sections
MORE

പൊലീസ് തകർക്കരുത് സർക്കാരിന്റെ പ്രതിഛായ: കാനം രാജേന്ദ്രൻ

  • സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരസ്യവിമർശനം തെറ്റ്
kanam-rajendran
കാനം രാജേന്ദ്രൻ
SHARE

ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാനം രാജേന്ദ്രൻ ഇപ്പോൾ സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ സൂക്ഷ്മതയോടെ.സിപിഎമ്മുമായി അദ്ദേഹം സന്ധിയായോ എന്നു ചോദിക്കുന്നവരുണ്ട്. അതേസമയം, ഇടതുപക്ഷ സമീപനങ്ങളിൽനിന്നു സർക്കാർ പാടേ തെന്നിനീങ്ങിയാൽ അക്കാര്യം ചൂണ്ടിക്കാട്ടാൻ അദ്ദേഹം മടിക്കുന്നുമില്ല. കസ്റ്റഡിമരണം അടക്കമുള്ള വിവാദങ്ങളെക്കുറിച്ച് കാനം രാജേന്ദ്രൻ ‘മനോരമ’യോട്

നെടുങ്കണ്ടം കസ്റ്റഡിമരണമാണു വാർത്തകളിൽ. പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ പ്രതിഷേധ മാർച്ച് നടത്തുകയും മുഖ്യമന്ത്രിക്കെതിരെ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഇതിനെ എങ്ങനെ
കാണുന്നു
.

കുമാറിനെ കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്നുള്ള വിശദാംശങ്ങളെല്ലാം എസ്പി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്ന വികാരമാണ് ജൂൺ മൂന്നിനു ചേർന്ന ഇടുക്കി ജില്ലാ കമ്മിറ്റിയിലുണ്ടായത്. പ്രാദേശികമായി ഇത്തരം പ്രശ്നങ്ങൾ ഉയരുമ്പോൾ, ഭരണകക്ഷിയാണെങ്കിലും നമ്മുടെ പരിമിതിക്കുള്ളിൽ‍നിന്ന് അഭിപ്രായം വ്യക്തമാക്കണമെന്ന അവരുടെ നിർദേശം പിറ്റേന്നു നടന്ന സംസ്ഥാന നിർവാഹകസമിതി അംഗീകരിച്ചു.

കൊലപാതകത്തെ നിയമസഭയിൽ ഇതിനിടെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കുകയും കമ്മിഷനെ നിശ്ചയിക്കുകയും ചെയ്തു. ഇതോടെ, ഇടുക്കിയിലെ പാർട്ടി നേതൃത്വം മൂന്നിന് എടുത്ത തീരുമാനത്തിനു പഴയ പ്രസക്തി വരുന്നില്ലെങ്കിലും പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് അവർ സംഘടിപ്പിച്ചു. പക്ഷേ, അതിലെ പ്രസംഗങ്ങൾ അങ്ങനെ വേണ്ടിയിരുന്നില്ല എന്നാണു ഞങ്ങളുടെ അഭിപ്രായം. പൊലീസിനെ വിമർശിക്കുന്നതു മനസ്സിലാക്കാം. എന്നാൽ, അതു മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും സർക്കാരിന്റെയും കുറ്റമാണെന്നു പറയുന്നതു ശരിയല്ല.

കെ.കെ.ശിവരാമൻ അച്ചടക്കലംഘനം നടത്തി എന്നാണോ. അദ്ദേഹത്തിനെതിരെ നടപടിക്കാണോ തുനിയുന്നത്.

സംഭവിച്ചതു തെറ്റാണെന്നു മനസ്സിലാക്കി തുടർനടപടികൾ സ്വീകരിച്ച സർക്കാരിനെയും മുഖ്യമന്ത്രിയെയും പരസ്യമായി വിമർശിച്ചതിൽ പിഴവുണ്ടായിട്ടുണ്ട്. അതു പാർട്ടി ചൂണ്ടിക്കാട്ടുന്നത് കൊലപാതകത്തെ ന്യായീകരിക്കാനല്ല. സർക്കാരിനെ വെള്ളപൂശാനുമല്ല. സംഭവങ്ങളോടുള്ള സമീപനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണം. അച്ചടക്ക നടപടിയല്ല; ഔചിത്യത്തോടെ പെരുമാറുകയാണു വേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയാണു ചെയ്തത്.

പൊലീസിൽ ഭരണനേതൃത്വത്തിന്റെ നിയന്ത്രണം കുറഞ്ഞുവരികയും അവരുടെ നടപടികൾ സർക്കാരിനു നിരന്തരം തലവേദനയാകുകയും ചെയ്യുന്നില്ലേ.

ലോക്കപ്പ് മർദനവും മൂന്നാംമുറയും ഒഴിവാക്കണം എന്നത് 1957ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലം മുതലുള്ള ഉറച്ച നിലപാടാണ്. സർക്കുലറുകളും നിർദേശങ്ങളുമായി അത് ആവർത്തിക്കപ്പെടുന്നുമുണ്ട്. പക്ഷേ, ചിലർ അനുസരിക്കുന്നില്ല. അത് അച്ചടക്കമുള്ള ഒരു സേനയ്ക്കു ചേർന്നതല്ല. അക്കാര്യത്തിൽ കർശന നടപടി വേണം.

മർദനവും ഉരുട്ടിക്കൊലയും നടത്തുന്നത് നാലോ അഞ്ചോ പൊലീസുകാരാണെങ്കിലും അത് സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും. എത്ര നല്ല കാര്യം ചെയ്താലും ഇത്തരമൊരു സംഭവമുണ്ടായാൽ ചെയ്തതെല്ലാം അപ്രത്യക്ഷമാകില്ലേ?

ഇതെല്ലാം പൊലീസിലെ അച്ചടക്കരാഹിത്യമാണ്, സർക്കാരിന്റെ വീഴ്ചയല്ല എന്നാണോ.

മുഖ്യമന്ത്രിയും സർക്കാരും നടപ്പാക്കുന്നത് എൽഡിഎഫിന്റെ നയമാണ്. അതൊരിക്കലും ലോക്കപ്പ് മർദനത്തിന് അനുകൂലമല്ല. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത് അതുകൊണ്ടാണ്.

പൊലീസിലെ അച്ചടക്കം ഉറപ്പാക്കുന്നതിൽ ഡിജിപിക്ക് ഉത്തരവാദിത്തമില്ലേ.

അവർ സർക്കാർ നിർദേശം താഴേക്ക് എത്തിക്കുന്ന ചുമതല പരമ്പരാഗതമായ രീതിയിൽ ചെയ്യുന്നുണ്ടാകും. എന്നാൽ, പൊലീസിന്റെ നടപടികൾ കുറച്ചുകൂടി നിരീക്ഷിക്കാനും ശക്തമായ നിലപാടു സ്വീകരിക്കാനും ഡിജിപി തയാറാകേണ്ടതുണ്ട്.

മന്ത്രി എം.എം.മണിയുടെ സംരക്ഷണത്തിലാണ് അവിടെ പൊലീസിന്റെ തേർവാഴ്ച എന്നാണു പ്രതിപക്ഷം ആരോപിച്ചത്.

നിയമസഭയിൽ മുഖ്യമന്ത്രിതന്നെ പരസ്യമായി പൊലീസിനെ അപലപിച്ചശേഷം, അതേ മന്ത്രിസഭയിലെ അംഗം ഇതിനെ ന്യായീകരിക്കുന്നത് ഉചിതമായ നടപടിയാണോ എന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്. പക്ഷേ, പൊലീസിനെ മന്ത്രി മണി കുറ്റപ്പെടുത്തുന്നത് കഴിഞ്ഞദിവസം കണ്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രതികരണശൈലി ഇക്കാര്യത്തിലും വിവാദവിഷയമായി.

അദ്ദേഹം പച്ചമനുഷ്യനാണ്. അപ്പോൾ, സംസ്കൃതചിത്തനായ മനുഷ്യന്റെ പ്രതികരണമായിരിക്കില്ല ചിലപ്പോൾ ഉണ്ടാകുക. അതൊക്കെ പരിശോധിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

പൊലീസിനു മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കത്തെ സിപിഐ എതിർത്തിരുന്നു. ആ തീരുമാനം മരവിപ്പിച്ചോ.

അക്കാര്യത്തിൽ സിപിഐക്കുള്ള വിയോജിപ്പ് വ്യക്തമായി മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. അത് ആഭ്യന്തരവകുപ്പു മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. എൽഡിഎഫിൽ ചർച്ച ചെയ്യണം. നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടുന്നുവെന്ന പൊതു മാനദണ്ഡം കൊച്ചിക്കും തിരുവനന്തപുരത്തിനും ബാധകമല്ല. കേരളത്തിലെ ക്രമസമാധാനസ്ഥിതി വളരെ മെച്ചമാണ്. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും, പൊലീസിനെ ഭരണകൂടത്തിന്റെ മർദനോപകരണമായാണ് ഇടതുപക്ഷം കാണുന്നത്. ആ മർദനോപകരണത്തിന് അനിയന്ത്രിതമായി അധികാരം നൽകുന്നത് ഇടതുപക്ഷ കാഴ്ചപ്പാടിനു ചേരുന്നതല്ല.

ഇടതു കാഴ്ചപ്പാടിനു ചേരാത്ത നടപടികൾക്കു മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഉപദേശകരാണോ.

ഉപദേശകർക്കും ഉദ്യോഗസ്ഥർ‍ക്കും കൂടുതൽ അധികാരം ലഭിക്കാനുള്ള ആഗ്രഹം കാണും. പക്ഷേ, രാഷ്ട്രീയനേതൃത്വത്തിന് അത് അംഗീകരിക്കാൻ സാധിക്കില്ല. യുഎപിഎയുടെ കാര്യത്തിൽ ശക്തമായ വിമർശനം നേരത്തേ ഞങ്ങൾ ഉന്നയിച്ചതും അതുകൊണ്ടാണ്.

ചീഫ് വിപ് പദവി സിപിഐ ഏറ്റെടുത്തപ്പോൾ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നല്ലോ. പാർലമെന്ററി കാര്യ മന്ത്രിയുള്ളപ്പോൾ ഈ പദവിക്ക് എന്താണു പ്രസക്തി.

മന്ത്രിമാരുടെ എല്ലാ സൗകര്യങ്ങളും കാബിനറ്റ് റാങ്കുള്ളപ്പോൾ ചീഫ് വിപ്പിനു വേണമെങ്കിൽ സ്വീകരിക്കാം. എന്നാൽ, പരമാവധി 13–14 പേരേ പഴ്സനൽ സ്റ്റാഫിലുണ്ടാകൂ. ഔദ്യോഗികവസതി വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വിമർശനങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ടു പോകാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. പാർലമെന്ററികാര്യ മന്ത്രിയും ചീഫ് വിപ്പും തമ്മിലെ ജോലിവിഭജനത്തിന്റെ കാര്യത്തിൽ പരിശോധനകൾ വേണ്ടിവരും.

തിരുത്തൽശക്തിയായി കരുതിപ്പോന്ന കാനം രാജേന്ദ്രന് ഇപ്പോൾ സിപിഎമ്മിനോടും സർക്കാരിനോടും മൃദുമനോഭാവമായോ.

തിരുത്തൽശക്തി എന്നതു നിങ്ങൾ എന്റെമേൽ ആരോപിച്ച ഒരു പദവിയാണ്. ഇടതുപക്ഷ സമീപനങ്ങളിൽനിന്നു മാറി സർക്കാർ സ്വീകരിക്കുന്ന നടപടികളെ മാത്രമേ ഞാൻ ചോദ്യം ചെയ്തിട്ടുള്ളൂ. സിപിഎമ്മിനോടു സിപിഐക്കുള്ള വിരോധം കൊണ്ടാണ് ഞാൻ പറയുന്നത് എന്നു ധരിച്ചുള്ള വ്യാഖ്യാനമാണു മാധ്യമങ്ങൾ നൽകിയത്. ദിവസവും രാവിലെ സിപിഎമ്മിനെതിരെ എന്തെങ്കിലും പറഞ്ഞാലേ ശരിയാകൂവെന്ന വിശ്വാസം ഞങ്ങൾക്കില്ല. കൂടുതൽ യോജിപ്പാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്.

കമ്യൂണിസ്റ്റ് പാർട്ടികളിൽ നേതൃദാരിദ്ര്യമുണ്ടെന്നും പുറത്തുള്ളവരെ ആകർഷിക്കാൻ നേതാക്കൾക്കു കഴിയുന്നില്ലെന്നും സി.ദിവാകരൻ പറഞ്ഞതിനെക്കുറിച്ച്...

അതു ദിവാകരൻ വളരെ ആലോചിച്ചുറച്ചു പറഞ്ഞതാണെന്നൊന്നും കരുതുന്നില്ല. പാർട്ടിക്കു പുറത്ത് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാവ് എന്നതെല്ലാം പഴയ സങ്കൽപമാണ്. പുതിയ കാലഘട്ടത്തിനനുസരിച്ചു നേതാക്കന്മാരും കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുക എന്നതാണ് ഇപ്പോൾ അഭികാമ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA