ADVERTISEMENT

താൻ നിർമിച്ച പിയാത്ത ശിൽപം മൈക്കലാഞ്ചലോ ദേവാലയത്തിലേക്കു കൊണ്ടുവരികയാണ്. കുറച്ചു ജോലിക്കാരുമുണ്ട് കൂടെ. ശിൽപം ദേവാലയമുറ്റത്ത് എത്തിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം ജോലിക്കാരോടു നന്ദി പറഞ്ഞ് യാത്രയാക്കാനൊരുങ്ങി. അവർ ചോദിച്ചു, ഞങ്ങൾ ഈ ശിൽപം ഒന്നു കണ്ടോട്ടെ? മൈക്കലാഞ്ചലോ അവർക്കായി ആ ശിൽപം ആദ്യമായി അനാവരണം ചെയ്‌തു. 

ലോകത്തിന്റെ മുഴുവൻ സ്‌നേഹവും ഉൾക്കൊള്ളുന്ന അമ്മയുടെ കണ്ണുകളിലേക്കു നോക്കി അവർ നിന്നു. അവർ പോകാൻ തുടങ്ങിയപ്പോൾ മൈക്കലാഞ്ചലോ കുറച്ചു പണം നൽകി. അവർ പറഞ്ഞു, ഞങ്ങൾക്കു പ്രതിഫലം വേണ്ട. ഈ ശിൽപം കണ്ടതാണ്, അതും ആദ്യമായി കണ്ടതാണ് ഞങ്ങൾക്കുള്ള പ്രതിഫലം. 

എല്ലാ ജോലിയും കൂലിക്കു വേണ്ടിയാകരുത്. ചിലതെങ്കിലും ആത്മസംതൃപ്‌തിയും കർമസാഫല്യവും നൽകണം. കണക്കുപറഞ്ഞു വാങ്ങുന്ന കാൽപണം നിത്യവൃത്തിക്കുള്ള വക തന്നേക്കാം. പക്ഷേ‌, ആത്മനിർവൃതി ബാലൻസ് ഷീറ്റിൽ നിന്നു രൂപപ്പെടില്ല. ആരെയും, അവർക്കുള്ള പണത്തിന്റെ പേരിൽ മാത്രം അളക്കുകയോ അവരുടെ നിക്ഷേപസഞ്ചിയുടെ വലുപ്പത്തിനനുസരിച്ചു വിധിയെഴുതുകയോ അരുത്. എത്ര വലിയ കൂലി കിട്ടിയാലും അടിമകൾക്കു സന്തോഷമുണ്ടാകുമോ? അവരുടെ അഭിലാഷം സ്വാതന്ത്ര്യമാണ്. 

ജീവിക്കാനുള്ള വരുമാനം നൽകുന്നു എന്നതിന്റെ പേരിൽ ജീവിതം പിടിച്ചുവാങ്ങുന്ന യജമാനന്മാർ ഒരാളുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. കൂലി നൽകുന്നവരെക്കാൾ, കരുതലും കരുത്തും നൽകുന്നവർക്കു വേണ്ടി ജീവനും ജീവിതവും കൊടുക്കും, കൂടെ നിൽക്കുന്നവർ. 

കർമം പൂർത്തിയാകുമ്പോൾ കണ്ണുകളിൽ ഒരിക്കൽപോലും ഒരു തിളക്കം ശേഷിക്കുന്നില്ലെങ്കിൽ അത് ജോലി ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും ഒരു മുന്നറിയിപ്പാണ് – എവിടെയോ നഷ്‌ടപ്പെട്ട ആത്മാഭിമാനത്തിന്റെയും പ്രവർത്തനോർജത്തിന്റെയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com