ADVERTISEMENT

സത്യാന്വേഷി ഒരിക്കൽ ഒരു മതപുരോഹിതന്റെ അടുത്തെത്തി ചോദിച്ചു, നിങ്ങളുടെ വിശുദ്ധഗ്രന്ഥം വായിക്കാൻ നല്ലതാണോ; അതു വായിച്ചാൽ ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും ഉണ്ടാകുമോ? പുരോഹിതൻ പറഞ്ഞു, നിങ്ങൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ കിട്ടുന്ന മെനു എത്ര വിശിഷ്‌ടവും വൈവിധ്യമുള്ളതുമാണെങ്കിലും ആ മെനു കാർഡ് ഒരിക്കലും ഭക്ഷിക്കാൻ കഴിയില്ലല്ലോ!  

പ്രബോധനങ്ങൾ കൊണ്ടല്ല ആരും ജീവിക്കുന്നത്; അവയിൽനിന്നു പ്രചോദനമുൾക്കൊണ്ടുള്ള പ്രവൃത്തികൾ മൂലമാണ്. പറയുന്നതിലെ കാവ്യഭംഗിയോ എഴുതുന്നതിലെ അക്ഷരവടിവോ അല്ല ഉദ്‌ബോധനങ്ങളുടെ സൗകുമാര്യം. ഉദാഹരണങ്ങളായി ജീവിക്കുന്നവരുടെ സ്ഥിരതയും അനുകരിക്കുന്നവരിലെ ജീവിതവിശുദ്ധിയുമാണ് പ്രബോധനങ്ങളുടെ പ്രവൃത്തിപഥം. 

വിലവിവരപ്പട്ടികയിലെ വൈവിധ്യവും വ്യത്യസ്തതരം ഭക്ഷണത്തെക്കുറിച്ചുള്ള വർണനയുമല്ല ഭക്ഷണശാലയെ ശ്രേഷ്‌ഠമാക്കുന്നത്. നല്ല പാചകക്കാരനും പകരാനറിയാവുന്ന വിളമ്പുകാരനും ഉണ്ടാകണം. പഴഞ്ചൊല്ലിൽ പതിരില്ല എന്നതു സത്യമായിരിക്കും. പക്ഷേ, പ്രവൃത്തികൾ പൊള്ളയാക്കുന്നിടത്താണ് ചൊല്ലുകൾ പരാജയപ്പെടുന്നത്. വേദവാക്യങ്ങൾ ആയിരംതവണ ഉരുവിട്ടാലും കീർത്തനങ്ങൾ എത്ര സ്വരമാധുരിയിൽ ആലപിച്ചാലും ദൈനംദിന കർമങ്ങളെ ഉത്തേജിപ്പിക്കാനും നേർവഴിയിലാക്കാനും അവയ്‌ക്കു കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനം?   

 എന്തു വായിക്കുന്നു എന്നതുപോലെ പ്രധാനമാണ് എന്തിനുവേണ്ടി വായിക്കുന്നു എന്നതും. ഓരോ വായനയും വ്യത്യസ്തമാണ്. ആകാംക്ഷ കൊണ്ടാകാം; അറിവിനു വേണ്ടിയാകാം; അനുഭവത്തിനോ അനുകരണത്തിനോ വേണ്ടിയാകാം. ഗ്രന്ഥങ്ങളുടെ വിശുദ്ധി മാത്രമല്ല, വായിക്കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധിയും കൂടിയാണ് അവയെ പ്രസക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com