sections
MORE

പാക്ക് മുഖംമൂടി അഴി‍ഞ്ഞുവീഴുന്നു

SHARE

രാജ്യാന്തരതലത്തിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നയതന്ത്ര, രാഷ്ട്രീയ നിലപാടുകൾക്കു ലഭിച്ച ഇരട്ടവിജയമാണ് കുൽഭൂഷൺ ജാദവ് കേസിലെ വിധിയും ഹാഫിസ് സയീദിന്റെ അറസ്റ്റും. ദുരൂഹരാഷ്ട്രമായി തുടരുന്ന പാക്കിസ്ഥാന് ഇതു കനത്ത പ്രഹരമാണെന്നു മാത്രമല്ല, ആ രാജ്യത്തിന്റെ കള്ളക്കളികൾ വീണ്ടും തുറന്നുകാട്ടപ്പെടുകയുമാണ്. 

ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാൻ തടവിലാക്കുകയും സൈനികക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്ത കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര നീതിന്യായ കോടതിയാണ് (ഐസിജെ) നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യൻ നാവികസേനയിൽ 2003 വരെ സേവനം ചെയ്ത ജാദവ് പിന്നീട് വ്യാപാരിയായി ഇറാനിലെ ചാബഹാറിലെത്തി. പാക്കിസ്ഥാൻ 2016 മാർച്ചിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു; 2017 ഏപ്രിലിൽ വധശിക്ഷ വിധിച്ചു.

ഉടൻ ഐസിജെയെ സമീപിച്ച് ഇന്ത്യ സ്റ്റേ നേടി. കേസിലെ പൂർണവിധിയാണ് ഇപ്പോഴുണ്ടായത്. വധശിക്ഷാവിധി പുനഃപരിശോധിക്കണം, അതുവരെ ശിക്ഷയ്ക്കുള്ള സ്റ്റേ തുടരണം, ജാദവിന് ഇന്ത്യയുടെ നയതന്ത്രസഹായം അനുവദിക്കണം എന്നിവയാണ് ഐസിജെ വിധിയുടെ കാതൽ. ഇതിൽ ഇനി പാക്കിസ്ഥാന് അപ്പീൽ നൽകാനും കഴിയില്ല. 

രാജ്യങ്ങൾ തമ്മിലെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കരാറിലെ 36ാം വകുപ്പ് പാക്കിസ്ഥാൻ ലംഘിച്ചുവെന്നാണ് ഐസിജെ കണ്ടെത്തിയത്. ജാദവിനോട് തന്റെ അവകാശങ്ങളെക്കുറിച്ചു വ്യക്തമാക്കിയില്ല, 2016 മാർച്ച് മൂന്നിനുള്ള അറസ്റ്റ് ഇന്ത്യയെ അറിയിക്കാൻ മൂന്നാഴ്ച വൈകി, ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചുമില്ല – ഇവയാണ് ഐസിജെ അക്കമിട്ടുനിരത്തിയ 3 ലംഘനങ്ങൾ.

ഈ വിധിയിലൂടെ, ജാദവ് കേസിൽ പാക്കിസ്ഥാൻ അണിഞ്ഞ മുഖംമൂടി അഴിഞ്ഞുവീണു. അജ്ഞാതകേന്ദ്രത്തിൽ ജാദവിനെ സമ്മർദത്തിലാക്കിയതും കുറ്റസമ്മതമൊഴി ഒപ്പിടുവിച്ചതും വിഡിയോ ചിത്രീകരിച്ചതും ഇന്ത്യയെ അറിയിക്കാതെ കസ്റ്റഡിയിൽ സൂക്ഷിച്ച മൂന്നാഴ്ചയ്ക്കിടയിലാണ്. സുതാര്യതയില്ലാത്തതും നിയമവിധേയമല്ലാത്തതുമായ ഈ നടപടികളാണ് ഐസിജെ അസാധുവാക്കിയത്. ജാദവിനു നയതന്ത്രസഹായം നൽകാനുള്ള ഇന്ത്യയുടെ ആവശ്യം 16 തവണയാണു തള്ളിയത്. എത്രമാത്രം നിയമവിരുദ്ധമായാണു പാക്കിസ്ഥാൻ പ്രവർത്തിച്ചതെന്ന് ഇതു വ്യക്തമാക്കുന്നു.  

ഏകാധിപതികൾക്കു പ്രിയപ്പെട്ടതാണ് പട്ടാളക്കോടതികൾ. ജാദവിനെ പട്ടാളക്കോടതിയിൽ വിചാരണ ചെയ്തതിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യുന്നതാണ് ഐസിജെ വിധി. പുനഃപരിശോധനയ്ക്കു തടസ്സങ്ങളുണ്ടെങ്കിൽ അതു മാറ്റാൻ നിയമം കൊണ്ടുവരണമെന്നുകൂടി ഐസിജെ വിധിച്ചതോടെ പാക്കിസ്ഥാനുമേൽ പ്രഹരം പൂർണമായി. ചൈനയ്ക്കുകൂടി പ്രാതിനിധ്യമുള്ള രാജ്യാന്തരകോടതിയിലെ 16 ജഡ്ജിമാരിൽ പാക്കിസ്ഥാന്റെ ഇടക്കാല പ്രതിനിധി മാത്രമേ വിധിയെ എതിർത്തുള്ളൂ. ഈ വിഷയത്തിൽ പാക്കിസ്ഥാൻ എത്രമാത്രം ഒറ്റപ്പെട്ടുവെന്ന് ഇതു വ്യക്തമാക്കുന്നു. 

ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന്റെ കാര്യത്തിലാകട്ടെ, ഗതികെട്ടപ്പോഴുള്ള അറസ്റ്റാണ്. രാജ്യാന്തര ഭീകരരുടെ യുഎൻ പട്ടികയിലുള്ള സയീദിനെതിരെ നടപടി, ഇന്ത്യയും യുഎസും ഉൾപ്പെടെ ലോകരാജ്യങ്ങളെല്ലാം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. അപ്പോഴെല്ലാം സയീദിനെ പാക്കിസ്ഥാൻ സ്വൈരവിഹാരത്തിന് അനുവദിച്ചിരിക്കുകയായിരുന്നു.

ഇപ്പോൾ വൻ സാമ്പത്തികപ്രതിസന്ധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന പാക്കിസ്ഥാന് രാജ്യാന്തരസഹായം മുടങ്ങാതിരിക്കാൻ സയീദിനെതിരെ നടപടിയെടുത്തേ പറ്റൂ. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ട് ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്), ഭീകരതയ്ക്കെതിരെ ഒക്ടോബറിനകം നടപടിയെടുക്കാൻ പാക്കിസ്ഥാന് അന്ത്യശാസനം നൽകിക്കഴിഞ്ഞു.

ഇല്ലെങ്കിൽ കരിമ്പട്ടികയിൽപെടുത്തി സഹായങ്ങളെല്ലാം നിർത്തും. അടുത്തയാഴ്ച യുഎസ് സന്ദർശിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇപ്പോൾത്തന്നെ പാക്കിസ്ഥാന് യുഎസ് സഹായം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതു നിലയ്ക്കാതിരിക്കാനുള്ള അവസാന അടവായും സയീദിന്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നു.

രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതാണ് ഈ രണ്ടു സംഭവങ്ങളും. ജാദവ് കേസിലെ അന്തിമവിജയം വരെയുള്ള നിയമയുദ്ധത്തിനും ഭീകരതയ്ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിനും ഇതു കരുത്തുപകരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA