന ഇന്നിങ്സ് എന്നു ധോണിക്ക് അറിയാമായിരുന്നു. അക്ഷോഭ്യനായി പന്തുകൾ മുട്ടിക്കളിച്ചപ്പോഴും തുടർച്ചയായി കളിക്കാതെ വിട്ടപ്പോഴും ഒരു ഘടികാരം പോലെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബുദ്ധി ടിക് ടിക് എന്നു ചലിക്കുന്നുണ്ടായിരുന്നു.

ഈ കളിയിൽത്തന്നെ ആ ബുദ്ധിയുടെ ഒരു മിന്നൽ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ഇടത്തേ കൈകൊണ്ടു പന്തു തടുത്ത ഫീൽഡറെ ശ്രദ്ധിച്ച്, രണ്ടാമത്തെ റണ്ണിനു വേണ്ടി ഓടാനൊരുങ്ങിയ ജഡേജയെ  തടഞ്ഞുകൊണ്ട് ധോണി വിളിച്ചുപറഞ്ഞു, ‘അയാൾ ഇടംകയ്യനാണ്’. 

എന്തായിരുന്നു ധോണിയുടെ കണക്കുകൂട്ടൽ? അവസാനത്തെ 3 ഓവറുകളിലൊന്ന് ദുർബലനായ ഒരു ബൗളർ – നീഷമോ ഗ്രാൻഡ്ഹോമോ – എറിയേണ്ടി വരും. അപ്പോൾ തീർക്കാവുന്ന കണക്കേ ഉള്ളൂവെന്ന് അദ്ദേഹം ഉറപ്പിച്ചു. അപ്പോഴാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ധോണി റണ്ണൗട്ട് ആകുന്നത്. ഹംസഗാനം, പാടിത്തീരുന്നതിനു മുൻപ് നിലച്ചു. അവസാനത്തെ ഓവറിൽ വിജയം നേടുന്ന, ധോണി സാധ്യമാക്കിയിരുന്ന പരിണാമഗുപ്തി നടക്കാതെ പോയപ്പോൾ, അദ്ദേഹം സ്വാഭാവികമായി  പഴിക്കു പാത്രമായി. പവിലിയനിലേക്ക് ഇത്രയ്ക്കു ദൂരമുണ്ടെന്നു തോന്നിപ്പിച്ചത് ഔട്ടായതിനു ശേഷമുള്ള ധോണിയുടെ തിരിച്ചുനടത്തമാണ്. അസ്തമയത്തിലേക്കുള്ള ധോണിയുടെ യാത്ര തൊണ്ടയിൽ ഇറുക്കം അനുഭവിപ്പിച്ചു.

ലോകകപ്പ് 2019 ക്രിക്കറ്റ് സ്പെഷൽ >

assam
30 വർഷം ഇന്ത്യൻ ആർമിയിൽ പ്രവർത്തിച്ച ശേഷം പൗരത്വം നിഷേധിക്കപ്പെട്ട മുഹമ്മദ് സനാവുല്ല

എൻആർസി തുറക്കുന്ന പ്രശ്നങ്ങളുടെ ചെപ്പ്

ഈ മാസം 31–ാം തീയതി മുതൽ വലിയൊരു മഥനത്തിന് ഇന്ത്യ സാക്ഷിയാകാൻ പോകുകയാണ്. അന്നാണ് സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് അസമിൽ പൗരന്മാരുടെ ദേശീയ റജിസ്റ്റർ (നാഷനൽ റജിസ്റ്റർ ഓഫ് സിറ്റിസൺസ് - എൻആർസി) അന്തിമമായി പ്രസിദ്ധീകരിക്കുന്നത്. എൻആർസിയിൽ പേര് ഉൾപ്പെടുത്താൻ ഏകദേശം 3.29 കോടി ആളുകൾ അപേക്ഷിച്ചു. അവസാനത്തെ കരടുപട്ടിക 2018 ഡിസംബർ 31നു പ്രസിദ്ധീകരിച്ചപ്പോൾ അതിൽ 40 ലക്ഷം ആളുകൾ ഉൾപ്പെട്ടിരുന്നില്ല. 

എൻആർസി അധികൃതർ ജനനസ്ഥലം, വോട്ട് ചെയ്തതിനുള്ള തെളിവ്, വസ്തുവിന്റെ ആധാരങ്ങൾ തുടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാർ എന്നു പറയുന്നവരെ കണ്ടെത്തിയത്. പട്ടികയിൽ ഇടം നേടാത്തവർ നൽകിയ അപ്പീലുകളിൽ തീരുമാനമെടുത്ത് അന്തിമമായ പട്ടികയാണ് ജൂലൈ 31നു പുറത്തുവരുന്നത്. 

അന്തിമപട്ടികയിൽ 3.75 ലക്ഷത്തോളം ആളുകൾ കാണുകയില്ലെന്ന് ഇപ്പോൾത്തന്നെ ഉറപ്പാണ്. കാരണം, അത്രയും പേർ അപ്പീലിനു പോയിട്ടില്ല. ഇവരെയും ഇനി കണ്ടെത്താനിരിക്കുന്നവരെയും ബംഗ്ലദേശ് തിരിച്ചു സ്വീകരിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്ന സ്ഥിതിക്ക് പലപ്പോഴും അധികൃതർക്ക് ആവശ്യമായ രേഖകൾ കണ്ടെത്താൻ പാവങ്ങൾ നന്നേ ബുദ്ധിമുട്ടും. 

അന്തിമപട്ടികയിൽ പേരില്ലെങ്കിൽ, പുതുതായി സ്ഥാപിക്കുന്ന 200 അപ്പലേറ്റ് ട്രൈബ്യൂണലുകളിൽ വീണ്ടും പരാതിപ്പെടാം. ഇതിനാവശ്യമായ നിയമപരിജ്ഞാനമോ വക്കീലിനെ വച്ചു വാദിക്കാനുള്ള ശേഷിയോ ഇല്ലാത്ത പാവങ്ങൾക്ക് വീണ്ടും എൻആർസി ഊരാക്കുടുക്കാവും. 

ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റം അസം രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ തുടങ്ങിയിട്ട് ദശകങ്ങൾ പിന്നിടുന്നു. നിലവിൽ അസം പൊലീസിന്റെ ബോർഡർ വിഭാഗം, വിദേശികൾക്കായുള്ള ട്രൈബ്യൂണൽ എന്നിവ സംശയാസ്പദമായ പൗരത്വമുള്ളവരെ കണ്ടെത്തി തടവിൽ വയ്ക്കാൻ അധികാരമുള്ളവരാണ്. എന്നാൽ, ഇവരുടെ ഇതുവരെയുള്ള പ്രവർത്തനം വല്ലാതെ ആശങ്കയുയർത്തുന്നു. 

ഇന്ത്യ മുഴുവൻ അറിയപ്പെട്ട, തടങ്കൽ ക്യാംപിൽ പാർപ്പിച്ച മുഹമ്മദ് സനാവുല്ലയുടെ കഥതന്നെ എടുക്കുക. 30 വർഷം ഇന്ത്യൻ ആർമിയിൽ പ്രവർത്തിച്ചയാളുടെ പൗരത്വമാണു നിഷേധിക്കപ്പെട്ടത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ആധാരമാക്കിയ രേഖകൾ വ്യാജമാണെന്ന് അസമിലെ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 

വിദേശിയാണെന്ന് ആരോപിച്ച് 3 വർഷം തുറുങ്കിലടച്ച മധുബാല മണ്ഡലിന്റെ കഥയും വിചിത്രമാണ്; പൊലീസിനു വേണ്ടിയിരുന്നത് ഒരു മധുമാല ദാസിനെയായിരുന്നു! ആളുമാറി തടങ്കലിൽ കിടക്കേണ്ടിവന്ന രംഗ്‌മാല സർക്കാരിന്റേതടക്കം, വിദേശികളെ കണ്ടെത്തുന്ന ‘അഭ്യാസത്തിൽ’ പുറത്തുവന്ന പല ഭീകര കഥകളുമുണ്ട്. 

സങ്കീർണമായ പ്രശ്നങ്ങളുടെ ചെപ്പാണ് എൻആർസിയുടെ അന്തിമപട്ടിക തുറക്കാൻ പോകുന്നത്. വിശ്വവ്യാപകമായി അഭയാർഥിപ്രശ്നം ചർച്ചാവിഷയമായിരിക്കുന്ന സ്ഥിതിക്ക് ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ലോകശ്രദ്ധ ആകർഷിക്കും. ഇടുങ്ങിയ രാഷ്ട്രീയനേട്ടങ്ങൾക്കപ്പുറം ഏറ്റവും മനുഷ്യത്വപരമായ സമീപനമാണ് ഈ പ്രശ്നം ആവശ്യപ്പെടുന്നത്. 

സ്കോർപ്പിയൺ കിക്ക്: അടുത്ത പത്തു ദിവസത്തിനകം മഴ പെയ്തില്ലെങ്കിൽ പവർ കട്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വൈദ്യുതി എത്തിക്കാൻ കമ്പിയുമില്ലെന്ന് മന്ത്രി എം.എം.മണി.

കമ്പി പെട്ടെന്നു വച്ചൂടെ? വൺ ടൂ ത്രീ... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA