ADVERTISEMENT

കഴിഞ്ഞ ദിവസം ബേപ്പൂരിൽ വൈലാലിൽ വീട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 25–ാം ചരമവാർഷികദിനത്തിനു പോയപ്പോൾ എംടി സാറിനെ കണ്ടു. കോട്ടയ്ക്കലിൽ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയതിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു അത്. മനസ്സുകൊണ്ട് ഇന്നും ചെറുപ്പമായി നിൽക്കുന്ന വലിയൊരു എഴുത്തുകാരനെയാണ് അന്നു കണ്ടത്. എംടി സാറിന്റെ വാക്കുകൾക്കും എഴുത്തിനും ചെറുപ്പം നഷ്ടപ്പെട്ടതായി ഏതെങ്കിലും വായനക്കാരനു തോന്നിയിട്ടുണ്ടോ? അപ്പോഴാണു പ്രായത്തെക്കുറിച്ചു ചിന്തിച്ചത്. 

ഇന്നും നല്ലപോലെ വായിക്കുകയും ഈ കാലത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന മനസ്സ് ആ മനുഷ്യനുണ്ട്. മതിയായി എന്നു പറയുന്ന പ്രായമെത്തുമ്പോഴും, ഇനിയും വായിക്കാൻ ഒരുപാടു ബാക്കിയുണ്ടെന്നു പറയുന്ന ഒരാൾ. ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒരു പേരുണ്ട് – ചിത്രകാരൻ നമ്പൂതിരി. 96 വയസ്സുള്ള നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങൾക്ക് ഇന്നും മിഴിവുണ്ടാകുന്നത് അദ്ദേഹത്തിന്റെ മനസ്സിനു പ്രായമാകാത്തതുകൊണ്ടാണ്. തന്റെ മനസ്സിനെ നമ്പൂതിരി കൈവിരലിൽ ഒതുക്കിയിരിക്കുന്നു. 

ഇവരെപ്പോലെ മുതിർന്ന പലരും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനു ഒരു കാരണമേ ഉണ്ടാകൂ. അവരുടെ മനസ്സിൽ ഒരുലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അവർ അതിനുവേണ്ടി ജീവിച്ചു. മുടി നരച്ചതോ മുഖത്തു ചുളിവു വീണതോ ഒന്നും അവർ അറിഞ്ഞിരുന്നില്ല. കാലമേറുന്തോറും അവരുടെ പ്രവൃത്തിക്കു കരുത്തും മികവും കൂടിക്കൂടിവന്നു. അതുകൊണ്ടുതന്നെ, ആ മനസ്സുകൾക്ക് ഒരിക്കലും പ്രായത്തെക്കുറിച്ചു വ്യാകുലപ്പെടേണ്ടി വന്നില്ല.  നടൻ മധുസാർ പ്രായത്തെക്കുറിച്ചു വ്യാകുലപ്പെട്ടു കണ്ടിട്ടേയില്ല. നിറഞ്ഞ ചിരിയോടെ ഒരോ ദിവസവും വരുന്നു, പോകുന്നു.   

പ്രായമാകുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും വിവേചനപൂർവം തിരിച്ചറിയാനുമുള്ള കഴിവ് ഇല്ലാതാകുമെന്നാണ് അടുത്തകാലം വരെ പലരും വിചാരിച്ചിരുന്നത്. എന്നാൽ, ഇത്തരം ശേഷിക്കുറവ് അവയവങ്ങളുടെ കാര്യത്തിൽ മാത്രമാണു സത്യത്തിൽ സംഭവിക്കുന്നത്. മനസ്സു തന്നെയാണ് പ്രായത്തിന്റെ കാര്യത്തിൽ അവസാന തീരുമാനമെടുക്കുന്നത്. മനസ്സു തീരുമാനിച്ചാൽ ശരീരം അതിനു വഴങ്ങിക്കൊടുക്കുന്നു. അത്യാവശ്യം ആരോഗ്യമുണ്ടാകണമെന്നു മാത്രം. പ്രായമാകുമ്പോഴേക്കും കാത്തുവയ്ക്കേണ്ടത് അത്യാവശ്യം ആരോഗ്യം മാത്രമാണ്. അതു പിന്നീടു കിട്ടണമെന്നില്ല. 

പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്തുള്ള മേശപ്പുറത്തെ മറ്റൊരു പുസ്തകം എടുത്തുനോക്കണമെന്ന തോന്നലുണ്ടായാൽ, ആ പുസ്തകമെടുക്കാൻ ഭാര്യയെയോ മകളെയോ വിളിക്കുന്നുവെങ്കിൽ ഒരു കാര്യം തീർച്ചപ്പെടുത്തുക, നിങ്ങളുടെ മനസ്സിനെയും പ്രായം ആക്രമിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്.

ശരീരമനങ്ങി ചെയ്യാവുന്ന കാര്യങ്ങൾക്കു മനസ്സു തടസ്സപ്പെടുത്തുന്നുവെങ്കിൽ അതു മരണത്തിലേക്കുള്ള വേഗം കൂടിയതിന്റെ ലക്ഷണമാണ്. സ്വയം എഴുന്നേറ്റ‌ു പോയി പുസ്തകമെടുക്കാൻ തീരുമാനിച്ചാൽ ജീവിതം രണ്ടടികൂടി മുന്നോട്ടുവച്ചുവെന്നർഥം. കൃത്യമായി എന്തു നടക്കുമെന്നറി‍ഞ്ഞുകൊണ്ട് ഭാവി മുന്നോട്ടു പോകുമെങ്കിൽ അതിനെന്ത് ത്രില്ലാണ് ഉണ്ടാകുക?  അവ്യക്തമായ, കൃത്യമല്ലാത്ത, റൂട്ടറിയാത്ത ഒരു സഞ്ചാരമാണു ജീവിതത്തെ സന്തോഷഭരിതമാക്കുന്നത്.

ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ബാക്കിവയ്ക്കാതെ പെട്ടെന്നു ചെയ്തുതീർക്കുമ്പോൾ ജീവിതത്തിൽ ഒരുപാടു സമയം ബാക്കി കാണും. അപ്പോൾ പ്രായമാകുന്നുവെന്ന തോന്നലുണ്ടാകില്ല. ഒരുപാടു പുസ്തകം വായിച്ചുതീർക്കാനും എഴുതാനുമുള്ള എംടി സാറിന് ബാക്കി എത്ര സമയമുണ്ടെന്നോ ഇനി എന്താകുമെന്നോ ആലോചിച്ചിരിക്കാനാകില്ല.

പുസ്തകങ്ങളുടെ ദാഹം തീരാത്ത ലോകം അദ്ദേഹത്തിനു മുന്നിലുണ്ട്. അത്തരമൊരു ലോകം ഇല്ലാത്തവരാണ് ഒറ്റപ്പെട്ടുപോകുന്നത്. സ്നേഹിക്കുന്നവരുടെ ഒരു ലോകമെങ്കിലും നമുക്കുണ്ടാക്കാനാകണം. സ്നേഹിച്ചു തീർന്നില്ലെന്നു തോന്നിയാൽ പ്രായമാകുന്നതു മറന്നുപോകും. 

ശരീരത്തിന്റെ ജരാനരകളല്ല ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ശരീരത്തിന്റെ രൂപം എന്തുമാകട്ടെ, ചെയ്തുതീർന്ന കാര്യങ്ങളുടെ പകിട്ടാണ് ഇന്ന് ആളുകളെ കൂടുതൽ വ്യക്തമാക്കുന്നത്. കുറെക്കാലം മുൻപ് തലമുടിയും താടിയും നരച്ചു തുടങ്ങിയപ്പോൾ അതു കറുപ്പിച്ച് യൗവനം വീണ്ടെടുത്തു നടക്കെടോ എന്ന് ഉപദേശിച്ച സുഹൃത്തുക്കളുണ്ട്.

ജരാനര ബാധിച്ചാൽ നിങ്ങളെങ്ങനെയായിരിക്കുമെന്ന് കണ്ടറിയുന്ന ഒരു ആപ് മൊബൈലിൽനിന്നു മൊബൈലിലേക്കു പറന്നു നടക്കുകയാണ്. ഒരിക്കലും പ്രായമാകില്ലെന്നു വിശ്വസിക്കുന്ന ചിലർ പോലും അതിൽപോയി സ്വന്തം വാർധക്യത്തിന്റെ ചിത്രം പകർത്തിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ്.

ശരീരത്തിന്റെ അവസ്ഥ മാത്രമേ ആ ആപ്പിനും കാണിച്ചുതരാൻ പറ്റുകയുള്ളൂ. മനസ്സിന്റെ വാർധക്യം ആർക്കും തീർച്ചപ്പെടുത്താനാവുന്നതല്ല. അത് അവനവനു മാത്രം സാധിക്കുന്ന ഒന്നാണ്. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടു മാത്രമായിരിക്കരുത്; മനസ്സുകൊണ്ടു കൂടിയാകണം.   

പുതിയ തലമുറ ഇത്തരം ആപ്പുകളിലൂടെ ചെയ്യുന്നത് വാർധക്യത്തിലെ ചിരിക്കുന്ന മുഖം നേരത്തേ കണ്ടെത്തുക കൂടിയാണ്. സത്യത്തിൽ അതു നല്ല കാര്യമാണ്. പ്രായമാകുന്നതു കുറ്റമല്ലെന്നും മുടി നരയ്ക്കുന്നതു പ്രായത്തിന്റെ ലക്ഷണമല്ലെന്നും ഉറക്കെപ്പറയുക കൂടിയാണു ചെയ്യുന്നത്. പ്രായമാകുമ്പോഴും യൗവനയുക്തമായൊരു മനസ്സുണ്ടാകണമെന്ന ബോധം ഇതിലൂടെ ഉണ്ടാകുമെന്നാണു തോന്നുന്നത്. 

ചിരിച്ചുകൊണ്ടു പ്രായത്തിലേക്കു നടന്നുകയറണം. അവിടെ എത്തി നിൽക്കുന്നവരെ സ്നേഹനിർഭരമായ മനസ്സോടെ വണങ്ങണം. എംടിയെയും നമ്പൂതിരിയെയും പോലെ വളരെ സമ്പന്നമായൊരു മുതിർന്ന കാലം നമുക്കുണ്ടാകണം. അതിനുവേണ്ടത് പ്രായത്തെ സ്നേഹിക്കുകയാണ്. പുതിയ ആപ്പിലൂടെ പുറത്തിറങ്ങുന്ന ചിത്രങ്ങൾ കാണുമ്പോൾ ഞാനും സ്വയം പറയുന്നു, മുതിർന്ന മധുപാലിനെ ഞാനിപ്പോഴേ സ്നേഹിക്കുന്നു. 

ഫെയ്സ് ആപ്

രണ്ടു ദിവസമായി ഫെയ്സ് ആപ്പാണ്  സമൂഹമാധ്യമങ്ങളിലെ ട്രെൻഡ്. സ്മാർട് ഫോണിൽ ആപ് ഉപയോഗിച്ച് പ്രായം കൂടിയാൽ എങ്ങനെയാകും എന്നു കണ്ടെത്തുന്നു. അത് പോസ്റ്റ് ചെയ്യുന്നതിനൊപ്പം, ഒരു സുഹൃത്തിന് ചാലഞ്ച് കൈമാറുന്നു. അങ്ങനെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ ആളുകൾ ഉപയോഗിച്ചതിനാൽ ആപ് പലതവണ പണിമുടക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com