ADVERTISEMENT

ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനിൽ, കായിക ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തേണ്ട രണ്ട് അനർഘമുഹൂർത്തങ്ങൾ ഒരേസമയം പിറന്നതു യാദൃച്ഛികതയാകാം. അതു ലോകത്തിനു സമ്മാനിച്ചതാകട്ടെ, കാഴ്ചയുടെയും കളിയുടെയും പ്രതീക്ഷയുടെയും ഇരട്ടി സൗന്ദര്യം.

ക്രിക്കറ്റിന്റെ ഭവനമായ ലോഡ്സ് സാക്ഷ്യം വഹിച്ചത് ഏകദിന മത്സരചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ്. ആവേശകരമായ കലാശക്കളിയിൽ, ന്യൂസീലൻഡിനെ കീഴടക്കി ആതിഥേയ ടീമായ ഇംഗ്ലണ്ട് പന്ത്രണ്ടാം ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ഏതാണ്ട് അതേസമയത്തു തന്നെ, ടെന്നിസിന്റെ തറവാട്ടുമുറ്റമായ വിമ്പിൾഡനിൽ റോജർ ഫെഡററുടെ പോരാട്ടവീര്യത്തെ കീഴടക്കി നൊവാക് ജോക്കോവിച്ച് കരിയറിലെ 16–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം സ്വന്തമാക്കുകയായിരുന്നു. 

ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം സൂപ്പർ ഓവറിലൂടെ തീരുമാനിക്കപ്പെട്ടപ്പോൾ വിമ്പിൾഡന്റെ സെന്റർ കോർട്ടിൽ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾസ് മത്സരത്തിന്റെ ഫലം നിർണയിക്കപ്പെട്ടത് നീണ്ടുപോയ ടൈബ്രേക്കറിലാണ്. അവസാന നിമിഷംവരെ രണ്ടു മത്സരങ്ങളും ആരും ജയിക്കാവുന്ന അവസ്ഥയിലായിരുന്നു. ലോഡ്സിൽ തോൽവിയിലും ജേതാക്കളെപ്പോലെ ശിരസ്സുയർത്തി ന്യൂസീലൻഡ് മടങ്ങിയപ്പോൾ, ടെന്നിസ് റാക്കറ്റെടുത്തവരിൽ ഏറ്റവും മഹാനായ റോജർ ഫെഡറർക്ക് 21ാം ഗ്രാൻ‌സ്‍ലാം കിരീടം നഷ്ടമായതു തലനാരിഴ വ്യത്യാസത്തിലായി. ഈ അനിശ്ചിതത്വവും ആവേശവുമാണ് കായികരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. 

ഇംഗ്ലണ്ട് ഏകദിന ലോകകപ്പിലെ പുതിയ രാജാക്കന്മാരായി അവരോധിതരായപ്പോൾ ലോഡ്സിലെ ഗാലറിയിൽ ഉയർന്ന ആരവം അവിടത്തെ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. ഈ കളിയുടെ ജന്മനാടാണെങ്കിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോളും റഗ്ബിയും മറ്റും ഇഷ്ടപ്പെടുന്നവരായി ഇംഗ്ലിഷ് ജനത മാറിക്കഴിഞ്ഞെന്നിരിക്കെ, വിശേഷിച്ചും. രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ താരമൂല്യം ശരാശരി മാത്രമായിരുന്നതും ഇതിനു കാരണമായി. എന്നാൽ, കഴിഞ്ഞ നാലു വർഷത്തിനിടെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികളാണ് ലോഡ്സിൽ സാർഥകമായത്. ഇതിനുമുൻപ് മൂന്നു തവണ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിയിരുന്നെങ്കിലും ഇംഗ്ലണ്ട് ചാംപ്യൻമാരാകുന്നത് ആദ്യമാണ്. 

ഫൈനലിന്റെ 50 ഓവറുകളിലും പിന്നീടു വിജയികളെ കണ്ടെത്താൻ നടത്തിയ സൂപ്പർ ഓവറിലും ഇംഗ്ലണ്ടുമായി ഒപ്പത്തിനൊപ്പം നിന്നിട്ടും കിരീടം കൈവിടേണ്ടിവന്ന ന്യൂസീലൻഡ് വീരോചിത പോരാട്ടത്തിന്റെ പേരിൽ എന്നും ആദരവോടെ ഓർമിക്കപ്പെടും. സൂപ്പർ ഓവറിലും തുല്യസ്കോർ വന്നതിനാൽ കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിജയികളായി തീരുമാനിച്ചതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിജയികളെ നിർണയിക്കാൻ ഇതു തന്നെയാണോ യോജ്യമായ മാർഗം എന്ന് ഐസിസി വിലയിരുത്തുമെന്നു പ്രത്യാശിക്കാം.

ഇന്ത്യയുടെ പോരാട്ടം സെമിയിൽ അവസാനിച്ചുപോയെങ്കിലും ലോകകപ്പിലെ ടോപ് സ്കോറർ ആയ രോഹിത് ശർമയുടെ അഞ്ച് സെഞ്ചുറികളടക്കം ഒട്ടേറെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് ആരാധകർക്ക് ടീം ഇന്ത്യ സമ്മാനിച്ചത്. ലോകകപ്പ് പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി അനിവാര്യമാറ്റങ്ങളുടെ കാലമാണ്. അടുത്ത വർഷം ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ പോരാട്ടങ്ങൾക്കു തയാറെടുക്കാൻ പ്രാപ്തമായ നിരയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുണ്ട്. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ കുതിപ്പിനു കരുത്തു പകരുന്നതാകട്ടെ ഇനിയുള്ള നടപടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com