ADVERTISEMENT

മാനവസമുദായം വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സ്‌ഥായിയായ ശാന്തിയും സന്തോഷവും എവിടെയും കാണാനില്ല.

സാമ്പത്തിക ക്ലേശങ്ങൾ, കുടുംബത്തിലെ അസ്വാരസ്യങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ, മതസൗഹാർദമില്ലായ്‌മ, അനുകരണീയ മാതൃകകളുടെ അഭാവം ഇങ്ങനെ പല കാരണങ്ങളാൽ യുവതലമുറ നിരാശയിലേക്കു വഴുതിക്കൊണ്ടിരിക്കുന്നു.

ramayanam
ഡോ. എം.ലക്ഷ്മികുമാരി

ഈ ഇരുട്ടിലും, സനാതനധർമത്തിന്റെ ദേശകാലാതീതമായ സന്ദേശങ്ങൾ മാനവരാശിയെ നയിക്കുന്ന പ്രകാശരേഖകളായി സാന്ത്വനവും മാർഗദർശനവും നൽകിക്കൊണ്ടിരിക്കുന്നു എന്നത് അദ്ഭുതാവഹം തന്നെയാണ്.

ഇവിടെയാണു രാമായണത്തിന്റെയും ഭാരതീയ സംസ്‌കാരത്തെ കാലാതീതമായി നിലനിർത്തുന്ന ആധ്യാത്മിക സന്ദേശങ്ങളുടെയും പ്രസക്‌തി. 

സത്യമെന്ന അദ്വൈത തത്വത്തെ ധർമമെന്ന ജീവിതപദ്ധതിയാക്കി മാറ്റുക എളുപ്പമല്ല. പരിപൂർണമായി ഇതു സാധിച്ചവർ ദൈവതുല്യരും അവതാരപുരുഷന്മാരുമാണ്.അവരുടെ ശരീരവും മനസ്സും ബുദ്ധിയും അചഞ്ചലമായി ആ സത്യത്തിൽ ഉറച്ചുനിൽക്കുന്നു.

അങ്ങനെ നിന്നുകൊണ്ടുതന്നെ ലൗകികജീവിതം നയിക്കുക സാധ്യമാണെന്ന് എത്രയോ മഹാപുരുഷന്മാർ നമുക്കു കാണിച്ചുതന്നിരിക്കുന്നു. ഇവരെ നാം അവതാരങ്ങൾ എന്നു കരുതുന്നു. സത്യവാനും ധർമിഷ്‌ഠനുമായി നിലകൊണ്ട് സ്വാർഥത കൈവെടിഞ്ഞ് ലോകഹിതത്തെ മാത്രം ലക്ഷ്യമാക്കി ജീവിച്ച അത്തരമൊരു മഹാപുരുഷനായിരുന്നു രാമായണത്തിലെ ശ്രീരാമചന്ദ്രൻ. 

വേദോപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന സത്യത്തെ സാധാരണ ജനഹൃദയങ്ങളിലേക്കു പകർന്നുകൊടുക്കാൻ മഹർഷികൾ കണ്ടെത്തിയ ഉത്തമമാർഗമാണു പുരാണേതിഹാസങ്ങൾ. ഈ സന്ദേശത്തെ പൂർണമായും ഉൾക്കൊണ്ടു ജീവിച്ചു കാണിച്ച ജീവസ്സുറ്റ വിഗ്രഹമാണു ശ്രീരാമൻ.

സാക്ഷാൽ ഭഗവാൻ മനുഷ്യരൂപമെടുത്തു മനുഷ്യനെപ്പോലെ ജീവിച്ച് ഈശ്വരതുല്യമായ പദവിയിലേക്ക് ഉയരുന്നതാണു നാം രാമായണത്തിൽ കാണുന്നത്. അത്തരമൊരു പൂർണാവിഷ്‌കരണം എളുപ്പമൊന്നുമല്ല എന്നു രാമായണം കാട്ടിത്തരുന്നു. 

ജീവിതലക്ഷ്യം സത്യസാക്ഷാത്‌കാരവും അതിന്റെ ബഹിരാവിഷ്‌കരണവുമാണെന്ന് ഉപദേശിച്ച വിവേകാനന്ദ സ്വാമി ഇതോടൊപ്പം പറഞ്ഞൊരു കാര്യമുണ്ട് – ‘ആന്തരികവും ബാഹ്യവുമായ പ്രകൃതിയെ നിയന്ത്രിച്ചുകൊണ്ടുവേണം ഇതു സാധിച്ചെടുക്കാൻ.’

മനോഹരവും ശാന്തസുന്ദരവുമായ ഒരു ആശ്രമമോ, ഹിമാലയസാനുക്കളിൽ ഒരു കുടീരമോ പണിതെടുക്കാൻ വലിയ വിഷമമൊന്നുമില്ല. ബാഹ്യപ്രകൃതിയെ നിയന്ത്രിക്കാൻ എളുപ്പമാണ്. എന്നാൽ, നമ്മുടെ മനസ്സിൽ സദാ ധർമാധർമങ്ങളെ വച്ചു കളിയാടിക്കൊണ്ടിരിക്കുന്ന പ്രവണതകളെ എങ്ങനെ നിയന്ത്രിക്കാനാകും? 

രാമൻ‍ 14 വർഷം വനവാസത്തിനു പോകണമെന്നും ഭരതനെ രാജാവായി അഭിഷേകം ചെയ്യണമെന്നും കൈകേയി ആവശ്യപ്പെട്ട സംഭവം ഓർക്കുക. കാറും കോളും നിറഞ്ഞു കലങ്ങിമറിഞ്ഞ ആ പ്രതിസന്ധിയെ സത്യധർമാദികളിൽ ഉറച്ചുനിൽക്കുന്ന ശ്രീരാമൻ എങ്ങനെ കൈകാര്യം ചെയ്‌തു എന്നത് ആ സ്വഭാവമഹിമ കാണിച്ചുതരുന്നു.

രാജകൽപന പ്രകാരം രാമൻ പിതൃസന്നിധിയിലെത്തി. പിതാവിനെ ദുഃഖിതനായിക്കണ്ട രാമൻ കൈകേയിയിൽ നിന്നു ദുഃഖകാരണം മനസ്സിലാക്കുന്നു. ‘നീ തന്നെയാണ് അച്‌ഛന്റെ ദുഃഖകാരണം’ എന്ന മുഖവുരയോടെ കൈകേയി എല്ലാം വിശദീകരിച്ചു.

അച്‌ഛന്റെ സത്യപാലനത്തിനായി അമ്മയെയും സീതയെയും രാജ്യത്തെയും ലക്ഷ്‌മണനെത്തന്നെയും ത്യജിക്കാൻ താൻ തയാറാണെന്നു രാമൻ ഉറപ്പിച്ചു പറയുന്നു. കൈകേയിയോടു വിദ്വേഷമൊന്നും കൂടാതെ ഭരതനെ യുവരാജാവാക്കാൻ സമ്മതിക്കുന്നു. 

ആ നിമിഷം തന്നെ കാട്ടിലേക്കു പോകാൻ തയാറെടുക്കുന്ന ശ്രീരാമനിലൂടെ മഹത്തായ ആദർശത്തിന്റെ പ്രകാശമാണു നാം കാണുന്നത്. സത്യധർമാദികളിൽ ഉറച്ചുനിൽക്കുന്ന ഒരാൾക്കു മാത്രമേ, മറ്റൊരാളുടെ സത്യപ്രതിജ്‌ഞയെ മനസ്സിലാക്കാനും പരിപാലിക്കാനുമുള്ള സന്മനസ്സും കരുത്തും ഉണ്ടാകുകയുള്ളൂ. രാമന്റെ ത്യാഗം ദശരഥനെ വാക്കു പാലിക്കുന്നവനാക്കിത്തീർത്തു.

തനിക്കു കൈവന്ന ഭാഗ്യത്തെ സസന്തോഷം ഭരതകുമാരനു കൈമാറിക്കൊണ്ട് സ്വന്തം ത്യാഗത്തിലൂടെ കൈകേയിയുടെ മനസ്സിനു ശാന്തിയും സമാധാനവും നൽകി. 

നിസ്സംഗത്വം നിറഞ്ഞ കാഴ്‌ചപ്പാടും പ്രവൃത്തികളുമാണു ജനഹൃദയങ്ങളിൽ സത്യധർമാദികളെ ഉറപ്പിക്കുന്നത്. പുത്രധർമം എന്തെന്ന് എത്ര ഭംഗിയായി ഇവിടെ വിവരിച്ചിരിക്കുന്നു. വയോധികനും പുത്രവിരഹത്താൽ പീഡിതനുമായ പിതാവിനെ കാത്തുരക്ഷിക്കണമെന്ന് അമ്മയെ ഓർമിപ്പിക്കുന്നു.

സീതാദേവിയുടെ പാതിവ്രത്യം ലോകത്തിനും പ്രത്യേകിച്ച് സ്‌ത്രീജനങ്ങൾക്കും ഒരു കൈവിളക്കായിരിക്കും എന്ന് അറിഞ്ഞുകൊണ്ടുതന്നെ സീതയെയും തന്റെ കൂടെ പോരാൻ അനുവദിക്കുന്നു.

മനുഷ്യരൂപത്തിൽ ദശരഥപുത്രനായി പിറന്ന ശ്രീരാമൻ സത്യധർമാദികളിൽ ഉറച്ചുനിന്ന് പടിപടിയായി ദിവ്യത്വത്തെ ആർജിക്കുന്നതും തന്റെ ഓരോ പ്രവൃത്തിയിലൂടെയും ആ ദിവ്യപ്രകാശത്തെ ആവിഷ്‌കരിക്കുന്നതുമായ മനോഹരചിത്രമാണ് രാമായണം നമുക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്. 

ഈയവസരത്തിൽ അവതാരങ്ങളെപ്പറ്റി നമ്മൾ ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണു പ്രപഞ്ചശക്‌തി അഥവാ ഈശ്വരൻ അവതാരമെടുക്കുന്നത്. അതൊരിക്കലും വ്യക്‌തിയുടെയോ സമുദായത്തിന്റെയോ രാഷ്ട്രത്തിന്റെയോ ഉദ്ദേശ്യസാധ്യത്തിനല്ല.

പ്രപഞ്ചതലത്തിലുള്ള സമഗ്രമായ ധർമസ്‌ഥാപനമാണ് അവതാരോദ്ദേശ്യം.‘അധർമം തലയുയർത്തുമ്പോൾ ഞാൻ അവതരിക്കുന്നു’ എന്ന ഗീതാവാക്യം ഇതാണ് ഓർമിപ്പിക്കുന്നത്. 

ശ്രീരാമന്റെ ജീവിതം ഭാരതീയസംസ്‌കൃതിയെ പ്രതിഫലിപ്പിക്കുന്നത് ലളിതജീവിതം, ഏറ്റവും മിതമായ ഉപഭോഗം, ജ്‌ഞാനം എന്നീ അത്യാധുനിക സങ്കൽപങ്ങളെ ഉൾക്കൊണ്ടു കൂടിയാണെന്നു നാം ഓർക്കണം. ഏറ്റവും നവീനമായ, ശാസ്‌ത്രീയമായ ജീവിതചിട്ടകളെയാണു രാമായണം എടുത്തുകാണിക്കുന്നത് എന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്. 

(കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടറും കന്യാകുമാരി ആസ്ഥാനമായ വിവേകാനന്ദ കേന്ദ്രം മുൻ രാജ്യാന്തര ഡയറക്ടറുമാണ് ലേഖിക) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com