sections
MORE

ഹോക്കി സ്റ്റിക് കൊണ്ട് അടിച്ച് ഓടയില്‍ തള്ളി; എസ്എഫ്‌ഐ കൊലവിളി ഓര്‍മിച്ച് ശുഭേഷ്‌

subheesh
ശുഭേഷ് സുധാകരൻ.
SHARE

യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം ചോര വീഴ്ത്തി പ്രതിക്കൂട്ടിലായ എസ്എഫ്ഐ, സഹോദര പ്രസ്ഥാനമായ എഐഎസ്എഫിലെ എത്രയോ പേരുടെ ചോര വീഴ്ത്തിയിരിക്കുന്നു! സിപിഐ വിദ്യാർഥിസംഘടനയുടെ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ തന്നെ ഒരു ഇരയാണ്. ഒന്നും രണ്ടുമല്ല, 123 ദിവസമാണ് ഗുരുതര പരുക്കുമായി ശുഭേഷ് ആശുപത്രിയിൽ കിടന്നത്. ഏക സംഘടനാവാദം ഉയർത്തി കലാലയങ്ങളിൽ എസ്എഫ്ഐ നടത്തുന്ന തേർവാഴ്ചയെകുറിച്ച് ശുഭേഷ് സുധാകരൻ. 

∙ എഐഎസ്എഫ് കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ ശുഭേഷിനു മാരകമായ മർദനമേറ്റുവെന്നു കേട്ടിട്ടുണ്ട്. ആ സംഭവം ഓർത്തെടുക്കാമോ. 

ഓർമിച്ചെടുക്കേണ്ടതില്ല, ഒരിക്കലും മറക്കാൻ കഴിയാത്തതാണ് അത്. 2010ൽ കടുത്തുരുത്തി പോളിടെക്നിക്കിൽ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ച് ഉദ്ഘാടനവും കഴി‍ഞ്ഞ് കോളജിനു തൊട്ടടുത്തു മുട്ടുചിറയിൽ നിൽക്കുകയായിരുന്നു.‘സഖാവേ, നമുക്കൽപം മാറിനിന്നു സംസാരിക്കാമോ’ എന്നു ചോദിച്ച് ഒരാൾ അടുത്തെത്തി. ഞാനതിനു തയാറായി. നോക്കുമ്പോൾ മുന്നിലൊരു സംഘം. ‘നീ എസ്എഫ്ഐക്കെതിരെ യൂണിറ്റ് രൂപീകരിക്കുമോ’ എന്നു ചോദിച്ച് അവർ തുടങ്ങി.‘ഈ പട്ടി ഇവിടെ കിടന്നാൽ ഒരുത്തനും ആശുപത്രിയിൽ കൊണ്ടുപോയേക്കരുത്’ എന്ന ഡയലോഗും ഓർമയുണ്ട്. 

ഹോക്കി സ്റ്റിക് കൊണ്ടു മുതുകിലായിരുന്നു ആദ്യ അടി. ബോധം തെളിഞ്ഞപ്പോൾ ഓടയിൽ കിടക്കുകയാണ്. ആദ്യമെത്തിച്ച വൈക്കം ഗവ. ആശുപത്രിയിൽ എടുക്കില്ലെന്നു പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ. നട്ടെല്ലിനു ഗുരുതര പരുക്കേറ്റതിനാൽ എഴുന്നേറ്റു നിൽക്കാൻ കഴിയില്ലായിരുന്നു. ഒരു മാസത്തിലേറെ അവിടെയും മൂന്നുമാസം കോട്ടയ്ക്കലിലും... 

∙ കുറ്റക്കാരെ പൊലീസ് പിടിച്ചില്ലേ. കേസ് എന്തായി. 

നാട്ടുകാരൻ കൂടിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് എന്നെ ചവിട്ടിയരച്ചത്. അയാൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഞാൻ മൊഴിനൽകി. പക്ഷേ, എനിക്കൊപ്പം സംസാരിച്ചു നിന്ന സിപിഐ നേതാവ് ജയിംസിനെ പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തു.

എഐഎസ്എഫുകാരനെ മർദിച്ചവരിൽ സിപിഐക്കാരനുമുണ്ടെന്നു പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് കേസുമായി എങ്ങനെ മുന്നോട്ടുപോകാനാകും? ആലപ്പുഴയിൽ ഈയിടെ വീട്ടിൽ കയറി എന്റെ സഹപ്രവർത്തകനെ മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ളത് അയാളുടെ അച്ഛനും അമ്മയും. ഇതാണ് ഇവിടത്തെ പൊലീസ്!  

∙ എസ്എഫ്ഐ ക്രൂരതയുടെ ഇരകൾ എഐഎസ്എഫ് നേതൃനിരയിൽ വേറെയുമുണ്ടോ. 

ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് ജെ.അരുൺ ബാബുവിനു യൂണിവേഴ്സിറ്റി കോളജിലുണ്ടായ അനുഭവം നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? കോളജ് യൂണിയനിലേക്കു മത്സരിക്കാനൊരുങ്ങിയ ഞങ്ങളുടെ കൂട്ടത്തിൽപെട്ട മണിമേഖല എന്ന വിദ്യാർഥിനിയെ പൂട്ടിയിട്ടു മർദിക്കുന്നതറിഞ്ഞ് കഴിഞ്ഞ ഡിസംബർ 2നു കോളജിലെത്തിയതാണ് അരുൺ.

മണിമേഖല മത്സരിക്കില്ലെന്നും തുറന്നുവിടണമെന്നും കവാടത്തിനു പുറത്തുനിന്ന് അരുൺ പറഞ്ഞു. ശരി, നമുക്കു സംസാരിക്കാമെന്നു പറഞ്ഞ് അകത്തേക്കു വിളിച്ചുകൊണ്ടുപോയി. മുണ്ടും ഷർട്ടും ഉരിഞ്ഞ് അടിവസ്ത്രം മാത്രമാക്കി സഹോദരസംഘടനക്കാർ അവനെ കശാപ്പു ചെയ്തു. 

ജീവനുംകൊണ്ട് ഓടിയ അരുൺ പുറത്തുകണ്ട പൊലീസ് ജീപ്പിൽ അഭയം പ്രാപിച്ചു. നാണംമറയ്ക്കാൻ സീറ്റിൽ വിരിച്ചിരുന്ന ടർക്കി ആ പാവം എടുത്തുടുത്തു. മനുഷ്യപ്പറ്റില്ലാത്ത എസ്ഐ അത് പറിച്ചുമാറ്റി. രോഷവും സങ്കടവും അടക്കാൻവയ്യാതെ, എന്തിനതു ചെയ്തുവെന്ന് ഞാൻ അയാളോടു ചോദിച്ചു. അത് അരുൺ എടുത്തിരുന്നുവെങ്കിൽ പൊതുമുതൽ നശീകരണത്തിനു കേസെടുക്കേണ്ടിവരും എന്നായിരുന്നു മറുപടി. ഞങ്ങൾക്കു കൂടി പങ്കാളിത്തമുള്ള, പിണറായി വിജയന്റെ എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ഇതെന്നോർക്കണം.

∙ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ താങ്കൾ യൂണിവേഴ്സിറ്റി കോളജിൽ കയറിയിട്ടുണ്ടോ.

എവിടെ! മണിമേഖലയെ അവിടെ പഠിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചപ്പോൾ അക്കാര്യം സംസാരിക്കാനായി പിറ്റേന്നു ഞാൻ ചെന്നിരുന്നു. കയറ്റിയില്ല. മൂന്നു പതിറ്റാണ്ടായി ഗുണ്ടായിസവും ക്രിമിനൽ വാഴ്ചയുമാണു കോളജിൽ നടക്കുന്നത്. പാമ്പാടി നെഹ്റു കോളജിലെ മാനേജ്മെന്റിന്റെ ഇടിമുറി തകർത്ത് ജനാധിപത്യത്തിന്റെ കാറ്റ് കടത്തിവിടുമെന്നു പ്രഖ്യാപിച്ചവരാണ് ഞങ്ങളും എസ്എഫ്ഐയും. അവർക്കാണ് യൂണിവേഴ്സിറ്റി കോളജിൽ സ്വന്തമായി ഇടിമുറിയുള്ളത്. സർവകലാശാലാ തിരഞ്ഞെടുപ്പിനു പത്രിക സമർപ്പിക്കാൻ പോയപ്പോൾ കേട്ട അസഭ്യവർഷം ഞങ്ങളാരും ജീവിതത്തിൽ മറക്കില്ല. 

∙ എന്താണ് എഐഎസ്എഫിനോട് എസ്എഫ്ഐക്ക് ഇത്ര വിരോധം.

അവരോടുതന്നെ ചോദിക്കണം. ഒറ്റ കെഎസ്‌യുക്കാരനും ഞങ്ങളെ മർദിച്ചിട്ടില്ല. ഒരു എബിവിപിക്കാരനും അതു ചെയ്തിട്ടില്ല. അവരുടെ രാഷ്ട്രീയത്തോടു യോജിപ്പില്ലെന്നു കരുതി ഇല്ലാത്തതു പറയാൻ പാടില്ലല്ലോ. ഞങ്ങൾ ദുർബലരാണെന്നാണു സ്ഥിരം കളിയാക്കുന്നത്. ദുർബലരെങ്കിൽ വെറുതെ വിട്ടാൽ മതിയല്ലോ. ഇടതിന്റെ യഥാർഥ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് എന്ന ഈഗോയാകാം; ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവർക്കാണെന്നു തെളിയിക്കാനാകാം. എന്തായാലും, ഇടത് ഐക്യത്തിനുവേണ്ടി ശരീരം കൊണ്ടു സഹിക്കാൻ ഇനി ഞങ്ങളെക്കിട്ടില്ല. 

അവരുടെ അവകാശവാദം ശരിയല്ലേ. എസ്എഫ്ഐ അല്ലേ, ഇന്നു കോളജുകളും സർവകലാശാലകളും വാഴുന്നത്. 

എങ്കിൽ, സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തിരഞ്ഞെടുപ്പുകളെല്ലാം ജയിക്കുന്ന നരേന്ദ്ര മോദിയാണു ശരി എന്നു കൂടി, ഇടതുപക്ഷക്കാരെന്ന് അഭിനയിക്കുന്ന ആ ഫാഷിസ്റ്റുകൾ സമ്മതിക്കണം.

∙ ഇടതു വിദ്യാർഥിമുന്നണി നിലവിലില്ലേ.

യോഗങ്ങൾ ചേരുന്നതായി അറിയിപ്പുകൾ കാണാമല്ലോ. പിന്നെ, തീർച്ചയായും. ഉത്തരേന്ത്യയിലെ ആർഎസ്എസ് ഫാഷിസത്തിനെതിരെ പ്രതികരിക്കാനായി എൽഡിഎഫ് കൺവീനർ എകെജി സെന്ററിൽ ഞങ്ങളുടെ യോഗങ്ങൾ വിളിച്ചുചേർക്കാറുണ്ട്. ഞങ്ങളിൽ പലരും അടിയേറ്റ് ആശുപത്രിയിലായതിനാൽ അത്തരം പ്രതിഷേധങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കാറില്ല. 

യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടു തിരുത്തലിനുള്ള സൂചനകൾ എസ്എഫ്ഐ നൽകിയതിൽ വിശ്വാസമുണ്ടോ. 

അധ്യാപകരെ അപമാനിച്ച മഹാരാജാസിൽ, വിക്ടോറിയയിൽ, കാസർകോട് നെഹ്റു കോളജിൽ അവരതു ചെയ്തോ? യൂണിറ്റുകളില്ലാത്തയിടത്ത് അതു രൂപീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇക്കാലയളവിലാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ എഐഎസ്എഫുകാർ കൂട്ടത്തോടെ ആശുപത്രിയിലായത്. കോട്ടയം സിഎംഎസ്, തലശ്ശേരി ബ്രണ്ണൻ, കൊല്ലം എസ്എൻ, ആലപ്പുഴ എസ്ഡി... ഇവിടെയെല്ലാം എസ്എഫ്ഐ ക്രിമിനലുകൾ ഞങ്ങളെ തല്ലിച്ചതച്ചു. 

‌യൂണിവേഴ്സിറ്റി കോളജിനു മുന്നിലുള്ള സംസ്കൃത കോളജിലെ ഞങ്ങളുടെ ആഷിഖ്, കുത്തേറ്റ അഖിലിനെപ്പോലെ ആശുപത്രിയിലാണ്. എത്ര യൂണിറ്റുകൾ കൂടി ഇവർ പിരിച്ചുവിടണം! യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിടുമെന്നു വ്യക്തമാക്കിയ ദേശീയ പ്രസിഡന്റ് വി.പി.സാനുവിനെ തിരുത്താനല്ലേ ആദ്യം നോക്കിയത്? ദേശീയ അധ്യക്ഷനെ സംസ്ഥാനനേതൃത്വത്തിനു വിലയില്ലാത്തത് ഇതുവരെ മുസ്‌ലിംലീഗിൽ മാത്രമായിരുന്നു.

∙ പാർട്ടിനേതൃത്വങ്ങൾ ഈ തർക്കങ്ങളിലൊന്നും ഇടപെടില്ലേ.  

ഉണ്ടാകാം. പക്ഷേ, നാളെ സിപിഐ പ്രവർത്തകനാകുമ്പോൾ പഴയ കൊടിയ മർദനങ്ങളുടെ വേദന എങ്ങനെ മറക്കാൻ കഴിയുമെന്നാണു ഞാനിപ്പോൾ ചിന്തിക്കുന്നത്. ഇടതു സാഹോദര്യം വളർത്തേണ്ടത് ഇങ്ങനെയാണോ? സിപിഐ നേതാവാകുന്ന ഓരോ എഐഎസ്എഫുകാരനുമുണ്ടാകും ഇത്തരം ദുരനുഭവങ്ങൾ. 

∙ എസ്എഫ്ഐ അടിയന്തരമായി എന്തു ചെയ്യണമെന്നാണു പറയുന്നത്.  

അവരുടെ കൊടിയടയാളത്തിലേക്കു തിരിച്ചുപോയാൽ മാത്രം മതി. അതിൽ എഴുതിവച്ചിരിക്കുന്ന ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ ഇതു മൂന്നും പാലിച്ചാൽ മതി. സ്വന്തം പതാകയാൽ ഇത്ര മാത്രം ട്രോൾ ചെയ്യപ്പെടുന്ന ഒരു സംഘടന ഇന്നു ലോകത്തുണ്ടാകുമോ? ക്ലാസ് മുറിയിലില്ലാത്ത ജനാധിപത്യം, മറ്റുള്ളവർ പുറത്തു നടപ്പാക്കണമെന്നു പറഞ്ഞാൽ ആ സംഘടനയെയും അതുവഴി ഇടതുപക്ഷത്തെത്തന്നെയും ജനം പുച്ഛിക്കും. ആ തിരിച്ചറിവാണ് എല്ലാവർക്കും വേണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA