ADVERTISEMENT

പാട്ടവും മിച്ചവാരവുമായി നെല്ലും പണവുമായി പത്തായത്തിലും കാൽപ്പെട്ടിയിലും കോടികൾ കുമിഞ്ഞുകൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു കോൺഗ്രസ് തറവാടിന്. കാരണവർ തറവാടിന്റെ പൂമുഖത്തെ ചാരുകസേരയിൽ മലർന്നു കിടന്നാൽ മതി. വിളിച്ചാൽ വിളിപ്പുറത്തു കാര്യസ്ഥന്മാരും വാല്യക്കാരും ഡസൻ കണക്കിനാണ്. കാരണവർ മനസ്സിൽ കാണുന്നതു കാര്യസ്ഥന്മാരും വാല്യക്കാരും മാനത്തു കാണും. പിന്നെ സംഗതി നടപ്പാക്കിയേ അവരടങ്ങൂ. അതൊക്കെ ഒരുകാലം. ആ കാലം ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു. ഇപ്പോൾ തറവാട്ടിൽ പാട്ടവും മിച്ചവാരവും അളക്കാൻ കുടിയാന്മാരാരും എത്താറില്ല. പ്രിവിപഴ്സും മാലിഖാനും നിർത്തലാക്കിയത് തറവാട്ടിലെ കാരണവസ്ത്രീ തന്നെയായതിനാൽ അതിന്റെ പേരിൽ മറ്റാരെയും പഴിക്കാനുമില്ല.

 തറവാട്ടിലെ പത്തായങ്ങളിൽ ഇപ്പോൾ പൂച്ചകൾ പെറ്റുകിടക്കുകയാണത്രെ. പൂച്ചകളിൽനിന്നു വാടക ഈടാക്കാൻ വകുപ്പില്ലാത്തതിനാൽ ആ ഇനത്തിലും വരുമാനമില്ല. കഞ്ഞിവയ്ക്കാൻ കലത്തിൽ വെള്ളം തിളപ്പിക്കാൻ തീപൂട്ടുന്ന സമയം നിശ്ചയിക്കണമെങ്കിൽ കണിയാനെക്കണ്ടു കവടി നിരത്തേണ്ട സ്ഥിതിയാണു തറവാട്ടിൽ. തറവാട്ടു കാരണവരുടെ ചാരുകസേര ഒഴിഞ്ഞുകിടപ്പാണ്. അതിൽ കയറിക്കിടക്കാൻ അനന്തരവന്മാർക്കാർക്കും താൽപര്യമില്ല. കാരണവർ കസേര ഒഴിയുമ്പോൾ വച്ചിട്ടു പോയ മടിശ്ശീലയും താക്കോൽക്കൂട്ടവും ഏറ്റുവാങ്ങാൻ ആരും വരുന്ന മട്ടില്ല. ഇപ്പോഴത്തെ നിലയ്ക്കു പോയാൽ കാരണവർ തസ്തികയിലേക്ക് യുപിഎസ്‌സി വഴി നിയമനം നടത്തേണ്ടിവരും. ഇതിന്റെ പരസ്യം ഉടൻ തന്നെ എംപ്ലോയ്മെന്റ് ന്യൂസിലും റോസ്ഗാർ സമാചാറിലും പ്രത്യക്ഷപ്പെടുമെന്നാണ് തറവാട്ടിൽ ശേഷിക്കുന്ന ചില കാര്യസ്ഥന്മാർ നൽകുന്ന സൂചന.

തറവാടു മുടിയാൻ പോകുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾത്തന്നെ വിരുതന്മാരായ ചില വാല്യക്കാർ അടുത്തൂൺ വാങ്ങി സ്ഥലംവിട്ടിരുന്നു. രാവിലത്തെ പൊടിയരിക്കഞ്ഞിക്കു നെയ്യു വിളമ്പുന്ന പതിവ്് അവസാനിപ്പിച്ചതോടെയാണു തറവാട്ടിലെ ഖജനാവ് ശോഷിച്ചെന്നു വാല്യക്കാർക്കു പിടികിട്ടിയത്. പിന്നെ ഘട്ടംഘട്ടമായി ചുട്ട പപ്പടവും ചെറുപയറു പുഴുക്കുമെല്ലാം അപ്രത്യക്ഷമായി. ഒടുവിൽ സ്ഥിരമായി കഞ്ഞിയും ഉപ്പും മാത്രമായി. ചിലപ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ഉപ്പും കഞ്ഞിയുമാക്കും. കഞ്ഞിയിൽ വറ്റു കണ്ടുപിടിക്കുന്നവർ യുറേക്കാ, യുറേക്കാ എന്നു വിളിച്ച് എഐസിസി ആസ്ഥാനത്തിനു ചുറ്റും ഓടുന്നതു പതിവു കാഴ്ചയായിരുന്നു.

തറവാടു മുടിഞ്ഞു കഴുക്കോലും പട്ടികയും വരെ ദ്രവിച്ചുതുടങ്ങിയതോടെ വാല്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു തുടങ്ങിയെന്നാണു വാർത്തകൾ. കൂലിയില്ലാതെ ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം തുടർന്നാൽ മതിയെന്ന് തറവാട്ടുഭരണം കൈകാര്യം ചെയ്യുന്നവർ വാല്യക്കാരെ അറിയിച്ചിട്ടുണ്ട്. കർശനമായ ചെലവു ചുരുക്കലാണു തറവാട്ടിൽ നടപ്പാക്കാൻ പോകുന്നത്. വായു മാത്രം ഭക്ഷിച്ചും സൂര്യപ്രകാശത്തിൽ നിന്ന് ഊർജം കണ്ടെത്തിയും വേണം ഇനി ജീവിക്കാൻ എന്ന സർക്കുലർ എല്ലാവർക്കും നൽകിയിട്ടുണ്ട്. മുണ്ടു മുറുക്കി ഉടുക്കുന്നതിൽ പിഎച്ച്ഡി നേടിയ അന്തോണീസ് പുണ്യാളൻ ഉള്ളിടത്തോളം കാലം തറവാട്ടിലാരും പട്ടിണി കിടക്കില്ലെന്നു കരുതാം. 

ട്യൂഷന്റെ ഗുണം 

മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് ഈയിടെയായി ഭാഷാപഠനത്തിന് എവിടെയോ ട്യൂഷനു പോകുന്നുണ്ടെന്നതു തീർച്ചയാണ്. അതിന്റെ ഗുണം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാണാനുമുണ്ട്. പ്രസംഗത്തിൽ പ്രയോഗിക്കുന്ന മിക്ക വാക്കുകളും കുറിക്കു കൊള്ളുന്നവയാണ്. ഈ വാക്കുകളെടുത്ത് ഇഴകീറി പരിശോധിച്ചാൽ മണിയാശാൻസ് അക്കാദമി ഓഫ് മോഡേൺ മലയാളത്തിലാണോ പിണറായി സഖാവ് ട്യൂഷനു പോകുന്നതെന്നു ന്യായമായും സംശയം തോന്നാം. 

മണിയാശാൻ ആൾ അഭിനവ പാണിനിയാണ്. അദ്ദേഹത്തിന്റെ ഭാഷാസ്വാധീനം കടുകട്ടിയാണ്. സാക്ഷാൽ പാണിനി വന്നാൽ വെറ്റിലയും വെള്ളിയുറുപ്പികയും വച്ച് ആശാനു ശിഷ്യപ്പെടുമെന്നു തീർച്ച. പണ്ടു പിണറായി സഖാവ് വെള്ള പുതപ്പിച്ചു കിടത്തും, എടോ ഗോപാലകൃഷ്ണാ എന്നൊക്കെ പറഞ്ഞപ്പോൾ അതിനെ വാമൊഴിവഴക്കമെന്നു വിളിച്ചു പ്രത്യയശാസ്ത്ര പരിവേഷം നൽകാൻ കെ.ഇ.എൻ. കുഞ്ഞമ്മദ് സായ്‌വിനെപ്പോലെ ചിലർ ഉണ്ടായിരുന്നു. എന്നാൽ, മണിയാശാന്റെ വാക്കുകളെ വാഴ്ത്താൻ അങ്ങനെയാരും ഉണ്ടായില്ലെന്നതു വേറെ കാര്യം.

കഴിഞ്ഞ ദിവസം കർണാടകയിലെ കോൺഗ്രസ് നേതാക്കൾ പ്ലാവില കാണിച്ചാൽ നാക്കുനീട്ടി പിന്നാലെ പോകുന്നവരാണെന്നു പിണറായി സഖാവു പറഞ്ഞതിൽ അൽപസ്വൽപം സത്യമില്ലാതില്ല. അത്തരക്കാർ ഡാഷ് ആളുകളാണെന്ന് അദ്ദേഹം പറഞ്ഞതോടെ ഈ ഡാഷ് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ച വാക്ക് എന്താണെന്നതിനെക്കുറിച്ചു ചർച്ചയും തർക്കവുമായി. ഡാഷിനു പകരം വേറെ നല്ല വാക്കുകളുണ്ടെന്നു കൂടി സഖാവ് പറഞ്ഞതു കൂട്ടിച്ചേർത്തു വായിക്കുമ്പോൾ ഒരുപാടു വാക്കുകൾ മനസ്സിൽ തെളിയും. 

മഹാന്മാർ, പ്രഗല്ഭർ, മഹാരഥൻമാർ, സുമനസ്സുകൾ തുടങ്ങിയ വാക്കുകളാണു മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് ഒരുകൂട്ടം പണ്ഡിതർ വാദിക്കുന്നു. എന്നാൽ, അച്ചടിക്കാൻ കൊള്ളാത്ത ചില വാക്കുകളാണ് അദ്ദേഹം മനസ്സിൽ കണ്ടതെന്നു വേറൊരു കൂട്ടം പണ്ഡിതർ ശഠിക്കുന്നു. പണ്ഡിതന്മാർ എക്കാലത്തും അങ്ങനെയാണ്.

ശണ്ഠകൂടിയാലേ പണ്ഡിതനാകൂ എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ അവരെ ബാധിച്ചിട്ടുണ്ട്. നിപ്പ വൈറസിനെക്കാൾ അപകടകാരിയായ മറ്റൊരു വൈറസാണ് ഇവരെയെല്ലാം ബാധിച്ചിരിക്കുന്നത്. ഇതിനുള്ള ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ശൈലജ ടീച്ചർ വിചാരിച്ചാൽ ചിലപ്പോൾ നടക്കുമായിരിക്കും.

ഏതായാലും മണിയാശാൻസ് അക്കാദമി ഓഫ് മോ‍ഡേൺ മലയാളത്തിലെ ട്യൂഷൻ പിണറായി സഖാവ് ഉപേക്ഷിക്കരുത്. സഖാവിന്റെ ഭാഷ ഇനിയും കുറെയേറെ മെച്ചപ്പെടേണ്ടതുണ്ട്. ഊരിപ്പിടിച്ച വാളുകൾ കൊണ്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതു കൊണ്ടോ സ്വന്തമായി ഇരട്ടച്ചങ്കുണ്ടായതു കൊണ്ടോ മലയാളം മെച്ചപ്പെടില്ല. അതിനു കുട്ടിക്കാലത്തേ ആശാൻകളരിയിൽ പോകണം. അതു  മണിയാശാന്റെ കളരിയാണെങ്കിൽ അത്യുത്തമം.

ഉദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകൂ

പ്രളയബാധിതർക്ക് 1000 വീടുകൾ വച്ചുനൽകാൻ അന്നത്തെ കെപിസിസി പ്രസിഡന്റ് എം. എം.ഹസൻ ആഗ്രഹിച്ചതിനെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. പോരാത്തതിന് വീടുനിർമാണ നിധിയിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ 5 ലക്ഷം രൂപ സംഭാവന കൊടുക്കുകയും ചെയ്തു. ഹസൻജിയുടെ കൈവശം ഉണ്ടായിരുന്നെങ്കിൽ പത്തോ ഇരുപതോ ലക്ഷം അദ്ദേഹവും സംഭാവന കൊടുക്കുമായിരുന്നു. കഷ്ടകാലത്തിന് കീശയിൽ കാശില്ലാതെ പോയി. ഖദർ ഷർട്ടും മുണ്ടും അലക്കിവെളുപ്പിച്ചു വജ്രപ്പശയിട്ടു തേയ്ക്കാനുള്ള ചെലവ് മാസാമാസം കണ്ടെത്തുന്നതിന്റെ പെടാപ്പാട് ഹസൻജിക്കു മാത്രമേ അറിയൂ.

ഹസൻജിയുടെ പിൻഗാമി മുല്ലപ്പള്ളി രാമചന്ദ്രൻ നോക്കിയപ്പോൾ 1000 വീടുണ്ടാക്കാനുള്ള പാങ്ങൊന്നും പാർട്ടിക്കില്ല. അദ്ദേഹം ലക്ഷ്യം 500 ആയി പുനർനിർണയിച്ചു. വേണമെങ്കിൽ അതു 371 ആക്കാനും വ്യവസ്ഥയുണ്ട്. പക്ഷേ, അതുതന്നെ പൂർത്തിയാക്കണമെങ്കിൽ ഹൈക്കമാൻഡിൽ നിന്നും കർണാടക പിസിസിയിൽ നിന്നുമെല്ലാം കയ്യയച്ച സഹായം ലഭിക്കണം. 

പണസഞ്ചിയുമായി ഹൈക്കമാൻഡിനെ സമീപിച്ചപ്പോൾ, നിത്യനിദാനച്ചെലവിനു പണം പിരിക്കാൻ പിച്ചപ്പാത്രവുമായി എഐസിസി സെക്രട്ടറിമാർ ഊരുതെണ്ടുന്നതാണു കണ്ടത്. പിന്നെ കൂടുതലൊന്നും മിണ്ടാതെയും പറയാതെയും മടക്ക ടിക്കറ്റു വാങ്ങി തിരിച്ചുപോന്നു. 

കർണാടക പിസിസി ഒരു കോടിയാണു വാഗ്ദാനം ചെയ്തത്. അതു വാങ്ങാൻ ബെംഗളൂരുവിൽ ചെന്നപ്പോൾ എന്തെങ്കിലും അങ്ങോട്ടു കൊടുക്കാൻ വകുപ്പുണ്ടോ എന്നായി ചോദ്യം. പാർട്ടി എംഎൽഎമാരെ സ്ഥിരമായി പാർപ്പിക്കാൻ റിസോർട്ട് പണിയുന്നതിനാണത്രെ അവിടത്തെ പിസിസിയുടെ മുൻഗണന. പോരാത്തതിന് എംഎൽഎമാർക്ക് ഇടയ്ക്കിടയ്ക്കു മുപ്പതോ നാൽപതോ കോടി വട്ടച്ചെലവിനായി നൽകുകയും വേണം. ഏതായാലും, കെപിസിസിയുടെ വീടുകൾ പലതും മഹത്തായ സങ്കൽപ സൗധങ്ങളായാൽ ഹസൻജിയെയോ ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജിയെയോ ആരും പഴിക്കരുത്. ഉദ്ദേശ്യശുദ്ധി ഒറ്റക്കാരണം കൊണ്ടുമാത്രം അവർക്കു മാപ്പു നൽകാം. 

സ്റ്റോപ് പ്രസ്:  പാർട്ടി ആവശ്യപ്പെട്ടാ ൽ വട്ടിയൂർക്കാവടക്കം ഏതു മണ്ഡലത്തിലും മത്സരിക്കാൻ തയാറാണെന്ന് എം.എം.ഹസൻ. 

ആവശ്യപ്പെട്ടാൽ മാത്രം പോരാ, നിർബന്ധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com