ADVERTISEMENT

കേരളത്തിലെ വിദ്യാർഥിരാഷ്ട്രീയം രക്തരൂഷിതമായിട്ട് പതിറ്റാണ്ടുകൾ പലതു കഴിഞ്ഞു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കോളജ് യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ ഒരുപറ്റം അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാർ സുപ്രീം കോടതിയിലെത്തി.

കേരള സർവകലാശാലയും ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചു. അതിന്റെ ഫലമായാണ് ഇന്ത്യയിലെ സർവകലാശാലകളിൽ പല തരത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ഏക രൂപത്തിലാക്കാനും ക്യാംപസുകളിലെ അക്രമരാഷ്ട്രീയത്തിനു തടയിടാനുമായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജെ. എം.ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയോട് സുപ്രീം കോടതി ശുപാർശകൾ തേടിയത്. കൂടിയാലോചനകൾക്കു ശേഷം കമ്മിറ്റി അവരുടെ റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിച്ചു. അക്രമത്തിന്റെ കാര്യത്തിൽ കമ്മിറ്റി പേരെടുത്തു പറഞ്ഞ രണ്ട് സംസ്ഥാനങ്ങൾ യുപിയും കേരളവും ആയിരുന്നു. 

ജനാധിപത്യവേദിയൊരുക്കാനും പരാതികൾക്കു പരിഹാരം കണ്ടെത്താനുള്ള ഇടമായും വിദ്യാർഥി യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ആവശ്യമാണെന്നു തന്നെ ലിങ്ദോ കമ്മിറ്റി പറഞ്ഞു. എന്നാൽ, കാലാകാലങ്ങളായി  വിദ്യാർഥിരാഷ്ട്രീയത്തിൽ കടന്നുകൂടിയ രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകളും പണക്കൊഴുപ്പും അക്രമരാഷ്ട്രീയവും എങ്ങനെ നിയന്ത്രിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാർശകളുടെ ഊന്നൽ. 

മുഖ്യ ശുപാർശകളിൽ ആദ്യത്തേത് വിദ്യാർഥിയല്ലാത്ത, പുറത്തുനിന്നുള്ള ഒരാളും തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമാകാൻ പാടില്ല എന്നതാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളുടെ പ്രായം 17നും 22നും ഇടയ്ക്കായിരിക്കണം. പിജിയിൽ പ്രായപരിധി 25 വയസ്സുവരെ ഉയർത്തുന്നു. ഗവേഷക വിദ്യാർഥികൾക്ക്  28 വയസ്സും. 75% ഹാജർ നിർബന്ധമാണ്. സ്ഥാനാർഥികൾക്ക് മുൻകാല കുറ്റചരിത്രം – വിചാരണയും ശിക്ഷയും അതിലുൾപ്പെടുന്നു – ഉണ്ടാകരുത്. 

ഒരു സ്ഥാനാർഥിക്കു ചെലവാക്കാവുന്ന ഏറ്റവും കൂടിയ തുക 5000 രൂപയാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടാഴ്ചയ്ക്കകം ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിച്ചില്ലെങ്കിൽ ആ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പുതന്നെ റദ്ദാകും. രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പിൽ പണമിറക്കുന്നതു തടയാൻ, വിദ്യാർഥികളിൽനിന്നു മാത്രമേ പണം പിരിക്കാവൂ എന്നും നിബന്ധനയുണ്ട്. പ്രിന്റ് ചെയ്ത പോസ്റ്ററുകൾക്കും നോട്ടിസുകൾക്കും മറ്റ് അച്ചടിച്ച സാമഗ്രികൾക്കും നിരോധനമുണ്ട്. 

ക്യാംപസിന്റെ ചിലയിടങ്ങളിൽ വേണമെങ്കിൽ, പൂർവാനുമതിയോടെ കയ്യെഴുത്ത് പോസ്റ്ററുകൾ ഉപയോഗിക്കാം. ഒരുതരത്തിലും ചുവരെഴുത്തു പാടില്ല. യൂണിവേഴ്സിറ്റിയുടെയോ കോളജുകളുടെയോ സ്വത്തുവകകൾ വികൃതമാക്കിയാൽ സ്ഥാനാർഥികളിൽ നിന്ന് കൂട്ടമായോ ഒറ്റയ്ക്കോ പിഴ ഈടാക്കാം. ജാഥയും യോഗങ്ങളും ക്ലാസുകളെ ബാധിക്കാത്ത വിധം അനുവാദത്തോടെ മാത്രം. ലൗഡ്‌സ്പീക്കറുകൾ പൂർണമായും ഒഴിവാക്കണം. തിരഞ്ഞെടുപ്പു സംബന്ധിച്ച ചില കുറ്റങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശുപാർശയുണ്ട്. 

ലിങ്ദോ കമ്മിറ്റി ശുപാർശകൾ സുപ്രീം കോടതി പൂർണമായും അംഗീകരിച്ചു. അതായത് അവയ്‌ക്കിപ്പോൾ നിയമത്തിന്റെ സാധുതയുണ്ട്. എന്നാൽ, കേരളത്തിൽ നടക്കുന്നതെന്താണെന്ന് അടുത്ത ദിവസങ്ങളിലെ പത്ര റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണല്ലോ. കേരള സർവകലാശാല തിരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കുമ്പോൾ, അധരസേവയ്ക്കു വേണ്ടി ലിങ്ദോ കമ്മിറ്റി നിർദേശങ്ങൾ അനുസരിച്ചാണ് എന്ന് എഴുതിയിരിക്കും. പക്ഷേ, നടക്കുന്നതു മറിച്ചാണ്. 

കേരളം മുഴുവൻ വളർന്നു പന്തലിച്ചിരിക്കുന്ന എസ്എഫ്ഐ ആണ് യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിനു പിന്നിലെങ്കിൽ, വിദ്യാർഥിരാഷ്ട്രീയത്തിൽ ചെറുസാന്നിധ്യമായ ക്യാംപസ് ഫ്രണ്ടാണ് മഹാരാജാസ് കോളജിലെ വധത്തിനു കാരണക്കാർ. സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മനോവികാസം തേടേണ്ട യൗവനങ്ങൾ ഇപ്പോൾ കയ്യൂക്കിലും കഠാരമുനകളിലും കുരുങ്ങിക്കിടക്കുന്നു. സുപ്രീം കോടതി വിധി പ്രകാരം, ലിങ്ദോ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ ചാൻസലറും സംസ്ഥാന സർക്കാരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

പാബ്ലോ നെരൂദ വിചാരണ ചെയ്യപ്പെടുമ്പോൾ 

pablo
പാബ്ലോ നെരൂദ

ജൂലൈ 12ന് സാഹിത്യസ്നേഹികൾ നൊബേൽ സമ്മാനജേതാവായ, ലാറ്റിൻ അമേരിക്കയിലെ കവി പാബ്ലോ നെരൂദയുടെ 115–ാം ജന്മദിനം ആഘോഷിച്ചപ്പോൾ, ജന്മനാടായ ചിലെയിൽ അദ്ദേഹത്തിനെതിരായ അമർഷം പുകയുകയായിരുന്നു.

2018 നവംബറിൽ ചിലെയിലെ പാർലമെന്റിന്റെ സാംസ്കാരിക കമ്മിറ്റി, രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ സാന്റിയാഗോ എയർപോർട്ടിന് ചിലെ കണ്ട ഏറ്റവും വലിയ സാഹിത്യകാരനായ പാബ്ലോ നെരൂദയുടെ പേരു നൽകാൻ തീരുമാനിച്ചതിനെ തുടർന്നാണ് മനുഷ്യാവകാശവാദികളും വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷവാദികളും കൂറ്റൻ പ്രതിഷേധവുമായി ആദ്യമായി മുന്നോട്ടുവന്നത്.  

2018ൽ ലോകമെമ്പാടും അലയടിച്ച മീടൂ പ്രസ്ഥാനത്തിന്റെ തുടർച്ചയായിരുന്നു നെരൂദയ്ക്കെതിരായ പ്രക്ഷോഭം. പ്രക്ഷോഭകാരികൾ ചോദിച്ചതും അതുതന്നെയായിരുന്നു: സ്ത്രീവിരുദ്ധതയ്ക്ക് എതിരായ അന്തരീക്ഷം നിലനിൽക്കുന്ന ഈ കാലത്ത് പെട്ടെന്ന്, ഒരു കാരണവുമില്ലാതെ, നെരൂദയുടെ പേര് എന്തിനു വിമാനത്താവളത്തിനു നൽകണം? 

ഇതിനു കാരണം നെരൂദയുടെ ആത്മകഥയിലെ ഒരു പുറമാണ്. അതിൽ അദ്ദേഹം, 1929ൽ സിലോണിൽ ജോലി ചെയ്യുമ്പോൾ ഒരു ജോലിക്കാരിയെ പീഡിപ്പിച്ച കാര്യം വിവരിച്ചിട്ടുണ്ട്. തന്റെ ഇംഗിതത്തിനു ജോലിക്കാരി വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ നെരൂദ അവളുടെ കൈ ബലമായി പിടിച്ചു. അദ്ദേഹമെഴുതി, ‘ആ കൂടിക്കാഴ്ച ഒരു മനുഷ്യനും ഒരു പ്രതിമയും തമ്മിലുള്ളതു പോലെയായിരുന്നു. ഒട്ടും വഴങ്ങാതെ മുഴുവൻ സമയവും അവൾ കണ്ണുകൾ തുറന്നുപിടിച്ചു’. തന്നെ അവൾ വെറുത്തതിൽ തെറ്റൊന്നുമില്ലെന്നും നെരൂദ എഴുതി. 40 വർഷം മുൻപാണ് ആത്മകഥ പുറത്തിറങ്ങിയത്.

‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല കവി’യെന്ന് ഗബ്രിയേൽ ഗാർസിയ മാർക്കേസ് വിശേഷിപ്പിച്ച നെരൂദയ്ക്കെതിരായ ആരോപണം ഇതു മാത്രമല്ല. തല വളരെ വലുതാകുന്ന അസുഖമുള്ള മകളെ അദ്ദേഹം ഉപേക്ഷിച്ചു. അതിനുശേഷം അവൾ അധികകാലം ജീവിച്ചില്ല. ‘കവിത മാത്രം പോരാ...’ ചിലെയിലെ പ്രക്ഷോഭകാരികൾ പറയുന്നു. ഏതായാലും നെരൂദയുടെ ‘വസന്തം ചെറിമരത്തോടു ചെയ്യുന്നത് ഞാൻ നിന്നോടു ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന പ്രസിദ്ധമായ വരികൾ ഇപ്പോൾ വായിക്കുമ്പോൾ അതിലേക്ക് അസുഖകരമായ അർഥങ്ങൾ കയറിവരുന്നു. 

സ്കോർപ്പിയൺ കിക്ക്: പ്ലാവില കാണിച്ചാൽ നാക്കുംനീട്ടി പോകുന്ന ആട്ടിൻകുട്ടിയെ പോലെയാണ് കോൺഗ്രസ് നേതാക്കളെന്ന് പിണറായി വിജയൻ. പ്ലാവില ഇല്ലാത്ത വിദ്യ കാണണമെങ്കിൽ ബംഗാളും ത്രിപുരയും നോക്കുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com