ADVERTISEMENT

നമ്മുടെ കേരള രാജ്യത്തെ നായ്ക്കളായ നായ്ക്കളൊക്കെയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയോ നിൽക്കുകയോയായിരുന്നു ഇന്നലെ. ഒരു വീട്ടിലെയും ഒരു നായും തുള്ളി വെള്ളം കുടിക്കുകയോ വീട്ടുകാർ സ്നേഹപൂർവം നൽകിയ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല. വീട്ടിലേക്കു കയറിവന്ന അപരിചിതരെ നോക്കി ഇന്നലെ ഒരു നായും കുരച്ചില്ല. 

എല്ലാ നായ്ക്കളും ഒരേയൊരിരിപ്പ്. തെക്കൻ കേരളത്തിലെ പട്ടികൾ വടക്കോട്ടും വടക്കൻ കേരളത്തിലെ നായ്ക്കൾ തെക്കോട്ടും നോക്കിയായിരുന്നു ഇരിപ്പും നിൽപും. ആ നോട്ടങ്ങളെല്ലാം വാസ്തവത്തിൽ പത്തനംതിട്ടയിലേക്കായിരുന്നു; പത്തനംതിട്ട കലക്ടറേറ്റിലേക്ക്.

വിവരാവകാശത്തിൽ ഒരു നായ്ക്കും കാര്യമില്ലെന്നായിരുന്നു സംസ്ഥാന നായ്ക്കൾക്കും ദേശീയ നായ്ക്കൾക്കും ഇതുവരെയുണ്ടായിരുന്ന വിചാരം. എന്നാൽ, നായ് ഓരിയിടുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിൽ വിവരാവകാശം മാത്രമല്ല, മുഖ്യ വിവരാവകാശം തന്നെ അടങ്ങിയിട്ടുണ്ടെന്ന് നായ്ക്കൾക്ക് ഈയിടെ മനസ്സിലായി.

അയൽവീട്ടിലെ നായ് ഓരിയിടുന്നതിനെതിരെ ഒരാൾ പരാതി നൽകിയതിൽ നിന്നാണ് സംഗതി വിവരാവകാശമായി മാറിയത്. വിവരാവകാശത്തിൽ തൊട്ടുകളിക്കാൻ ഒരു നായ്ക്കും അവകാശമില്ലാത്തതിനാൽ ഓരിയിടൽ രഹസ്യം കണ്ടെത്താൻതന്നെ മുഖ്യ വിവരാവകാശ കമ്മിഷണർ തീരുമാനിച്ചു. 

വിവരമുണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്നു വിചാരിച്ച് പരാതിക്കാരനെയും നായുടമയെയും മറ്റു ബന്ധപ്പെട്ടവരെയുമെല്ലാം പത്തനംതിട്ട കലക്ടറേറ്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. 

ഓരിയുടെ കാരണം വിവരാവകാശ കമ്മിഷൻ കണ്ടെത്തുകയാണെങ്കിൽ അതൊന്നറിയാമല്ലോ എന്നു വിചാരിച്ചാണ് നായ്ക്കളെല്ലാം ഇന്നലെ ഉപവാസപൂർവം പത്തനംതിട്ടയുടെ ദിശയിലേക്കു നോക്കി ധ്യാനനിരതരായതെന്ന് ആർക്കും മനസ്സിലായില്ല. പട്ടിക്കു സുഖമില്ലെന്നു തോന്നുന്നു എന്ന ആത്മഗതം പല വീടുകളിലും ഉയർന്നുകേട്ടു.

ഓരിയിടൽ പരാതിയിലെ നായകനായ് ഒരു വർഷമായി ഓരിയിടുന്നില്ല എന്ന അറിവ് എല്ലാ നായ്ക്കളെയും ഞെട്ടിച്ചു. ഒരു പരാതിയുയർന്നയുടൻ‌ ഓരിയിടൽ നിർത്തുന്നതാണോ നായ്ധർമം എന്ന വലിയ ചോദ്യം മിക്ക നായ്ക്കളുടെയും തൊണ്ടയിലിരുന്നു കുറുകി. അയൽവീട്ടിൽ കേൾക്കാത്തത്ര ശബ്ദം കുറച്ചേ ഓരിയിടാവൂ എന്നോ മറ്റോ വിവരാവകാശ ഉത്തരവുണ്ടാകുമോ എന്നൊരു പേടി നായ്ക്കൾക്കുണ്ടായിരുന്നു. 

എന്നാൽ, മുഖ്യ വിവരാവകാശ കമ്മിഷണറുടെ പത്തനംതിട്ട യോഗം നടന്നെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല എന്നാണ് നായ്ക്കൾ മനസ്സിലാക്കുന്നത്. ബന്ധപ്പെട്ട അധികാരിയുടെ പക്കലില്ലാത്ത വിവരം നൽകാനാവില്ല എന്ന കണ്ടെത്തലിൽ യോഗം അവസാനിച്ചത്രെ.

നായ്ക്കൾ പൊട്ടിച്ചിരിച്ചാൽ കുരയായിത്തോന്നുമോ അതോ ഓരിയായിത്തോന്നുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com