sections
MORE

രാഹുലിന്റെ പേരുവച്ച് കളിക്കരുത് !

Rahul Gandhi
രാഹുൽ ഗാന്ധി
SHARE

‘രാജ്യത്തിന്റെ പ്രതീക്ഷയാണ്, തോൽപിക്കരുത് ഈ മനുഷ്യനെ’ എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് വയനാട്ടിലെ യുഡിഎഫിന്റെ പോസ്റ്റർ. സെന്റിമെന്റ്സൊന്നും ആവശ്യമില്ലാതെതന്നെ വയനാട്ടുകാർ രാഹുൽ ഗാന്ധിയെ ജയിപ്പിച്ചു. ഇനിയിപ്പോൾ കോൺഗ്രസുകാർ അടുത്ത പോസ്റ്റർ പ്രിന്റ് ചെയ്യാൻ വിട്ടിരിക്കുകയാണ്. ‘നോട്ടിസിൽ പേരുവച്ച് കൊച്ചാക്കരുത് ഈ മനുഷ്യനെ’ എന്ന്. വേറെ രക്ഷയില്ല. ഓണക്കാലമൊക്കെയാണ് വരുന്നത്. സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മീനങ്ങാടി ഓണാഘോഷത്തിന് ചാക്കിലോട്ടം, ഉറിയടി സമ്മാനവിതരണം – ശ്രീ. രാഹുൽ ഗാന്ധി എന്നൊക്കെ പേര് അടിച്ചുവരുന്നത് ആലോചിച്ചു നോക്കൂ. ‘സുഗുണൻസ് ഡെക്കറേഷൻ ആൻഡ് കേറ്ററിങ് സർവീസ് മാനന്തവാടി – ഉദ്ഘാടനം ശ്രീ രാഹുൽ ഗാന്ധി’.. ചുമ്മാ കിട്ടുന്ന പബ്ലിസിറ്റി ആർക്കാണ് ഇഷ്ടമില്ലാത്തത്. 

തിരുവമ്പാടി എംഎൽഎ ജോർജ് എം.തോമസ് പക്ഷേ, പബ്ലിസിറ്റിയൊന്നും കണ്ടല്ല നോട്ടിസിൽ രാഹുലിന്റെ പേരുവച്ചതെന്ന് ഉറപ്പ്. പ്രോട്ടോക്കോൾ നോക്കിയപ്പോൾ സ്ഥലം എംപിയുടെ പേരുവയ്ക്കണം, വച്ചു. സംഗതി ചെറിയ പരിപാടിയുമല്ല. 14 കോടി മുടക്കി നവീകരിച്ച അഗസ്ത്യൻമൂഴി – കുന്നമംഗലം റോഡ് ഉദ്ഘാടനമാണ്. ഉദ്ഘാടകൻ പൊതുമരാമത്ത് മന്ത്രി, അധ്യക്ഷൻ സ്ഥലം എംഎൽഎ, മുഖ്യാതിഥി സ്ഥലം എംപി അഥവാ രാഹുൽ ഗാന്ധി –അടിപൊളി!. 

എംഎൽഎയ്ക്കു പറ്റിയത് പക്ഷേ 2 അബദ്ധമാണെന്നു പറയുന്നു ദോഷൈകദൃക്കുകൾ. രാഹുലിന്റെ അറിവോ സമ്മതമോ ഇല്ലാതെ നോട്ടിസിൽ പേരുവച്ചു. പിന്നെ റോഡിന്റെ മുക്കാൽഭാഗവും കടന്നുപോകുന്ന കോഴിക്കോട് മണ്ഡലത്തിലെ എംപി എം.കെ.രാഘവന്റെ പേരു വച്ചതുമില്ല. അബദ്ധമല്ല, മനഃപൂർവം ചെയ്തതാണെന്നാണു കോൺഗ്രസുകാർ പറയുന്നത്. രാഹുലിനെ അപമാനിക്കാനുള്ള ശ്രമമൊന്നും വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്നലെ വി.ഡി.സതീശൻ എംഎൽഎ വെല്ലുവിളിക്കുകയും ചെയ്തു. അതേസമയം, വൈകിക്കിട്ടിയ ക്ഷണക്കത്തിന് രാഹുൽ അയച്ച മറുപടി ഉയർത്തിക്കാട്ടിയായിരുന്നു മന്ത്രി ജി. സുധാകരന്റെ മറുപടി. 

റോഡ് പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചും ഡൽഹിയിൽ അടിയന്തര കാര്യമുള്ളതിനാൽ വരാനാകില്ലെന്ന് അറിയിച്ചുമുള്ള മറുപടിക്കത്ത് ഇന്നലെ വേറൊരു ചടങ്ങിൽ മന്ത്രി നല്ല കവിത ചൊല്ലുന്ന സ്റ്റൈലിൽ വായിച്ചു കേൾപ്പിച്ചു. എന്നുവച്ചാൽ വിവാദം ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA