sections
MORE

തൊഴിൽനിയമ പരിഷ്കരണം: മാറുന്നു ചട്ടങ്ങൾ, നേട്ടമാർക്ക് ?

Labour
SHARE

രാജ്യത്തെ തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടു കൊണ്ടുവരുന്ന 4 തൊഴിൽചട്ടങ്ങളിൽ രണ്ടെണ്ണത്തിനു കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിക്കഴിഞ്ഞു. പാർലമെന്റ് നിയമമാക്കി മാറ്റാനുണ്ട്. തൊഴിൽനിയമങ്ങളുടെ എണ്ണം കുറയ്ക്കുക, നിയമങ്ങൾ ലളിതവും യുക്തിസഹവുമാക്കുക എന്നിവയാണ് തൊഴിൽനിയമ പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങളെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ചില വ്യവസ്ഥകൾ സംബന്ധിച്ച് എതിരഭിപ്രായം ഉയരുന്നുണ്ട്. ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ശക്തമായ എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികൾക്കടക്കം മിനിമം വേതനവും ഇഎസ്ഐ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തരത്തിൽ നിലവിലുള്ള വിവിധ നിയമങ്ങൾ ഒന്നിച്ചുചേർത്താണു പുതിയ ചട്ടങ്ങൾ. നിലവിലുള്ള 44 കേന്ദ്ര തൊഴിൽനിയമങ്ങളിലെ പ്രസക്ത ഭാഗങ്ങൾ ചേർത്ത് 4 തൊഴിൽ ചട്ടങ്ങളാണ് (കോഡുകൾ) രൂപവൽക്കരിക്കുന്നത്.

1. വേതന ചട്ടം: (മിനിമം വേതനനിയമം, ശമ്പളനിയമം, ബോണസ് നിയമം, തുല്യവേതന നിയമം തുടങ്ങിയവ ചേർത്ത്).

2. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ (ഫാക്ടറിനിയമം, ഖനി, തുറമുഖത്തൊഴിലാളി നിയമം തുടങ്ങിയവയും മറ്റു നിയമങ്ങളിലെ പ്രസക്തഭാഗങ്ങളും)

3. വ്യവസായ ബന്ധങ്ങൾ 

(വ്യവസായതർക്ക നിയമം, ട്രേഡ് യൂണിയൻ നിയമം, വ്യാവസായിക തൊഴിൽ (സ്റ്റാൻഡിങ് ഓർഡർ) നിയമങ്ങൾ, മറ്റു പ്രസക്ത നിയമങ്ങൾ)

4. സാമൂഹികസുരക്ഷയും ക്ഷേമവും 

(ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം, പ്രസവാനുകൂല്യ നിയമം, കെട്ടിട, നിർമാണത്തൊഴിലാളി നിയമം, തൊഴിലാളി നഷ്ടപരിഹാര നിയമം, അനുബന്ധ വകുപ്പു നിയമം). 

ഇതിൽ ആദ്യ രണ്ടു ചട്ടങ്ങളുടെ ബില്ലുകളാണ് കാബിനറ്റ് അംഗീകരിച്ചത്. മറ്റു രണ്ടു ചട്ടങ്ങൾ നിയമമാക്കുന്നതിന് ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായുള്ള ചർച്ചകൾ നടക്കുകയാണ്. 

വേതന ചട്ടം

അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാമൂഹികസുരക്ഷയും മിനിമം വേതനവും ഉറപ്പാക്കും. നടപ്പാകുമ്പോൾ തൊഴിലാളി എന്ന നിർവചനത്തിനു കീഴിൽ വരുന്ന എല്ലാവരും ഉൾപ്പെടും. നിലവിൽ 7% പേരാണ് മിനിമം വേതനനിയമത്തിനു കീഴിൽ വരുന്നത്. രാജ്യത്തെ തൊഴിലാളികളിൽ 92 ശതമാനവും അസംഘടിത മേഖലയിലാണ്.

∙ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം. ഒരു മാസം ഓവർടൈം മണിക്കൂറുകൾ 125.  

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കവിയാത്ത വരുമാനമുള്ള എല്ലാവർക്കും ബോണസിന് അർഹത. 

∙ മിനിമം വേതനം 5 വർഷത്തെ ഇടവേളയിൽ പരിഷ്കരിക്കും.

∙ നിയമം അനുശാസിക്കുന്ന മിനിമം വേതനം കൊടുക്കാത്ത തൊഴിലുടമയ്ക്ക് 50,000 രൂപ പിഴ. 5 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ മൂന്നു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

∙ നിയമത്തിൽ മറ്റെന്തെങ്കിലും പിഴവു വരുത്തിയാൽ 20,000 രൂപ പിഴ. 5 വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ ഒരു മാസം തടവ് അല്ലെങ്കിൽ, 40,000 രൂപ പിഴ. അല്ലെങ്കിൽ പിഴയും തടവും കൂടി.

∙ പരാതി പരിഹാരത്തിന് അപ്പലേറ്റ് ട്രൈബ്യൂണൽ.

തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യങ്ങൾ

തൊഴിലാളികൾക്ക് മികച്ച സാഹചര്യങ്ങളിൽ ജോലി ചെയ്യാനുള്ള അവകാശം ഉറപ്പിക്കുന്നതാണ് ഈ ചട്ടം. വനിതകളുടെ ജോലിസമയം രാവിലെ 6നും വൈകിട്ട് 7നും ഇടയിൽ മാത്രമായി നിജപ്പെടുത്താൻ ശുപാർശയുണ്ട്. 7 മണി കഴിഞ്ഞും ജോലിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ വനിതകളുടെ പൂർണസുരക്ഷ തൊഴിലുടമ ഉറപ്പാക്കണം. 

ചികിത്സാ ആനുകൂല്യങ്ങൾ നൽകുമ്പോൾ തൊഴിലാളിയുടെ രക്ഷിതാക്കൾക്കൊപ്പം മുത്തച്ഛനും മുത്തശ്ശിക്കും കൂടി ആനുകൂല്യങ്ങൾ ഉറപ്പാക്കാനും നിർദേശമുണ്ട്. വനിതാ ജീവനക്കാരെ അവധിദിനങ്ങളിൽ ജോലിക്കു വിളിക്കേണ്ടി വന്നാലും സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. കുട്ടികൾക്ക് ക്രഷ് സൗകര്യം, കന്റീൻ, ഫസ്റ്റ് എയ്ഡ് സൗകര്യം, തൊഴിലാളിക്ഷേമം ഉറപ്പാക്കാൻ വെൽഫെയർ ഓഫിസർ തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്.

വ്യവസായ ബന്ധങ്ങൾ

കരട് ചട്ടത്തിലെ ചില വ്യവസ്ഥകളോട് തൊഴിലാളിസംഘടനകൾക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. ആകെ ജീവനക്കാരുടെ കുറഞ്ഞത് 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിലേ ട്രേഡ് യൂണിയൻ ഉണ്ടാക്കാവൂ (നിലവിൽ 7 പേർ മതി) എന്നതാണു വിവാദ വ്യവസ്ഥകളിലൊന്ന്. തൊഴിലാളികളല്ലാത്തവർ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വത്തിൽ വരുന്നതിനും വിലക്ക് നിർദേശിക്കുന്നു. ഇവയോട് ബിഎംഎസ് അടക്കമുള്ള സംഘടനകൾ ശക്തമായ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്. 

കുറഞ്ഞത് 300 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കേ ലേ ഓഫിനും അടച്ചുപൂട്ടലിനും മുൻകൂർ അനുമതി വാങ്ങേണ്ടതുള്ളൂ എന്ന വ്യവസ്ഥയോടും എതിർപ്പുണ്ട്. സമരം തുടങ്ങാൻ 14 ദിവസം മുൻപു നോട്ടിസ് നൽകണമെന്നും നോട്ടിസിനു ശേഷം ചർച്ചകൾ നടക്കുന്ന സമയത്ത് സമരം തുടങ്ങരുതെന്നും നിയമം ലംഘിച്ചാൽ അരലക്ഷം രൂപ പിഴയും ഒരു മാസം തടവും എന്ന കരടിലെ നിർദേശവും എതിർക്കപ്പെടുന്നു.  

സാമൂഹിക സുരക്ഷാചട്ടം

ഇഎസ്ഐ സൗകര്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കാനുള്ള നിർദേശമുണ്ട്. നിലവിലെ ഇഎസ്ഐ, പിഎഫ് പദ്ധതികൾ ഇതുമായി കൂട്ടിക്കുഴയ്ക്കരുതെന്ന തൊഴിലാളിസംഘടനകളുടെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇഎസ്ഐ, പിഎഫ് എന്നിവയിൽ അധികം വരുന്ന ഫണ്ട് പുതിയ സ്റ്റെബിലൈസേഷൻ ഫണ്ടിലേക്കു മാറ്റി ആവശ്യങ്ങൾക്കു നൽകാനുള്ള നിർദേശത്തിലായിരുന്നു മുഖ്യമായും എതിർപ്പുയർന്നത്. അസംഘടിതമേഖലയ്ക്കായി പ്രത്യേകം ഫണ്ട് രൂപവൽക്കരിക്കാൻ തീരുമാനിച്ചതായി അറിയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA