ADVERTISEMENT

സന്യാസി ഇരു കൈകളും വിരിച്ചുപിടിച്ചു ധ്യാനിക്കുകയാണ്. വെയിലും മഴയും വകവയ്‌ക്കാതെ മണിക്കൂറുകൾ നീണ്ട ധ്യാനം. കൂടൊരുക്കാൻ സുരക്ഷിതമായ ഇടം തേടി പറക്കുകയായിരുന്ന കുരുവി, വിരിഞ്ഞുനിൽക്കുന്ന കൈകൾ കണ്ടു. അത് സന്യാസിയുടെ ഒരു കയ്യിൽ കൂടൊരുക്കി. മറുകയ്യിൽ മറ്റൊരു കിളിയുമെത്തി. 

കണ്ണു തുറന്നപ്പോൾ ഇതെല്ലാം കണ്ട സന്യാസി, കൈകൾ മാറ്റുന്നത് കിളികളോടുള്ള ദ്രോഹമാണെന്നു കരുതി. അദ്ദേഹം അങ്ങനെതന്നെ നിന്നു. ഒരു കിളി പോകുമ്പോൾ മറ്റൊന്നു വരും, പിന്നെ അടുത്തത്... അങ്ങനെ നിന്നുനിന്ന് കാലങ്ങൾക്കു ശേഷം സന്യാസി ഒരു വൃക്ഷമായി മാറി. 

ആരായിത്തീരുന്നു എന്നത് സ്ഥിരമായി എന്തു ചെയ്‌തുകൊണ്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. തനിക്കു വേണ്ടി മാത്രം ജീവിക്കുന്നവർ താനായിത്തന്നെ തുടരും. മറ്റുള്ളവർക്കുവേണ്ടിക്കൂടി ജീവിക്കുന്നവർ തണലായിത്തീരും. എല്ലാ കർമങ്ങളിലും ഒരു സ്വയം സ്‌നേഹവും അപരതാൽപര്യവും ഉണ്ടാകണം. 

സ്വയം പൂർണ വളർച്ചയെത്തുന്നത് സ്വന്തം സാധ്യതകളുടെ പരകോടി. മറ്റുള്ളവരുടെ പൂർണ വളർച്ചയ്‌ക്കു വഴിയൊരുക്കുന്നത് അവരുടെ സാധ്യതകൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമം. മരമാകാനും വേരുകളുറപ്പിക്കാനും എല്ലാവർക്കും കഴിയും. ചില്ലകൾ വിരിക്കാനും തളിരിടാനും നന്മയുള്ളവർക്കു മാത്രമേ കഴിയൂ. സ്വന്തം അഭിലാഷ സാക്ഷാത്‌കാരത്തിനുവേണ്ടി കരങ്ങൾ വിരിച്ചു നിൽക്കുന്നവരുടെ ചിട്ടപ്പെടുത്തിയ പ്രാർഥനകളെക്കാൾ, അന്യന് അഭയമൊരുക്കുന്നതിനു വേണ്ടിയുള്ള നിശ്ചലദൃശ്യങ്ങളാണ് ഈശ്വരനു പ്രിയങ്കരമാകുക. 

ജീവിതം തന്നെ സഹജീവികളോടുള്ള സഹാനുഭൂതിയാണെങ്കിൽ എല്ലാ കർമങ്ങളിലും ഒരു അപരസാന്നിധ്യം ഉണ്ടാകും. സ്വയം ശാന്തരാകുന്നവർക്കു മാത്രമേ മറ്റുള്ളവരെ ശാന്തരാക്കാൻ കഴിയൂ; സ്വയം വെളിച്ചമുള്ളവർക്കു മാത്രമേ അപരനു വെളിച്ചമാകാൻ സാധിക്കൂ; സഹനവും സഹവർത്തിത്വവും ഒരുപോലെ സ്വായത്തമാക്കിയവർക്കു മാത്രമേ മരമാകാനും തണലാകാനും കഴിയൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com