sections
MORE

അക്കാദമിക മൗനവ്രതം

psc-off-beat
SHARE

ഈ അക്കാദമികളെ പറഞ്ഞാൽ മതിയല്ലോ. ഇടതുപക്ഷ ബുദ്ധിജീവികളുടെ സമൂഹമാധ്യമ നാവുകൾക്കെല്ലാം പൂട്ടിട്ടത് അവരാണ്. മനുഷ്യാവകാശം, സ്ത്രീവിരുദ്ധം തുടങ്ങിയ ഏതു വിഷയത്തിലും നെഞ്ചുപൊട്ടിക്കരയാറുള്ള ബുദ്ധിജീവികളെല്ലാം നിശ്ശബ്ദരായിപ്പോകാൻ ഏക കാരണം സാഹിത്യ, സംഗീത, നാടക അക്കാദമികളാണത്രെ. ആന്തൂർ, യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളിൽ പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവികൾ പ്രതികരിക്കാത്തതിനു പ്രധാന കാരണം അക്കാദമികളുടെ പുനഃസംഘടനയാണ്. സംഗീത നാടക, ലളിതകലാ അക്കാദമി ഭാരവാഹികളുടെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. ഭരണസമിതി അംഗങ്ങൾക്കു കുറച്ചുസമയം കൂടിയുണ്ടെങ്കിലും ഭാരവാഹികളെ മാറ്റുമ്പോൾ സാധാരണയായി ഭരണസമിതി അംഗങ്ങളെയും മാറ്റാറുണ്ട്. 

പാർട്ടിയിലും പരിസരത്തുമുള്ള 70 പേർക്കെങ്കിലും പുതിയ ഭരണസമിതികളിൽ അംഗത്വം കിട്ടും. അധ്യക്ഷ, സെക്രട്ടറി പദവികളിലായി 6 പേർക്കും. അതുകൊണ്ടുതന്നെ, ബുദ്ധിജീവികളൊന്നും  സർക്കാരിനെതിരെ സംസാരിക്കാനോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാനോ തയാറല്ല. എസ്എഫ്ഐയെ പഴിച്ചുകൊണ്ടു നീതിബോധം തെളിയിക്കാനായി സ്വൽപം ചരിഞ്ഞുനിന്നു പോസ്റ്റിട്ടവർപോലും സർക്കാരെടുത്ത നടപടികളെ അഭിനന്ദിക്കുന്നു. എല്ലാ കുഴപ്പത്തിനും കാരണം മാധ്യമങ്ങളാണെന്ന വരി വീണ്ടും വീണ്ടും കട്ട് ആൻഡ് പേസ്റ്റ് ചെയ്യുന്നു. നേതാക്കൾ ഉത്തരക്കടലാസ് വീട്ടിൽ കൊണ്ടുപോയി എഴുതുന്ന ഹോം ഡെലിവറി പരീക്ഷാരീതിയെക്കുറിച്ചൊന്നും ഒരക്ഷരം പറയാനില്ല. 

പോസ്റ്റിടുമ്പോൾ വരികൾക്കിടയിൽപോലും വല്ലതും പറഞ്ഞുപോയാൽ കൂടെയുള്ളവർതന്നെ പാരപണിയും എന്നുറപ്പാണ്. തൃശൂർ കേരളവർമ കോളജിൽ എസ്എഫ്ഐ ഭീഷണി കനത്തതോടെ രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച സിപിഎം അനുകൂല സംഘടനാനേതാവായ പ്രിൻസിപ്പലിനെ പിന്തിരിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി നേരിട്ടാണ് ഇടപെട്ടത്. ഇക്കാര്യത്തിലും ഇടതുപക്ഷ നാവുകൾ മിണ്ടിയിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ചാഞ്ഞും ചരിഞ്ഞും നിന്ന് ചങ്കുകൾക്കു വേണ്ടി മുദ്രാവാക്യം വിളിച്ചവർക്കേ കസേരകൾ കിട്ടൂവെന്ന് അനുഭവത്തിലൂടെ ഇടതുപക്ഷ നാവുകൾ പഠിച്ചുകഴിഞ്ഞു. പുനഃസംഘടന കഴിയുന്നതുവരെ മൗനവ്രതം തുടരും. 

കോൺഗ്രസ് മുക്ത നെല്ല് ഗവേഷണം 

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗമായ സിപിഎം എംഎൽഎയുടെ കോൺഗ്രസ് വിരോധം പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിനുണ്ടാക്കിയ പൊല്ലാപ്പു ചില്ലറയല്ല. നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താൻപോലും ഗവേഷകർ ഇത്ര തല പുകഞ്ഞിട്ടുണ്ടാകില്ല. നെൽക്കൃഷിയുടെ അവസ്ഥ വിലയിരുത്താനും കർഷകരുടെ അറിവുകൾ പങ്കുവയ്ക്കാനും പ്രായേ‍ാഗിക പദ്ധതികൾ രൂപീകരിക്കാനും പട്ടാമ്പി കേന്ദ്രം സംഘടിപ്പിക്കുന്ന കേരള നെൽക്കർഷക കേ‍‍ാൺഗ്രസിലെ ‘കേ‍ാൺഗ്രസ്’ എന്ന വാക്കാണു സഖാവിന്റെ രോഷത്തിനു കാരണമായത്. 

കഴിഞ്ഞ വർഷം ഒ‍ക്ടേ‍ാബറിൽ നടത്തേണ്ട പരിപാടി പ്രളയത്തെത്തുടർന്നു മാറ്റിവച്ചതാണ്. അന്നുതന്നെ ആലേ‍‍ാചനാ യേ‍ാഗത്തിൽ പരിപാടിയുടെ പേരിലെ കേ‍ാൺഗ്രസിനോട് നേതാവ് എതിർപ്പു കാട്ടിയെങ്കിലും പിന്നീട് അയഞ്ഞു. ഇക്കൊല്ലം വീണ്ടും ആലോചനായോഗം ചേർന്നപ്പോൾ അദ്ദേഹം പഴയ രോഷത്തിന്റെ അരിവാളെടുത്തു. കേ‍ാൺഗ്രസിന്റെ കർഷക സംഘടനയായ കർഷക കേ‍ാൺഗ്രസിനെ സഹായിക്കുന്ന പേര് പരിപാടിക്കു നൽകിയതിനെ അദ്ദേഹം ചേ‍ാദ്യംചെയ്തു. 

ആഗോളതലത്തിൽ തന്നെ ഇത്തരം പരിപാടികൾക്കു ശാസ്ത്ര കേ‍ാൺഗ്രസ്, പരിസ്ഥിതി കേ‍ാ ൺഗ്രസ് എന്നൊക്കെയാണു പേരെന്നു ബേ‍ാധിപ്പിക്കാൻ മുതിർന്ന ശാസ്ത്രജ്ഞൻ ശ്രമിച്ചെങ്കിലും, തന്നെ പഠിപ്പിക്കേണ്ട എന്നായിരുന്നു എംഎൽഎയുടെ താക്കീത്. സിപിഎമ്മിന്റെ പാർട്ടി കേ‍ാൺഗ്രസ് എന്നു പറയുന്നതു പേ‌ാലെയല്ലേ ഈ പേരും എന്നു ചോദിക്കാനൊരുങ്ങിയ മറ്റു രണ്ട് ഉദ്യേ‍ാഗസ്ഥർ ഇതോടെ സ്ഥലംവിട്ടു. സംഘാടക സമിതിയിൽ സിപിഐയുടെ, ഗവേഷകനായ എംഎൽഎ ഉണ്ടെങ്കിലും തർക്കത്തിൽ ഇടപെട്ടില്ല. ഓഗസ്റ്റ് അവസാനം പരിപാടി നടത്താനിരിക്കേ, പുതിയ പേരു കണ്ടെത്തി നോട്ടിസ് മാറ്റി അച്ചടിക്കാനുള്ള വെപ്രാളത്തിലാണു ശാസ്ത്രജ്ഞർ. 

ചാടിക്കേറി അങ്ങനങ്ങ് പ്രഖ്യാപിക്കേണ്ടായിരുന്നു

കുടുക്കെന്നു പറഞ്ഞാൽ, ഒന്നൊന്നര ഊരാക്കുടുക്കിലാണ് കണ്ണൂർ എംപി പെട്ടത്. ലോക്സഭയിലേക്കു വൻ ഭൂരിപക്ഷത്തിൽ ജയിച്ച ട്രെൻഡിൽ അടുത്ത തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ പുഷ്പം പോലെ തിരിച്ചുപിടിക്കാമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ, കോൺഗ്രസ് വിമതനായ ഡപ്യൂട്ടി മേയറെ തിരിച്ചെത്തിച്ച്, തിരഞ്ഞെടുപ്പിനു മുൻപുതന്നെ കോർപറേഷൻ തിരിച്ചുപിടിക്കുമെന്ന് എംപി പരസ്യപ്രഖ്യാപനം നടത്തി. ലോക്സഭാ വിജയത്തിന്റെ ആവേശത്തിൽ നടത്തിയ ഈ പ്രഖ്യാപനം ഇപ്പോൾ പുലിവാലായ മട്ടാണ്. 

കഴിഞ്ഞ മൂന്നര വർഷവും ഭരണമാറ്റത്തെക്കുറിച്ചു മിണ്ടാതിരുന്ന ഘടകകക്ഷിയായ ലീഗ് ഇതോടെ രംഗത്തെത്തി. തിരിച്ചുപിടിക്കുന്നെങ്കിൽ അതു വേഗം വേണമെന്നായി ലീഗ്. ഡപ്യൂട്ടി മേയർ കൂടി കോൺഗ്രസിൽ വന്നാൽ 18, 10 എന്നതാകും കോൺഗ്രസ്, ലീഗ് കക്ഷിനില. കോൺഗ്രസിലേക്കു മടങ്ങാം, പക്ഷേ അതു ഡപ്യൂട്ടി മേയർ സ്ഥാനത്തോടെയായിരിക്കുമെന്നാണു വിമതന്റെ നിലപാട്. അതിപ്പോ എങ്ങനെയായാലും വേണ്ടില്ല, മേയർ സ്ഥാനം വിട്ടൊരു കളിയില്ലെന്നാണു കോൺഗ്രസ് പറയുന്നത്. 

അങ്ങനെ രണ്ടും നിങ്ങളെടുത്താൽ എങ്ങനെ ശരിയാകുമെന്നാണു ലീഗിന്റെ ചോദ്യം. രണ്ടിലൊന്നു ലീഗിനു വേണം. ഞങ്ങൾ പരിശ്രമിച്ചതു കൊണ്ടാണല്ലോ ഭരണമാറ്റസാധ്യത തെളിഞ്ഞത്, നിങ്ങൾ വിട്ടുവീഴ്ച ചെയ്യണമെന്നു കോൺഗ്രസ്. ചർച്ചകൾ പലവട്ടം  അലസിപ്പിരിഞ്ഞു. 

തീരുമാനമുണ്ടാകുന്നതുവരെ യുഡിഎഫിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ ലീഗിന്റെ പ്രഖ്യാപനം. കോർപറേഷനിലെ രണ്ടു പ്രധാന കസേരയിലും എൽഡിഎഫ് ഇരുന്നാലും വേണ്ടില്ല, രണ്ടിലുംകൂടി കോൺഗ്രസുകാരെ ഇരുത്തില്ലെന്നു ലീഗ്. അങ്ങനെയെങ്കിൽ, സിപിഎം മേയർ 5 വർഷം തികച്ചു ഭരിച്ചോട്ടെ, അവിടെ ലീഗ് നേതാവ് കയറിയിരിക്കേണ്ടെന്നു കോൺഗ്രസും. ഇപ്പോൾ ഡൽഹിയിൽനിന്നു നാട്ടിലെത്തിയാൽ ഈ തർക്കം തീർക്കാനുള്ള ചർച്ചയ്ക്കേ എംപിക്കു നേരമുള്ളൂ. വെടിമരുന്നു പുരയ്ക്കാണല്ലോ തീക്കൊള്ളിയെറിഞ്ഞതെന്നാകും എംപി ഇപ്പോൾ ചിന്തിക്കുന്നത്.

ശ്ശെടാ, ഇതെന്ത്  മറിമായം ? 

കൊച്ചി സിറ്റിയിലേക്ക് ഒരു എസ്ഐ സ്ഥലംമാറ്റം വാങ്ങി തിരിച്ചെത്തിയതെങ്ങനെയെന്നു ചിന്തിച്ച് അന്തവും കുന്തവുമില്ലാതെ നിൽക്കുകയാണ് കേരള പൊലീസ് അസോസിയേഷനിലെ ഇടത് അനുകൂലികളായ ചിലർ. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ആലപ്പുഴയിലേക്ക് എസ്ഐയെ സ്ഥലംമാറ്റിയതോടെ, ശല്യം ഒഴിഞ്ഞെന്ന ആശ്വാസത്തിലായിരുന്നു അസോസിയേഷൻ നേതാക്കളിൽ ചിലർ. 

 പക്ഷേ, തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ എസ്ഐയെ സിറ്റിയിലെ പഴയ സ്റ്റേഷനിലേക്കു തന്നെ സ്ഥലം മാറ്റി ഉത്തരവെത്തി. അസോസിയേഷൻ നേതാക്കൾ ഉടനടി തിരുവനന്തപുരത്തേക്കു വിളിച്ചു. സിറ്റി പരിധി പോയിട്ട്, എറണാകുളം ജില്ലയിൽപോലും നിയമനം നൽകരുതെന്നായിരുന്നു ആവശ്യം. അസോസിയേഷനല്ലേ, ഇടതല്ലേ, ആഭ്യന്തരം നമ്മുടേതല്ലേ എന്നൊക്കെ നേതാക്കൾ കരുതി. 

2 ദിവസത്തിനകം ഉത്തരവു വീണ്ടുമെത്തി. സ്റ്റേഷൻ മാറിയെങ്കിലും നിയമനം സിറ്റി പരിധിയിൽത്തന്നെ. വീണ്ടും തിരുവനന്തപുരത്തേക്കു വിളി പോയി. ഇത്തവണ, പരാതി പരിഹരിക്കാൻ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. 3 മണിക്കൂറിനകം തിരുത്തിയ ഉത്തരവു വന്നു – നിയമനം എസ്ഐ ആഗ്രഹിച്ച സ്റ്റേഷന്റെ തൊട്ടടുത്ത സ്റ്റേഷനിൽ! തിരിച്ചടികൾ ഏറ്റുവാങ്ങാൻ തങ്ങളുടെ ജീവിതം ബാക്കിയെന്നും പറഞ്ഞു നടപ്പാണ് പാവം അസോസിയേഷൻ നേതാക്കൾ. 

എത്ര കൊതിച്ചതാ, ഒന്നു ശരിക്കു പൊട്ടിക്ക് സാറേ... 

സമരമങ്ങനെ കൊടുമ്പിരി കൊള്ളുമ്പോൾ പൊലീസ് ജലപീരങ്കിയുമായി കുതിച്ചെത്തുക, ‘ജല വെടിയുണ്ടകൾ’ ഏറ്റു പോർക്കളത്തിൽ ഇടറി വീഴുക, പിറ്റേന്നത്തെ പത്രത്തിൽ തെരുവിൽ നനഞ്ഞുകുതിർന്നു കിടക്കുന്ന നേതാക്കളുടെ പടം കണ്ട് അണികൾ കോരിത്തരിക്കുക... ഇതൊക്കെയാണ് കൊല്ലത്തെ കോൺഗ്രസ് നേതാക്കൾ സ്വപ്നം കണ്ടത്. പിഎസ്‌സിയിലെ അഴിമതിക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കമ്മിറ്റി സമരം ആസൂത്രണം ചെയ്യുമ്പോൾത്തന്നെ ഇതങ്ങനെ സാദാ സമരമായി മാറ്റരുതെന്നു നേതാക്കൾ ഉറപ്പിച്ചു. 

ജലപീരങ്കി ജില്ലാ പൊലീസിനു ലഭിച്ചിട്ടു നാളേറെയായെങ്കിലും ഒന്നു ‘പൊട്ടിക്കാൻ’ പറ്റിയിട്ടില്ല. കോൺഗ്രസെങ്കിൽ കോൺഗ്രസ് എന്നു കരുതി ജലപീരങ്കി റോഡിലിട്ടു പൊലീസ് ഗമയോടെ നിന്നു. സമരവേളയിലുടനീളം നേതാക്കളുടെയും പ്രവർത്തകരുടെയും കണ്ണുകൾ ജലപീരങ്കിയിലായിരുന്നു. ‘ഇപ്പം പൊട്ടും, ഇപ്പം പൊട്ടും’ എന്നാശിച്ചു നിൽക്കെ, സമരത്തിന്റെ രൂപം മാറി, ഭാവം മാറി. പൊലീസിനു നേരെ കല്ലേറും ഉന്തും തള്ളും രൂക്ഷമായതോടെ ജില്ലയിലെ ആദ്യത്തെ ജലപീരങ്കിപ്രയോഗത്തിന് അരങ്ങൊരുങ്ങി. 

ഗമയോടെ പൊലീസ് ജലപീരങ്കി തുറന്നു. കോൺഗ്രസുകാർക്കു മുകളിലൂടെ ‘ജലവെടിയുണ്ടകൾ’ നേരെ അപ്പുറത്തെ പിഎസ്‌സി ഓഫിസിലേക്കും നഗര- ഗ്രാമാസൂത്രണ വകുപ്പ് ഓഫിസിലേക്കും പാഞ്ഞു. ജനാലച്ചില്ലുകൾ പൊട്ടിച്ചു കടന്ന് അവിടത്തെ കംപ്യൂട്ടറുകളും ഫയലുകളും നനച്ചു. ഭിത്തികളിലെ അഴുക്ക് നിമിഷനേരം കൊണ്ടു കഴുകിപ്പോയി. ഒരുകുടന്ന വെള്ളമെങ്കിലും ദേഹത്തു വീഴാൻ കൊതിയോടെ കാത്തുനിന്ന കോൺഗ്രസുകാർക്കു നിരാശയായിരുന്നു ഫലം. 

ഇന്നലെ യുവമോർച്ചയുടെ പിഎസ്‌സി ഓഫിസ് മാർച്ച് നേരിടാനെത്തിയ പൊലീസിനു വീണ്ടും പിഴച്ചു. ജലവെടിയുണ്ടകൾ ചെന്നു പതിച്ചതു തെങ്ങിന്റെ മണ്ടയിൽ. പിന്നെ മാധ്യമ ഫൊട്ടോഗ്രഫർമാരുടെയും വിഡിയോഗ്രഫർമാരുടെ ക്യാമറകളിൽ...അടുത്ത തവണ കാണാമെന്നു പറഞ്ഞ് പൊലീസ് പീരങ്കി താഴ്ത്തി!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA