sections
MORE

സിപിഎം ആദ്യം നിലപാട് മാറ്റട്ടെ

SHARE

ഏറ്റവും അപകടകരം തന്നെയാണത്: പൊലീസിന്റെ രാഷ്‌ട്രീയവൽക്കരണം. ശബരിമലയിൽ സർക്കാരിനെ പൊലീസ് ആർഎസ്എസിന് ഒറ്റുകൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാനച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആഞ്ഞടിച്ചത് അത്യധികം ഗൗരവമുള്ള ആരോപണമായാണു കേരളം കേട്ടത്. അതേസമയം, പൊലീസിനെ രാഷ്‌ട്രീയവൽക്കരിച്ചതിൽ പ്രധാന പങ്കുള്ള സിപിഎമ്മിന്റെ മുഖ്യമന്ത്രിതന്നെ ഈ ആരോപണം ഉന്നയിക്കുമ്പോൾ അപ്പറഞ്ഞതിലെ ഇരട്ടത്താപ്പു കൂടി ഈ നാട് കാണുന്നുണ്ട്. പൊലീസിൽ പാർട്ടിനിറം ആദ്യം കനത്തിൽ പൂശിക്കൊടുത്തശേഷം, അതു മറന്ന് മറ്റുള്ളവരെ പഴിചാരുന്നതിൽ എന്തർഥം? 

സത്യസന്ധമായി ജോലി ചെയ്തെന്നു നെഞ്ചിൽ കൈവച്ചുപറയാൻ എത്രപേർക്കു പറ്റുമെന്നു പരിശോധിക്കണമെന്നു കൂടി മുഖ്യമന്ത്രി പൊലീസിനോടു പറയുകയുണ്ടായി. ആ സത്യസന്ധത കളയാനും പൊലീസിന്റെ കാക്കിക്കുപ്പായത്തെ ചുവപ്പണിയിക്കാനും മുന്നിട്ടിറങ്ങിയ സ്വന്തം പാർട്ടിയെ ഒഴിവാക്കി അദ്ദേഹം വലിയൊരു ആരോപണം ഉന്നയിച്ചതിൽ ഒട്ടും ന്യായമില്ല. രാഷ്ട്രീയം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽപറത്തി കേരള പൊലീസ് അസോസിയേഷൻ ചുവക്കുന്നതായി കഴിഞ്ഞ വർഷം ഇന്റലിജൻസ് മുന്നറിയിപ്പുതന്നെ ഉണ്ടായതാണ്. 

പൊലീസിന്റെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന പൊലീസ് സേനകളിൽ സംഘടനാസ്വാതന്ത്ര്യം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനമുണ്ടായത് 1979ൽ ആണ്. ആ സംഘടനാസ്വാതന്ത്ര്യം ഈ അവസ്ഥയിലെത്തുമെന്ന് അന്നാരും കരുതിയിരിക്കില്ല. പൊലീസിനെ രാഷ്‌ട്രീയ സ്വാധീനങ്ങളിൽനിന്ന് ഒഴിവാക്കി, സ്വതന്ത്ര സംവിധാനമാക്കി നിലനിർത്താനുള്ള മാർഗങ്ങളാണ് 2006ലെ പ്രകാശ് സിങ് കേസിൽ തങ്ങൾ നിർദേശിച്ചതെങ്കിലും അവയിൽ മായം ചേർക്കുന്ന രീതിയിലാണു കേരള നിയമസഭ 2011ൽ പൊലീസ് നിയമം പാസാക്കിയതെന്നു സുപ്രീം കോടതി വിമർശിച്ചിട്ടുണ്ട്. 

രാഷ്ട്രീയസ്വാധീനമുള്ളവർക്കു വേണ്ടി പൊലീസുകാർക്ക് എത്രത്തോളം ജനദ്രോഹം ചെയ്യാമെന്നതിനു പല സമീപകാല സംഭവങ്ങളും സാക്ഷ്യം പറയുന്നു. എത്ര പാഠങ്ങളിലൂടെ കടന്നുപോയിട്ടും അതു പഠിക്കാത്തവരും നമ്മുടെ പൊലീസ് സേനയിലുണ്ടെന്നതിൽ ലജ്ജിക്കുക. പൊലീസ് സംവിധാനത്തിന്റെ നിലപാടുദോഷത്തെ വിമർശിച്ചു തലപ്പത്തുതൊട്ടു മാറ്റംവരുത്തി ഭരണം തുടങ്ങിയ സർക്കാരാണിത്. എന്നിട്ടും, പൊലീസിന്റെ അധികാര ദുർവിനിയോഗവും നിഷ്ക്രിയത്വവും ലോക്കപ്പ്പീഡനവുമൊക്കെ മറനീക്കിയ സംഭവങ്ങൾ പലതവണയുണ്ടായി. രാഷ്ട്രീയക്കാർക്കു വശംവദരാവുന്ന പൊലീസുകാർക്കുള്ള മുന്നറിയിപ്പായിരുന്നു വരാപ്പുഴ കസ്റ്റഡിമരണം. അതു നൽകുന്ന സന്ദേശം നമ്മുടെ പൊലീസുകാരിൽ ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല എന്നതിനു തെളിവല്ലേ തുടർന്നുണ്ടായ പല സംഭവങ്ങളും. 

നീതിനിർവഹണത്തിന്റെയും നിയമപാലനത്തിന്റെയും അഭിമാനപാരമ്പര്യമുള്ളതാണു നമ്മുടെ പൊലീസ് സേന. പക്ഷേ, സമർപ്പിത സേവനം ചെയ്യുന്നവർക്കു മുഴുവൻ അപമാനമുണ്ടാക്കി സേനയിൽ ചിലരെങ്കിലും  രാഷ്ട്രീയക്കാർക്കുവേണ്ടി ജോലി ചെയ്യുന്നത് കണ്ടിരിക്കാനുള്ളതല്ല. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള നമ്മുടെ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി പൊലീസിനെ ആജ്ഞാനുവർത്തികളാക്കിയതു കേരളത്തിന്റെ ശാപം തന്നെയാണ്.

ചില പൊലീസ് ഉദ്യോഗസ്ഥരെങ്കിലും സ്റ്റേഷനിൽ സ്വന്തം പാർട്ടിക്കാർക്കു നൽകുന്ന സ്വീകരണവും മറ്റുള്ളവരോടു കാട്ടുന്ന അവഗണനയും നാം എത്രയോ നാളായി കണ്ടുപോരുന്നുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ ഓഫിസുകളിലേക്ക് നട്ടെല്ലു വളയ്ക്കാതെ കടന്നുചെല്ലുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘കൈകാര്യം ചെയ്യുന്ന’ രീതിക്കും സിപിഎം തന്നെ എത്രയെത്ര ഉദാഹരണങ്ങൾ തന്നിരിക്കുന്നു. 

ജനങ്ങളുടെ കാവൽക്കാരാകേണ്ട പൊലീസുകാർ ഭരണഘടനയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത മറന്ന്, രാഷ്‌ട്രീയക്കാരുടെ ചട്ടുകങ്ങളായി മാറുന്നതിനെക്കാൾ വലിയ അപകടം ജനാധിപത്യത്തിൽ സംഭവിക്കാനില്ല. പൊലീസ് എന്ന ഇംഗ്ലിഷ് വാക്കിലെ ‘എൽ’ എന്ന അക്ഷരം വിശ്വസ്തതയെ (ലോയൽറ്റി) കുറിക്കുന്നു.

ജനങ്ങളോടും സമൂഹത്തോടും നിയമവ്യവസ്ഥയോടുമൊക്കെയുള്ള വിശ്വസ്തതയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ വിശ്വസ്തത, പണത്തോടോ അധികാരത്തോടോ സ്വകാര്യ താൽപര്യങ്ങളോടോ ആയിക്കൂടാ. ഏതു രാഷ്ട്രീയ കക്ഷിയോടുമുള്ള വിശ്വസ്തത പൊലീസ് സേനയെ അങ്ങേയറ്റം കളങ്കിതമാക്കുമെന്നു തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA