sections
MORE

ഉപവാസസമരം അഥവാ, ഒരു യൂത്ത് പാരക്കഥ

youth -congress
SHARE

കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമൊക്കെ നേതാക്കൾ തമ്മിൽ നിർദോഷമായ ചില പാരവയ്പുകൾ പതിവാണ്. കണ്ണൂരിൽ ഒരു ജില്ലാ യൂത്ത് നേതാവിന്റെ വെള്ളംകുടി മുട്ടിക്കാൻ നോക്കിയത് യൂത്ത് സംസ്ഥാന നേതാവാണ്. എന്നാൽ, സംസ്ഥാന നേതാവിന്റെ അന്നം തന്നെ മുട്ടിച്ച് ജില്ലാ നേതാവ് അതേ വേദിയിൽ പകരംവീട്ടി. 

കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിനെത്തുടർന്നു സമരങ്ങളുടെ വേലിയേറ്റമാണ്. ഈ സമരകോലാഹലങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റണമെങ്കിൽ എന്തു ചെയ്യണമെന്നു തലപുകഞ്ഞ് ആലോചിച്ചപ്പോഴാണ് ഉപവാസസമരം എന്ന ആശയം യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിന്റെ തലയിൽ മിന്നിയത്. അങ്ങനെ ഏകദിന ഉപവാസം പ്രഖ്യാപിച്ചു. ജില്ലാ നേതാവ് തന്നെ ഉപവാസമിരിക്കാൻ തയാറായി. 

ജില്ലാ നേതാവുമായി വലിയ സ്നേഹത്തിലൊന്നുമല്ലെങ്കിലും, ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോയിൽ ഒന്നു തലകാണിച്ചു പോകാമെന്നു കരുതി സംസ്ഥാന സെക്രട്ടറിയുമെത്തി. ഉദ്ഘാടന പരിപാടിക്കിടെ ജില്ലാ നേതാവ് അൽപം വെള്ളം കുടിക്കാനായി കുപ്പി കയ്യിലെടുത്തു. ഇതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ടു. ഏയ്, നിരാഹാര സമരമാണെങ്കിൽ മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളൂ, ഉപവാസ സമരമാണെങ്കിൽ തുള്ളി വെള്ളം കുടിക്കരുതെന്നായി ഉപദേശം. ഇതു മറ്റുള്ളവരും ഏറ്റുപിടിച്ചതോടെ സമരവേദിയിൽനിന്നു വെള്ളക്കുപ്പികളെടുത്തു മാറ്റി. 

ജില്ലാ നേതാവിന്റെ വെള്ളംകുടി മുട്ടിച്ച സന്തോഷത്തിൽ സംസ്ഥാന സെക്രട്ടറി വേദിയുടെ മുൻനിരയിൽ തന്നെ പ്രസംഗം കേൾക്കാനിരുന്നു. അധ്യക്ഷ പ്രസംഗകൻ ജില്ലാ നേതാവായിരുന്നു. മൈക്കിലൂടെ അണികളോടു സമരത്തിന്റെ കാര്യകാരണങ്ങളൊക്കെ വിവരിച്ചശേഷം പ്രസംഗം നിർത്തിയതിങ്ങനെ– എന്റെ ഈ ഉപവാസസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നമ്മുടെ സംസ്ഥാന സെക്രട്ടറി 24 മണിക്കൂർ ഈ വേദിയിൽ എന്നോടൊപ്പം ഉപവാസമിരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതു കേട്ടതോടെ ഇരിക്കണോ, ഓടണോ എന്നറിയാത്ത അവസ്ഥയിലായി സംസ്ഥാന സെക്രട്ടറി. അത്രയും പേരുടെ മുൻപിൽ പ്രഖ്യാപിച്ചു പോയില്ലേ, ഇരിക്കാതെ പറ്റില്ലല്ലോ. ഉദ്ഘാടന ചിത്രത്തിൽ മുഖം കാണിക്കാൻ വന്ന സെക്രട്ടറി പിറ്റേന്നു രാവിലെ ഉപവാസവും കഴിഞ്ഞാണു വീട്ടിലെത്തിയത്. 

പ്രേതമെങ്കിലും ഉണ്ടല്ലോ

തൃശൂർ ജില്ലാ കോൺഗ്രസ് ഓഫിസിൽ പ്രേതബാധ. സംഘടനാ ഭാരവാഹികളുടെ പേരുകളെഴുതിയ ബോർഡുകൾ അപ്രത്യക്ഷമാകുന്നു. ചിലതു കുറച്ചു ദിവസത്തിനു ശേഷം തിരിച്ചുവരുന്നു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ സ്ഥാനാർഥിയാകുന്നതിന് ഒരു മാസം മുൻപുമുതൽ അനാഥമായിത്തുടങ്ങിയ ഡിസിസി ഓഫിസിൽ പ്രേതബാധകൂടി കണ്ടെത്തിയതോടെ പൂർണമായി. 

മാർച്ചിനു ശേഷം ഡിസിസി ഭാരവാഹി യോഗം നടത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തുപോലും ഡിസിസി ചേർന്നില്ല. എംപി ആയതോടെ പ്രതാപൻ രാജിവച്ചു. ഒന്നിലേറെ പദവികൾ വഹിക്കുന്നുവെന്നു പറഞ്ഞു സമ്മർദം ശക്തമായതിനാൽ രാജിവച്ചതാണെന്നു പറയുന്ന ദോഷൈകദൃക്കുകളുമുണ്ട്. 

രാജി സ്വീകരിച്ചാലും ഇല്ലെങ്കിലും താനിനി പ്രസിഡന്റു കസേരയിൽ ഇരിക്കില്ലെന്നു പറഞ്ഞ് പ്രതാപൻ തന്റെ പേരുള്ള ബോർഡ് നീക്കിക്കഴിഞ്ഞു. ഭാരവാഹികളുടെ ബോർഡുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ടു മാസം ഒന്നായി. കള്ളനെ പിടിക്കാൻ നിരീക്ഷണക്യാമറ സ്ഥാപിച്ചുവെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. ഇതിനിടെ, മഹിളാ കോൺഗ്രസിന്റെ ഓഫിസ് മുറിയിൽ ആരോ കയറി മൂത്രമൊഴിച്ചെന്ന ശ്രുതി പരന്നതോടെ സംഭവം നാറ്റക്കേസായി. വിദഗ്ധ അന്വേഷണത്തിൽ അതു പൂച്ചയായിരുന്നുവെന്നു കണ്ടെത്തിയത്രെ. ഏതായാലും, ഏറെക്കാലമായി നാഥനില്ലാത്ത ഓഫിസിൽ ഇപ്പോൾ ഏതായാലും പ്രേതമെങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിക്കാം! 

സർവം സമിതി ! 

നിയമസഭാ സമിതികൾക്ക് അവരുടെ അധികാരങ്ങളെക്കുറിച്ച് അതിരുകടന്ന ആത്മവിശ്വാസമാണ്. ഈ ലോകത്ത് ഭൂമിക്കു മുകളിലും സൂര്യനു താഴെയും – ചിലപ്പോൾ സ്വർഗം, പാതാളം തുടങ്ങിയ ഇടങ്ങളിലും – ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാനും ശുപാർ‍ശകൾ നൽകാനുമുള്ള അധികാരം നിയമസഭാ സമിതികൾക്കു ജന്മസിദ്ധമാണെന്നാണ് അവയുടെ അധ്യക്ഷരുടെ വിചാരം.അതുകൊണ്ടുതന്നെ ഏതു കാര്യത്തെക്കുറിച്ചും അവർ കൽപന പുറപ്പെടുവിക്കും. അതു നടപ്പാകുന്നുണ്ടോ ഇല്ലയോ എന്നതെല്ലാം അന്വേഷിക്കേണ്ടതു മറ്റുള്ളവരുടെ കാര്യമാണ്. 

ഗ്വാണ്ടനാമോ ജയിൽ, സിറിയൻ അഭയാർഥികൾ, അസം പൗരത്വ റജിസ്റ്റർ അങ്ങനെ എത്രയോ സങ്കീർണമായ പ്രശ്നങ്ങൾ തീർന്നത് കേരള നിയമസഭാസമിതിയുടെ മേശപ്പുറത്തുവച്ച കടലാസുകൾ, മേശയ്ക്ക് അടിയിൽ വച്ച കടലാസുകൾ തുടങ്ങിയ ഇടപെടലുകൾ മൂലമാണ്.

ഏറ്റവുമൊടുവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും സമിതിയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സിനിമ, സീരിയൽ തുടങ്ങിയ മാധ്യമങ്ങളിൽ മദ്യപാനം, പുകവലി എന്നിവ പൂർണമായി ഒഴിവാക്കണമെന്നും അതിനു ശേഷമേ, സംപ്രേഷണാനുമതി നൽകാവൂ എന്നാണു സമിതിയുടെ കല്ലേപ്പിളർക്കുന്ന കൽപന. കുട്ടികളും ചെറുപ്പക്കാരും വഴിതെറ്റാതിരിക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് ഇതിനു പിന്നിൽ. നിയമസഭാ നടപടിക്രമങ്ങൾ ഒരു കാരണവശാലും സംപ്രേഷണം ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ പാടില്ലെന്ന നിർദേശംകൂടി സമിതിക്കു വേണമെങ്കിൽ വയ്ക്കാമായിരുന്നു. 

കുടുംബത്തിൽ പിറന്നവരാ...

‌പത്തനംതിട്ട ഡിസിസി നേതാക്കൾ ഇപ്പോൾ കുടുംബയോഗ തിരക്കലാണ്. കുടുംബയോഗമെന്നു പറഞ്ഞാൽ, സ്വന്തം കുടുബത്തിന്റെ യോഗം. പെട്ടെന്നൊരു കുടുംബസ്നേഹം എന്താണെന്നു വച്ചാൽ, കോന്നി ഉപതിരഞ്ഞെടുപ്പു വരുന്നു... സ്വന്തം കുടുംബത്തിനു കോന്നിയിൽ വേരുണ്ടോ എന്നറിയാനാണ് പ്രസ്തുത യോഗങ്ങൾ. യോഗം പൂർത്തിയാക്കിയ നേതാക്കളിൽ ചിലർ തായ്‍വേരും ചായ്‌േവരും കണ്ടെത്തിക്കഴിഞ്ഞു. ചികഞ്ഞു നോക്കിയിട്ടും വേരു കിട്ടാത്ത ചിലർ ബന്ധുക്കളെ സ്വന്തം ചെലവിൽ കോന്നിയിൽ കൊണ്ടുപോയി താമസിപ്പിക്കാനും നീക്കം നടത്തുന്നു. സ്ഥാനാർഥിയെ തിരയുമ്പോൾ മണ്ഡലത്തിലെ വേരില്ലായ്മ ഒരു അയോഗ്യത ആകരുതല്ലോ. കാരണം, സ്ഥാനാർഥി മോഹികളിൽ ഭൂരിപക്ഷവും മണ്ഡലത്തിനു പുറത്തുള്ളവരാണ്. 

കഴിഞ്ഞ ദിവസം ജില്ല സന്ദർശിച്ച മുല്ലപ്പള്ളി രാമചന്ദ്രനു ചുറ്റുമായിരുന്നു സീറ്റു മോഹികൾ. നല്ല ഫയലിൽ കുത്തിക്കെട്ടി വ്യക്തിവിവരം നൽകിയവരെല്ലാം കോന്നിയിലെ ബന്ധുബലത്തിന്റെ പട്ടികകൂടി കെപിസിസി പ്രസിഡന്റിനു കൈമാറി. പട്ടികയിലെ ബന്ധുക്കളുടെ എണ്ണം നോക്കിയാൽ പ്രസ്തുത സ്ഥാനാർഥികൾക്കു ജയിക്കാൻ ബന്ധുക്കളുടെ മാത്രം വോട്ടു മതിയാകും. പാർട്ടിയെക്കാൾ ശക്തമാണ് ഇവിടെ പലരുടെയും കുടുംബങ്ങൾ. അതുകൊണ്ട് കുടുംബത്തിൽ പിറന്നവർക്കുതന്നെ സീറ്റു കൊടുക്കണമെന്നാണ് മുല്ലപ്പള്ളിയോടു നേതാക്കൾ പറഞ്ഞ പ്രധാന കാര്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA