ADVERTISEMENT

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളുടെ ‘സമരവീര്യം’ സ്വന്തം സംഘടനയിൽപെട്ടവർക്കു നേരെ തിരിഞ്ഞതോടെയാണ് നാട്ടുകാർക്കു നേരത്തേതന്നെ അറിവുണ്ടായിരുന്ന അരമനരഹസ്യം പരസ്യമായി അംഗീകരിക്കാൻ അതിന്റെ നേതൃത്വം നിർബന്ധിതരായത്. അവർ തെറ്റ് ഏറ്റുപറയുകയും സമൂഹത്തോടു മാപ്പു ചോദിക്കുകയും ചെയ്തു. 

‌തുടർന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളും നിയമസഭാ സ്പീക്കറും മന്ത്രിമാരും എസ്എഫ്‌ഐ അക്രമത്തെ തള്ളിപ്പറഞ്ഞു. ആ സംഘടന അക്രമം നടത്തുന്ന കാര്യം ആദ്യമായറിയുന്ന മട്ടിലാണ്, എസ്എഫ്ഐയിലൂടെ വളർന്നുവന്ന അവർ പ്രതികരിച്ചത്. പ്രവർത്തനം യുവജന സംഘടനയിലേക്കും പാർട്ടിയിലേക്കും മാറ്റിയശേഷം, തങ്ങളെ പോറ്റിവളർത്തിയ വിദ്യാർഥിസംഘടനയിൽ എന്താണു നടക്കുന്നതെന്ന് മനസ്സിലാക്കാതെ മുന്നോട്ടുപോയ നിഷ്കളങ്കരാണ് അവരെന്നു വിശ്വസിക്കാൻ അവരുടെ കഴിവിലുള്ള മതിപ്പ് അനുവദിക്കുന്നില്ല. 

തന്റെ കാലത്ത് എസ്എഫ്ഐ ഇങ്ങനെയായിരുന്നില്ലെന്നു മന്ത്രി ജി.സുധാകരൻ പറയുന്നു. എങ്കിൽ അതിന്റെ ക്രെഡിറ്റ് അന്നു പാർട്ടിയിൽ എസ്എഫ്ഐയുടെ ചുമതല വഹിച്ചിരുന്ന നേതാക്കൾക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെടുന്നതു പോലെ എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല. പാർട്ടിയുടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന പോഷക സംഘടനയാണത്‌.

പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന സമിതികളിൽ ഓരോ ബഹുജന - പോഷക സംഘടനയുടെയും പ്രവർത്തനം നിയന്ത്രിക്കാൻ ചുമതലപ്പെട്ടവരുണ്ട്‌. ഏതാനും കൊല്ലം മുൻപ് ഒരു സംഘർഷനാളിൽ എകെജി സെന്ററിൽ നിന്നിറങ്ങി വന്ന് യൂണിവേഴ്സിറ്റി കോളജിലെ ക്ലാസ് മുറിയിൽ താണ്ഡവമാടിയ കോടിയേരി ബാലകൃഷ്ണൻ ഇതറിയാത്തതല്ല. നേതാക്കന്മാർ ഇത്തരത്തിൽ ബോധപൂർവം കപടവാദങ്ങൾ നിരത്തുമ്പോൾ അക്രമികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് എങ്ങനെ വിശ്വസിക്കും?

കോടിയേരി ബാലകൃഷ്ണൻ എത്ര കിണഞ്ഞു ശ്രമിച്ചാലും എസ്എഫ്‌ഐയിൽ വളർന്നിട്ടുള്ള അക്രമോത്സുകതയുടെ ഉത്തരവാദിത്തത്തിൽ നിന്നു പാർട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. അതേസമയം, കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നവർ അദ്ദേഹം വളർത്തിയവരല്ല, അദ്ദേഹത്തിനു കൈമാറിക്കിട്ടിയവരാണ്. 

പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കടിഞ്ഞാൺ പിടിച്ചിരുന്ന കാലത്ത് ഒരിക്കൽ യൂണിവേഴ്സിറ്റി കോളജിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന എസ്എഫ്ഐക്കാർ അവർക്കുണ്ടെന്നു പറയുന്ന സ്വാതന്ത്ര്യം വിനിയോഗിക്കാൻ ശ്രമിച്ചു. അവർ ചില മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ചയ്ക്കെടുക്കുകയും പാർട്ടിയുടെ ഹിതം നോക്കാതെ മനുഷ്യാവകാശ പ്രവർത്തകരെ പരിപാടികൾക്കു ക്ഷണിക്കുകയും ചെയ്തു. അന്ന് നേതൃനിരയിലുണ്ടായിരുന്ന ഒരു കുട്ടിയെയും പാർട്ടി, എംഎൽഎ പോയിട്ട്‌, പഞ്ചായത്തംഗം പോലുമാക്കിയില്ല. അതേസമയം,  അക്രമവാസന കാട്ടിയ ആരോടും ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതുമില്ല. 

യൂണിവേഴ്സിറ്റി കോളജിലേത് ഒറ്റപ്പെട്ട സംഭവമല്ല. മറ്റു പലയിടങ്ങളിലും എസ്എഫ്ഐ പ്രവർത്തകർ ഇതര സംഘടനകൾക്കു നേരെയും പ്രിൻസിപ്പൽമാർക്കു നേരെയുമൊക്കെ അതിക്രമം കാട്ടിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ മാത്രമല്ല, പാർട്ടി കണ്ടെത്തിയ വൈസ് ചാൻസലർമാരും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘടനകളെ ഭയന്നു കഴിയാറുണ്ട്. എസ്എഫ്ഐയുടെ മാതൃക പിന്തുടർന്ന് മറ്റു ചില വിദ്യാർഥിസംഘടനകളും അവർക്ക് ആധിപത്യമുള്ള ക്യാംപസുകളിൽ മറ്റുള്ളവർക്കു പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സർവാധിപത്യം സ്ഥാപിച്ചിട്ടുണ്ട്. 

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തുകേസിലെ പ്രതികൾ മുൻപും അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നവരാണെന്നും രണ്ടു പേർ പൊലീസിൽ ചേരാനുള്ള തയാറെടുപ്പിലാണെന്നും അതിലൊരാളുടെ വീട്ടിൽനിന്നു സർവകലാശാലാ പരീക്ഷയിൽ ഉത്തരമെഴുതാനുള്ള കടലാസിന്റെ കെട്ടും വ്യാജ സീലും കണ്ടെത്തിയെന്നും വാർത്തകളിൽ കാണുന്നു. ഇത് എസ്എഫ്ഐ നേതാക്കൾ സംഘടനാ പ്രവർത്തനങ്ങൾക്കപ്പുറം, അംഗങ്ങൾക്കും ഒരുപക്ഷേ, അനുഭാവികൾക്കും പരീക്ഷ ജയിക്കാനും സർട്ടിഫിക്കറ്റ് നേടാനും ജോലി തരപ്പെടുത്താനുമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്നു. 

എസ്എഫ്ഐ അംഗത്വമുള്ള വിദ്യാർഥികളടക്കം സംഘടനാ നേതാക്കൾക്കെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെയാണ് യൂണിവേഴ്സിറ്റി കോളജ് സംഭവം വലിയ ജനശ്രദ്ധ നേടിയത്. ഇതു തിരിച്ചറിഞ്ഞ് ഈ ചീഞ്ഞുനാറുന്ന സംവിധാനം സൃഷ്ടിച്ചവർ തന്നെ, അവരുടെ സ്വന്തം താൽപര്യം മുൻനിർത്തി, അതു ശുദ്ധീകരിച്ച് വിദ്യാർഥിരാഷ്ട്രീയത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കുതകുന്ന സാഹചര്യം ഒരുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com