പൊട്ടിത്തെറിക്കുന്ന വ്യാജന്മാർ!

nareelatha
SHARE

വെറുതെയിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ഒരു പ്രത്യേക നമ്പറിൽനിന്നു കോൾ വരുന്നു. ഫോണെടുക്കാൻ കൈ നീട്ടുമ്പോഴേക്കും അതു പൊട്ടിത്തെറിക്കുന്നു – ഈ വിഡിയോ കിട്ടിയിട്ടുണ്ടാവുമല്ലോ അല്ലേ? പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ പേരിലും പേരില്ലാതെയുമൊക്കെ ഇൗ വിഡിയോ കിടന്നു കറങ്ങുന്നുണ്ട്. പ്രത്യേക നമ്പറിൽനിന്നു കോൾ വരുമ്പോൾ ഫോൺ പൊട്ടിത്തെറിക്കുന്ന സാങ്കേതികവിദ്യ നിലവിലില്ലെന്നു മനസ്സിലാക്കാൻ സാമാന്യയുക്തി മതിയല്ലോ. 

ഫോൺ പൊട്ടിത്തെറിക്കാനുള്ള മറ്റു പല സാധ്യതകളുമുണ്ടാകാം. ബാറ്ററിയുടെ അപാകത കൊണ്ടോ ചാർജിങ്ങിന്റെ കുഴപ്പം കാരണമോ ഒക്കെ അതു സംഭവിച്ചേക്കാം. പൊട്ടിത്തെറിക്കുന്ന വ്യാജന്മാരെ ദയവായി ഫോർവേഡ് ചെയ്യാതിരിക്കുക. 

ഇപ്പോൾ അവസാനിക്കും (വാട്സാപ്പിലെ) ലോകം

ഈയിടെ വാട്സാപ്പിൽ പ്രചരിച്ച മറ്റൊരു മെസേജാണിത്: ജിം ബാൽസമിക്കിന്റെ (വാട്സാപ് സിഇഒ) സന്ദേശം. ‘നാളെ വൈകുന്നേരം 6 മണിക്ക് വാട്സാപ് അവസാനിപ്പിക്കുകയാണ്, ഇനിമുതൽ ഇതു തുറക്കാൻ നിങ്ങൾ പണം നൽകണം, ഞങ്ങളുടെ സജീവ ഉപയോക്താക്കൾ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലെ ഓരോ ആളുകൾക്കും ഈ സന്ദേശം കൈമാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു, നിങ്ങളുടെ എല്ലാ കോൺടാക്ടുകളിലേക്കും ഈ സന്ദേശം അയച്ചില്ലെങ്കിൽ വാട്സാപ്  നിങ്ങളിൽനിന്നു നിരക്ക് ഈടാക്കാൻ തുടങ്ങും. നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായി തുടരും. ദയവായി ഈ സന്ദേശം അവഗണിക്കരുത്. ഫ്രീ - വാട്സാപ് മോഡിൽ സ്വയം റജിസ്റ്റർ ചെയ്യുന്നതിന് ഇത് 20 പേർക്കു ദയവായി അയയ്‌ക്കുക. നിങ്ങൾ ഇത് അയച്ചാൽ, നിങ്ങൾക്കു പച്ച നിറമുള്ള ടിക്കുകൾ ലഭിക്കും....’’ 

ശുദ്ധ തട്ടിപ്പാണ് ഈ മെസേജെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 2012 മുതൽ കാലാകാലങ്ങളായി ഇൗ സന്ദേശം ലോകത്തു പല ഭാഷകളിൽ കറങ്ങിനടക്കുന്നുണ്ട്. അന്നു മുതൽ വാട്സാപ് അധികൃതർതന്നെ ഇതു വ്യാജമാണെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യം ജിം ബാൽസമിക് എന്നൊരു സിഇഒ വാട്സാപ്പിന് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ്! 

പാലക്കാട്ടെ പെൺപൂവ് 

പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒരു മലയടിവാരത്തിൽ കാണുന്ന വിചിത്ര ആകൃതിയിലുള്ള ഒരു പൂവിന്റെ ചിത്രം വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ കണ്ടിരുന്നോ? സ്ത്രീശരീരത്തിന്റെ ആകൃതിയാണു പൂവിന്. ‘നാരീലത’ എന്നു പേരുള്ള മരത്തിൽ 20 വർഷത്തിലൊരിക്കലാണത്രെ പൂക്കുന്നത്.

ഏതാണ്ട് 10 വർഷമായി ഇന്റർനെറ്റിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ഇൗ പൂക്കളുടെ ചിത്രം. തായ്‍ലൻഡ്, ഹിമാലയസാനുക്കൾ തുടങ്ങി പല പ്രദേശങ്ങളുടെയും പേരിൽ ഇക്കാലത്ത് ഇവ പ്രചരിച്ചു. ഏറ്റവും ഒടുവിലാണ് നമ്മുടെ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ സംഗതി എത്തിയത്! 

ഇന്റർനെറ്റിലെ ചിത്രങ്ങളല്ലാതെ, നാരീലത പൂക്കൾ നേരിട്ടുകണ്ട ആരെക്കുറിച്ചും ഇതുവരെ അറിവില്ല. സസ്യശാസ്ത്രകാരന്മാർ ഇതെക്കുറിച്ച് എഴുതിയും കണ്ടിട്ടില്ല. എന്തായാലും സംഗതി പാലക്കാട്ടെ ഗ്രാമത്തിൽ ഇല്ലെന്ന് അവിടെയുള്ളവർ ഉറപ്പിക്കുന്നു. 

അതൊരു ‘സങ്കൽപം’ മാത്രം 

അറി‍ഞ്ഞുവോ, മൈക്രോ ചിപ് ഘടിപ്പിച്ച സ്മാർട് കാർഡ് പാസ്പോർട്ട് ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. അത്തരമൊരു സ്മാർട് പാസ്പോർട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. സിദ്ധാന്ത് ഗുപ്ത എന്നയാളുടേതാണ് ഈ പാസ്പോർട്ട് (ചുവടെയുള്ള ചിത്രങ്ങൾ നോക്കുക). എന്നാൽ, ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു പാസ്പോർട്ട് ഇറങ്ങിയിട്ടില്ല. നമ്മുടെ പാസ്പോർട്ട് ഇപ്പോഴും പുസ്തക രൂപത്തിലുള്ളതു തന്നെയാണ്. ചിത്രത്തിലുള്ളത് സിദ്ധാന്ത് ഗുപ്ത എന്നയാൾ തയാറാക്കിയ മാതൃക മാത്രമാണ് – ഇന്ത്യൻ പാസ്പോർട്ട് ഇങ്ങനെ ആക്കിയാലോ എന്ന സങ്കൽപ കാർഡ് (കൺസെപ്റ്റ് കാർഡ്). ഇത്തരം സ്മാർട് കാർഡുകളുടെ സാങ്കൽപിക മാതൃകകൾ തയാറാക്കി തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു വരുന്നയാളാണ് സിദ്ധാന്ത്. സ്മാർട് ആധാർ കാർഡ് പോലുള്ള പലതും ഇതുപോലെ അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA