ഇത് കോളജോ ആയുധപ്പുരയോ?

varghese
പ്രഫ. എസ്.വർഗീസ്
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വടിവാളും മറ്റ് മാരകായുധങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് എസ്എഫ്ഐയുടെ യൂണിയൻ ഓഫിസിൽ മാത്രമല്ല. തടികൊണ്ടു നിർമിച്ച പ്ലാറ്റ്ഫോമുള്ള ക്ലാസ് മുറികളിലെല്ലാംതന്നെ അവർ മാരകായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നു. കത്തിയും കഠാരയും സൈക്കിൾചെയിനും കല്ലും കട്ടയും പാറക്കഷണങ്ങളും വരെ, അക്രമസമയത്ത് എടുത്തുപയോഗിക്കാനായി സൂക്ഷിച്ചിരിക്കുന്നു. ഇന്നലെ ക്യാംപസിനകത്ത് ഒരു വിദ്യാർഥിക്കു കുത്തേറ്റിട്ടും പൊലീസ് അകത്തുകടന്നില്ല. അക്രമം നടന്നാൽ ക്യാംപസിനകത്തു കടക്കാൻ പൊലീസിനു പ്രിൻസിപ്പലിന്റെ അനുവാദം വേണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇന്നലെ ആരെയോ ഭയന്നും ആരുടെയോ നിർദേശം മാനിച്ചും അകത്തു കടന്നില്ല. പൊലീസ് അകത്തുകടന്നിരുന്നെങ്കിൽ സംഘർഷം ഇത്രത്തോളം മൂർച്ഛിക്കുമായിരുന്നില്ല. 

യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടിയുടെ മൊഴിയിലെ വസ്തുതകൾ പൂർണമായും ശരിയെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇന്നലെ ആ കലാലയത്തിൽ നടന്നത്. വർഷങ്ങളായി എസ്എഫ്ഐയുടെ ആധിപത്യമാണ് യൂണിവേഴ്സിറ്റി കോളജിലുള്ളത്. മറ്റു വിദ്യാർഥിസംഘടനകളെയൊന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വേറെ ഏതെങ്കിലുമൊരു സംഘടനയിൽപെട്ട വിദ്യാർഥി അവിടെ രാഷ്ട്രീയപ്രവർത്തനത്തിനു മുതിർന്നാൽ അവനെ ശാരീരികമായും മാനസികമായും ആക്രമിച്ച് ഇല്ലാതാക്കാനുള്ള പദ്ധതി എസ്എഫ്ഐ രൂപപ്പെടുത്തിയിട്ടുണ്ട്.

യുജിസി ഫണ്ടോടെ സ്ഥാപിച്ച കെട്ടിടം എസ്എഫ്ഐ ഇടിമുറിയായി ഉപയോഗിക്കുന്നു. ഇവിടെയുള്ള ഗ്രീൻ റൂം തങ്ങളുടെ താമസസ്ഥലമായി കുട്ടിനേതാക്കന്മാർ ഉപയോഗിക്കുന്നു. കോളജിലെ ഇടിമുറിയിൽ കയറ്റാനായില്ലെങ്കിൽ പിഎംജി ജംക്‌ഷനിലുള്ള കേരള സർവകലാശാലാ യൂണിയൻ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി കുട്ടികളെ പീഡിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിനു പത്രിക കൊടുക്കുന്ന ദിവസമാണെങ്കിൽ, കോളജിന്റെ ഗേറ്റ് തൊട്ടു പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽവരെ എസ്എഫ്ഐക്കാർ നിരന്നു നിൽക്കുന്നുണ്ടാകും. അവരെ മറികടന്നുവേണം പത്രികയുമായി മറ്റു വിദ്യാർഥിസംഘടനാ പ്രതിനിധികൾക്ക് പ്രിൻസിപ്പലിന്റെ മുന്നിലെത്താൻ. അങ്ങനെ എത്തിയവർ വിരളമാണ്. മൂവായിരത്തിനാനൂറോളം കുട്ടികൾ പഠിക്കുന്ന കോളജിൽ തിരഞ്ഞെടുപ്പുദിവസം ഹാജർ ആയിരത്തിൽത്താഴെ മാത്രമാണ് ഉണ്ടാകാറുള്ളത്.

കോളജിൽ അക്രമം നടത്തുന്ന എസ്എഫ്ഐയിലെ ഒരുപറ്റം അക്രമികൾക്ക് കോളജിലെ ഒരു വിഭാഗം അധ്യാപകർ വലിയ പിന്തുണയാണു നൽകുന്നത്. പ്രത്യേകിച്ചും, ഇടത് അധ്യാപകസംഘടനയായ എകെജിസിടിഎയിൽപെട്ടവർ. കോളജ് പ്രിൻസിപ്പൽ എന്തെങ്കിലും അച്ചടക്ക നടപടിക്കു തുനിഞ്ഞാൽ എകെജിസിടിഎക്കാർ കൂട്ടത്തോടെ എതിർപ്പുമായെത്തും. അവരുടെ രാഷ്ട്രീയചേരിയിൽപെടാത്ത ആളാണു പ്രിൻസിപ്പലെങ്കിൽ, ഒരു സഹകരണവും അദ്ദേഹം കസേരയിലുള്ളിടത്തോളം കാലം ലഭിക്കില്ല. മഹാരാജാസിലെ കസേര കത്തിക്കൽ ഓർക്കുന്നുണ്ടാവുമല്ലോ.

ആടുകളെ മേയ്ക്കുന്നതുപോലെ, തങ്ങളെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു കൊണ്ടുപോയി സമരത്തിൽ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് യൂണിവേഴ്സിറ്റി കോളജിലെ പിജി വിദ്യാർഥികൾ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. കേരളത്തിലെ ക്യാംപസുകളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സ്വതന്ത്ര ജനകീയ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. 

യൂണിവേഴ്സിറ്റി കോളജിനു സമാനമാണ്, എസ്എഫ്ഐ ആധിപത്യം പുലർത്തുന്ന കേരളത്തിലെ എല്ലാ കലാലയങ്ങളുടെയും അവസ്ഥ. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഗവേഷണത്തിനെന്ന പേരിൽ എസ്എഫ്ഐയുടെ പഴയ നേതാക്കൾ തമ്പടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പല കോളജുകളുടെയും ഹോസ്റ്റലുകളിൽ വർഷങ്ങൾക്കു മുൻപു പഠിച്ച വിദ്യാർഥികൾ എസ്എഫ്ഐ സഹായത്തോടെ താമസിച്ചുവരുന്നു. 

കേരളമെമ്പാടും ഉന്നതവിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണിത്. ‘പൂച്ചയ്ക്കാരു മണികെട്ടും’ എന്നു പറയുന്നതുപോലെ ആരും ഇതിനെതിരെ നടപടി സ്വീകരിക്കാൻ തുനിയുന്നില്ല എന്നതാണു ദുഃഖസത്യം. സ്വതന്ത്ര ജനകീയ ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളടങ്ങിയ സമഗ്രമായ റിപ്പോർട്ട് താമസിയാതെ ഗവർണർക്കു കൈമാറും. കലാലയങ്ങളിൽ ആരോഗ്യകരമായ രീതിയിൽ വിദ്യാർഥിസംഘടനകൾക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. പാർട്ടി കോളജുകളല്ല, ജനാധിപത്യം പുലരുന്ന ക്യാംപസുകളാണ് ഉണ്ടാവേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA