sections
MORE

ഡൽഹിയിലിരുന്ന് കേരളത്തെ വളർത്താനുള്ള വഴികൾ

sampath-balagopal
എ. സമ്പത്ത്, കെ.എൻ. ബാലഗോപാൽ
SHARE

വാദിച്ചു കാര്യങ്ങൾ നേടാൻ കഴിവുള്ള രണ്ടു പേരാണ് കെ.എൻ.ബാലഗോപാലും എ. സമ്പത്തും. സമ്പത്ത് ലോക്സഭയിലും, ബാലഗോപാൽ രാജ്യസഭയിലും മികച്ച പോരാളികളായിരുന്നു. എന്നിട്ടും ഇത്തവണ ഇരുവരും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ല. ഇവരിലൊരാളെ ഡൽഹിയിൽ കേരളത്തിന്റെ രാഷ്ട്രീയ പ്രതിനിധിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. കേരളത്തിന്റെ ആവശ്യങ്ങൾക്കുള്ള സഹായങ്ങളും പദ്ധതികളും നേടിയെടുക്കുകയാണ് ഉദ്ദേശ്യം.

ആശയം പുതിയതല്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആലോചിച്ചു തുടങ്ങിയപ്പോൾതന്നെ ഉപേക്ഷിക്കേണ്ടിവന്നു. ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയ നേതാവ് സ്വയം പ്രഖ്യാപിച്ചു, തന്നെയാണ് നിയമിക്കുന്നതെന്ന്. കോൺഗ്രസിന്റെ സ്വഭാവമനുസരിച്ച്, ഒരു പദ്ധതി ഇല്ലാതാവാൻ അതു ധാരാളം മതി. തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ക്യാബിനറ്റ് പദവിയുള്ള രാഷ്ട്രീയ പദവിയുള്ള പ്രതിനിധികൾ ഡൽഹിയിലുണ്ട്.

സംസ്ഥാന സർ‍ക്കാർ നിയമിക്കാതെ കേരളത്തിന്റെ താൽപര്യങ്ങൾ മനസിലുള്ള പല രാഷ്ട്രീയ നേതാക്കളും ഡൽഹിയിലുണ്ട്:

∙സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, മുൻ മന്ത്രികൂടിയായ എം.എ.ബേബി

∙സിപിഎം കേന്ദ്ര കമ്മിറ്റിയിലുള്ള സി.ആർ.സിന്ധു, വിജു കൃഷ്ണൻ, 

∙മുൻ മന്ത്രിയും സിപിഐ ദേശീയ സെക്രട്ടറിയുമായ രാജ്യസഭാംഗം ബിനോയ് വിശ്വം, സിപിഐ ദേശീയ നിർവാഹക സമിതിയംഗം ആനി രാജ.

∙പ്രതിപക്ഷത്തുനിന്നാണെങ്കിൽ, മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി, മുൻ മന്ത്രി പി.സി.ചാക്കോ

∙എൽഡിഎഫിൽനിന്നു യുഡിഎഫിലേക്കു പോയ ഫോർവേർഡ് ബ്ളോക്കിന്റെ ദേശീയ സെക്രട്ടറി ജി.ദേവരാജൻ

∙ദേശീയ ഭരണപക്ഷത്ത് കേന്ദ്ര വിദേശകാര്യ,പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ‍, ബിജെപി ദേശീയ ആസ്ഥാനത്ത് പരിശീലന–പ്രസിദ്ധീകരണ വിഭാഗങ്ങളുടെ ചുക്കാൻ പിടിക്കുന്ന ആർ.ബാലശങ്കർ 

∙ലോക്സഭയിൽ വയനാടിനെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി

സിപിഎമ്മിന്റെയല്ല, സംസ്ഥാനത്തിന്റെ താൽപര്യത്തിനായി പ്രവർത്തിക്കേണ്ടവരാണ് – എങ്കിലും, പ്രതിപക്ഷ പാർട്ടികളിലുള്ളവരെ ആ ദൗത്യത്തിനു നിയോഗിക്കാൻ തക്ക വിശാല മനസ് പ്രതീക്ഷിക്കാനാവില്ല. മുൻമന്ത്രിമാരിൽ എം.എ.ബേബി, മുൻ എംപിയുമാണ്. ബിനോയ് നിലവിൽ എംപി. ഇരുവരും പോര എന്നു കരുതാൻ സർക്കാരിനും പാർട്ടിക്കും അതതിന്റേതായ കാരണങ്ങളുണ്ടാവാം.

രാഷ്ട്രീയ പ്രതിനിധി ഉണ്ടെങ്കിലേ ഡൽഹിയിൽനിന്നു കാര്യങ്ങൾ നേടാനാവൂ എന്നു സംസ്ഥാന സർക്കാർ തീരുമാനിക്കുമ്പോൾ, പരോക്ഷമായി ചില കാര്യങ്ങൾ സമ്മതിക്കുന്നു: ഉദ്യോഗസ്ഥ സംവിധാനം പരാജയമാണ്; കേരള ഹൗസിലെ റസി‍ഡന്റ് കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ നടപടികൾ ഫലപ്രദമല്ല. കേന്ദ്ര കമ്മിറ്റിക്കു വരുന്നവരും അല്ലാത്തവരുമായ സംസ്ഥാന മന്ത്രിമാർ ഡൽഹിയിലെത്തി നൽകുന്ന നിവേദനങ്ങൾ പലപ്പോഴും ഫോളോ അപ്പ് ഇല്ലാത്തതിനാൽ ഫലം കാണുന്നില്ല. 

ഡൽഹിയിൽനിന്ന് പദ്ധതികൾ നേടുന്നതിന് മനസുവച്ചാൽ ഫലം കാണുമെന്നതിന് എടുത്തുപറയേണ്ട ഉദാഹരണമാണ് കിൻഫ്രയുടെ മേധാവിയായിരുന്ന ഡോ.ജി.സി.ഗോപാലപിള്ള. എത്രയോ തവണ അദ്ദേഹം വിവിധ മന്ത്രാലയങ്ങളിൽ കയറിയിറങ്ങി നടന്ന്, കേരളത്തിലെ ഐഎഎഎസുകാരുടെ പിന്തുണ ഇല്ലാതെതന്നെ എത്രയോ തവണ വിവിധ പദ്ധതികളും ധനസഹായങ്ങളും നേടിയെടുത്തു. ഡിഫൻസ് പാർക്ക് ഉൾപ്പെടെ. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടെങ്കിൽ മാത്രമേ ഫലമുണ്ടാകൂ എന്ന വിചാരത്തിന് അദ്ദേഹം അപവാദമായി.

എത്ര വലിയ രാഷ്ട്രീയ ഇടപെടലുണ്ടായാലും, കേന്ദ്രം മനസുവച്ചാൽ മാത്രമേ കേരളത്തിന് പദ്ധതികൾ ലഭിക്കൂ എന്നതിന് ഉദാഹരണമാണ് കൊച്ചി മെട്രോ റയിൽ പദ്ധതി. വിഎസ് സർക്കാരിന്റെ കാലത്ത് അതു സംഭവിക്കാൻ പാടില്ലെന്ന് നിർബന്ധമുള്ള പലരുമുണ്ടായിരുന്നു. തമ്പാൻ തോമസാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചതെങ്കിലും, കായംകുളം താപനിലയ പദ്ധതിയുടെ ക്രെഡിറ്റ് തങ്ങൾക്കുവേണമെന്ന നിർബന്ധബുദ്ധിയോടെ ഇടപെട്ട് കോൺഗ്രസുകാരും ചരിത്രത്തിന്റെ ഭാഗമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നല്ല ബന്ധമാണെന്ന കഥയും, രാഷ്ട്രീയ പ്രതിയോഗികളെന്ന പേരിൽ ഒരു സംസ്ഥാനത്തെയും അവഗണിക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും നിലവിലുണ്ട്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ 5000 ശതമാനമായും പ്രധാനമന്ത്രിയായശേഷം നാലിരട്ടിയായും അദാനിയുടെ ആസ്തി വർധിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി ഏതാനും ദിവസത്തിനുശേഷമാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്കു നൽകുന്നതിനെതിരെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ കണ്ടു വാദിച്ചത്.

കേരളത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ, രാഷ്ട്രീയ ഇടപെടലിനൊപ്പം വേണ്ടത് , ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ആത്മാർഥമായ പിന്തുണയാണ്. അല്ലാതെ, ഉദ്യോഗസ്ഥരെ അനാസ്ഥക്കാരായി മാറ്റി നിർത്തിയിട്ടു കാര്യമില്ല. കേരളത്തിന്റെ ആവശ്യങ്ങളിൽ സവിശേഷ താൽപര്യമുള്ളവർ റസിഡന്റ് കമ്മിഷണർസ്ഥാനത്തു നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലുൾപ്പെടെ അതിനുള്ള നടപടികളുണ്ടാവണം. ഉദ്യോഗസ്ഥരെക്കുറിച്ചു പറയുമ്പോൾ ഒാർക്കുന്നത്, ഏതാനും വർഷം മുൻപ്, ഇന്ത്യ–ബ്രസീൽ–സൗത്ത് ആഫ്രിക്ക (ഇബ്സ) ഉച്ചകോടിയിൽ, ജൊഹാനസ്ബർഗിൽവച്ച് ബ്രസീലിന്റെ നേതാവ് ലുല നടത്തിയ പരാമർശമാണ്: ‘‘ഉദ്യോഗസ്ഥ സംവിധാനമെന്നത് പഴയ റെയിൽവെ സ്റ്റേഷൻ പോലെയാണ്. നമ്മൾ രാഷ്ട്രീയ നേതാക്കൾ ട്രെയിനുകളാണ്. നമ്മൾ വലിയ ബഹളമുണ്ടാക്കി കടന്നുവരും, പോകും, സ്റ്റേഷൻ അചഞ്ചലമായി അവിടെ നിൽക്കും.അവരുടെ സഹകരണില്ലെങ്കിൽ എന്തു തീരുമാനമെടുത്തിട്ടും കാര്യമില്ല.’’കേരളം വളരണമെന്നും വികസിക്കണമെന്നും എല്ലാ കേരളീയരെയുംപോലെ എൽഡിഎഫ് സർക്കാരിനും ആത്മാർഥമായ ആഗ്രഹമുണ്ട്. അതേ താൽപര്യം കേന്ദ്ര സർക്കാരും പങ്കുവച്ചാൽ മാത്രമേ കാര്യമുള്ളു. അല്ലാത്തപ്പോൾ, മുൻ എംപിമാരും ഡൽഹിയിൽ ഇടപെടാൻ തക്ക സൗഹൃദങ്ങളുള്ളവരുമായ സമ്പത്തോ ബാലഗോപാലോ അല്ല, മുഖ്യമന്ത്രിതന്നെ ഡൽഹിയിൽ താമസിച്ച് കാര്യങ്ങൾ നീക്കാമെന്നു വിചാരിച്ചാലും നടപ്പില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA