ADVERTISEMENT

മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മുദ്രാവാക്യമാക്കിയ ഒരു വിദ്യാർഥിസംഘടനയുടെ പ്രവർത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ നിർഭാഗ്യ ഉദാഹരണം തന്നിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്. ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനു സ്വന്തം നേതാക്കളുടെ തന്നെ കുത്തേറ്റത് വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും പെരുമകൊള്ളുന്ന കേരളത്തെ ലജ്ജിപ്പിക്കുന്നുവെന്നു മാത്രമല്ല, നാം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ ഒരു സാഹചര്യത്തെക്കുറിച്ചു പൊതുസമൂഹത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. 

വർഷങ്ങളായി എസ്എഫ്ഐയുടെ ആധിപത്യവും കയ്യൂക്കുമാണ് യൂണിവേഴ്സിറ്റി കോളജിലുള്ളത്. യുജിസി ഫണ്ടോടെ സ്ഥാപിച്ച കെട്ടിടം എസ്എഫ്ഐ ‘ഇടിമുറി’യായി ഉപയോഗിക്കുന്നുവെന്നും തടിയിൽ നിർമിച്ച പ്ലാറ്റ്ഫോമുള്ള ക്ലാസ് മുറികളിൽ അവർ മാരകായുധങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്നുമൊക്കെ അറിഞ്ഞിട്ടും ഇതുവരെ ചെറുവിരലനക്കാൻ പോലും ആരും തയാറാകാതിരുന്നതു കൊണ്ടാണ് അവർ നിർബാധം അക്രമങ്ങൾ തുടരുന്നത്. കേസിലെ രണ്ടു മുഖ്യപ്രതികൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നതു നാടിനെ ഞെട്ടിക്കുന്നു. ഒന്നാം പ്രതി ഒന്നാം റാങ്കുകാരൻ തന്നെയാണ്. ഇത്തരക്കാർ പൊലീസിൽ എത്തിയാൽ എന്താവും പൊലീസിന്റെ സ്ഥിതിയെന്നു മന്ത്രി ജി.സുധാകരൻ തന്നെ ഇന്നലെ ചോദിച്ചുകഴി‍ഞ്ഞു.

ഈ കോളജിൽ പഠനം പൂർത്തിയാക്കാതെ അഞ്ചു വർഷത്തിനിടെ ടിസി വാങ്ങിയത് 187 കുട്ടികളാണ്. ഈയിടെ ഒരു വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴും എസ്എഫ്െഎ പ്രതിക്കൂട്ടിലായി. യൂണിവേഴ്സിറ്റി കോളജിനു സമാനമാണ്, എസ്എഫ്ഐ ആധിപത്യം 

പുലർത്തുന്ന കേരളത്തിലെ പല കലാലയങ്ങളുടെയും അവസ്ഥയെന്ന ആരോപണം ആ സംഘടനയും സിപിഎമ്മും ഇനി എന്നാണു ഗൗരവത്തോടെ കാണുക? സംഘർഷം ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പ്രിൻസിപ്പൽ പറഞ്ഞതുകേട്ട് അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധത്തെക്കുറിച്ച് കേരളം എന്താണു കരുതേണ്ടത്? വിദ്യാർഥിക്കു കുത്തേറ്റിട്ടും പൊലീസ് യൂണിവേഴ്സിറ്റി കോളജിന്റെ അകത്തു കടക്കാതിരുന്നതും എന്തുകൊണ്ടാണ്?  

എസ്എഫ്ഐയിലുള്ള ചിലരെങ്കിലും പുലർത്തിപ്പോരുന്ന പ്രാകൃതത്വത്തിന്റെയും അരാജകത്വത്തിന്റെയും പല ഉദാഹരണങ്ങളും ഇതിനകം കേരളത്തിനു കിട്ടിയിട്ടുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ 2016ൽ കോളജ് പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടം ഒരുക്കിയ സംഭവം കേരളത്തിലുടനീളം ചർച്ചചെയ്യപ്പെട്ടതാണ്.

വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട് ഇൻസ്റ്റലേഷനായി’ (പ്രതിഷ്ഠാപന കല) കാണണമെന്നുമാണ് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാർട്ടിയുടെ സമുന്നത നേതാവ് പറഞ്ഞത്. എറണാകുളം മഹാരാജാസ് കോളജിൽ 2017ൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രതിഷേധത്തിനു കാരണമാവുകയുണ്ടായി.  

 കലാലയ രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾക്കു തോരാക്കണ്ണീർ നൽകിയിട്ടുണ്ട്. കോളജിനകത്തെ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ എന്തുവേണമെന്നു ബന്ധപ്പെട്ടവർ ആലോചിക്കേണ്ട സമയം ഇപ്പോഴേ വൈകി. മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്ന് ക്യാംപസിലെ അക്രമരാഷ്ട്രീയത്തിനെതിരെ എസ്എഫ്െഎ പ്രകടിപ്പിച്ച മൂല്യബോധം വെറും പറച്ചിലിൽ ഒതുങ്ങിപ്പോകാനുള്ളതായിരുന്നോ?  

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പാർട്ടിയുടെ ഉന്നത നേതൃത്വംതന്നെ ആക്രമണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ അവരുടെ വാക്കുകൾ കേൾക്കുമ്പോൾ, ദശാബ്ദങ്ങളായി തുടരുന്ന എസ്എഫ്ഐ അഴി‍ഞ്ഞാട്ടം ഇവരൊക്കെ ഇക്കഴിഞ്ഞ ദിവസമാണോ ആദ്യം തിരിച്ചറിഞ്ഞത് എന്നോർത്തു കേരളം അമ്പരക്കുന്നതു സ്വാഭാവികം. ഇതൊക്കെ മനസ്സിലാക്കിയിട്ടല്ലേ, പാർട്ടിയുടെ ഉന്നതനേതാക്കൾ മക്കളെ സംസ്ഥാനത്തിനു പുറത്തേക്കയച്ചു പഠിപ്പിക്കുന്നത് എന്നു ജനത്തിനു സംശയം തോന്നിയാൽ അതിൽ തെറ്റു പറയാനുമാവില്ല.

അക്രമം നടത്തിയവർക്കെതിരെ അധികൃതർ നടപടി എടുക്കുന്നതുകൊണ്ടോ അക്രമികളെ തള്ളിപ്പറഞ്ഞ് എസ്എഫ്െഎ കേരള ജനതയോടു മാപ്പു പറഞ്ഞതുകൊണ്ടോ കോളജ് യൂണിറ്റ് പിരിച്ചുവിടുന്നതുകൊണ്ടോ അങ്ങേയറ്റം ഹീനമായ ഈ സംഭവം മാഞ്ഞുപോകില്ലെന്നു തീർച്ച. പേനയ്ക്കുപകരം കത്തിയെടുക്കുന്ന വിദ്യാർഥിരാഷ്ട്രീയം ആ കോളജിൽ മാത്രമല്ല, നമ്മുടെ എല്ലാ ക്യാംപസുകളിലും തിരുത്താൻ തയാറായാലേ നവകേരളത്തിനു തലയുയർത്താൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com