ADVERTISEMENT

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്ത തന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണു കർണാടകയിലും  ഗോവയിലും കൈവിട്ടാടുന്നത്. നമ്മുടെ അധികാര രാഷ്ട്രീയത്തിന്റെ അധാർമിക പതനം നിർലജ്ജം വെളിപ്പെടുത്തുന്നതാണ് ഈ സംസ്ഥാനങ്ങളിലുണ്ടാവുന്ന നാടകീയ സംഭവങ്ങൾ.  

ഏഷ്യൻ ഭൂഖണ്ഡത്തിൽ പല രാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങൾ തകർന്നുപോയപ്പോഴും നമ്മുടെ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നതിനു രാജ്യം കടപ്പെട്ടിരിക്കുന്നത് ദീർഘവീക്ഷണത്തോടെ ഭരണഘടന തയാറാക്കിയ അന്നത്തെ നേതൃസമൂഹത്തോടാണ്. മുഖ്യമായും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഈ നിയമസംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നുവെന്നത് സ്‌ഥാപകനേതാക്കളുടെ സൂക്ഷ്‌മതയും ധർമബോധവും വിളിച്ചറിയിക്കുന്നു. പക്ഷേ, പല സംസ്ഥാനങ്ങളിലും സമീപകാലത്തു നടക്കുന്ന രാഷ്‌ട്രീയ നാടകങ്ങൾ രാജ്യം പെരുമകൊള്ളുന്ന ജനാധിപത്യമൂല്യങ്ങളെത്തന്നെ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കുകയാണ്.

ജനാധിപത്യത്തെ തോൽപിക്കാനുള്ള തുടർച്ചയായ മത്സരമാണു കർണാടകയിൽ കാണുന്നത്. അധികാരക്കസേരയ്ക്കു വേണ്ടിയുള്ള ധനാധിപത്യത്തിന്റെ മലീമസകഥകളിലൂടെയാണ് കുറെ വർഷങ്ങളായി ആ സംസ്ഥാന രാഷ്‌ട്രീയം ജനശ്രദ്ധ നേടുന്നത്. ജനപ്രതിനിധികളുടെ ധനാർത്തിയെക്കുറിച്ചും അഴിമതിയെക്കുറിച്ചും ജാതിരാഷ്‌ട്രീയത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണകളുടെ അളവുകോൽതന്നെ കർണാടകയിലെ നേതാക്കൾ മാറ്റിവരച്ചുകൊണ്ടിരിക്കുന്നു. 

വിമതരുടെ കൂട്ടരാജിയെത്തുടർന്ന് കർണാടകയിലെ കോൺഗ്രസ് – ജനതാദൾ (എസ്) സർക്കാർ കടുത്ത അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണിപ്പോൾ. ഗോവയിലെ നാൽപതംഗ നിയമസഭയിലാവട്ടെ, കോൺഗ്രസിന്റെ 15 എംഎ‌ൽഎ‌മാരിൽ 10 പേരും ഭരണകക്ഷിയായ ബിജെപിയിലേക്കു കൂറുമാറിയതോടെ അവിടെയും കോൺഗ്രസ് വൻ പ്രതിസന്ധിയിലാണ്. ബിജെപിയുടെ ‘ചാക്കിടൽ തന്ത്രം’ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്നുവെന്നാണു പരാതി. ഇതരകക്ഷികളിൽ നിന്നുള്ള നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ‘പ്രായോഗിക’ രാഷ്ട്രീയത്തിൽ പരക്കെ വിയോജിപ്പ് ഉയരുന്നുമുണ്ട്.

റിസോർട്ടുകളിൽ ഒളിക്കുന്ന ജനപ്രതിനിധികൾ തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളിൽനിന്നുകൂടിയല്ലേ ഒളിച്ചോടുന്നത്? കൂറുമാറ്റത്തിനായി ഏതു മാർഗവും പ്രയോഗിക്കുന്നവർ മാത്രമല്ല, അതിൽനിന്നു രക്ഷപ്പെടാൻ തങ്ങളുടെ അംഗങ്ങളെ ഇങ്ങനെ ഒളിപ്പിക്കേണ്ടിവരുന്നവരും ഈ അപചയത്തിൽ പങ്കാളികളാണെന്നു പറയാതെവയ്യ. കൂറുമാറ്റവും കാലുമാറ്റവും അപമാനമായി കാണാത്ത രാഷ്ട്രീയക്കാരുടെ ‘സുവർണകാല’മാണ് ഇതെന്നാണ് ഏറ്റവുമൊടുവിൽ കർണാടകയും ഗോവയും വ്യക്തമാക്കുന്നത്. 

ഈ സംസ്ഥാനങ്ങളിൽ ഒരുകൂട്ടം എംഎൽഎമാർ പാർട്ടിയെ കൈവിട്ടതിനു പിന്നാലെ, മധ്യപ്രദേശിലും രാജസ്ഥാനിലും  കോൺഗ്രസ് ആശങ്കയിലാണ്. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകളെ കൂറുമാറ്റത്തിലൂടെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ മുൻകരുതലുകൾ സ്വീകരിക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകി. ആന്ധ്രപ്രദേശിൽ തെലുങ്കുദേശവും ബംഗാളിൽ തൃണമൂൽ കോൺഗ്രസും കൂറുമാറ്റ ഭീഷണി നേരിടുകയാണ്. 

അധാർമികരാഷ്ട്രീയത്തിന്റെ വേരോട്ടം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. പാർട്ടികളുടെ ആദർശവും ആശയവുമെല്ലാം പണാധിപത്യത്തിന് അടിയറവയ്‌ക്കുന്നതോടെ ഭരണവും ജനാധിപത്യവും ദുർബലമാകുമെന്നതിൽ സംശയമില്ല. വിശ്വസിച്ചു വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ തങ്ങളുടെ ആർത്തികൊണ്ടും മറുകണ്ടം ചാടൽകൊണ്ടും തോൽപിക്കുകയല്ലേ ഇത്തരക്കാർ ചെയ്യുന്നത്? 

രാജീവ് ഗാന്ധി സർക്കാർ 1985ൽ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. ഏറ്റവും ലജ്‌ജാകരമായ കുതിരക്കച്ചവടവും കൂറുമാറ്റവും ഇപ്പോഴും നിയമത്തിലെ പഴുതുകൾ ദുരുപയോഗപ്പെടുത്തി നിർബാധം തുടരുന്നതിന് ഇനിയെങ്കിലും അറുതിവരുത്തിയേതീരൂ. പണത്തിനും ആർത്തിക്കും മുന്നിൽ ജനാധിപത്യം തോൽവി സമ്മതിച്ചുകൂടാ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com