sections
MORE

ആത്മപരിശോധന നടത്തണം; പുനരേകീകരണം വേണം: ഡി.രാജ

raja
ഡി.രാജ
SHARE

∙ ഡി.രാജ അടുത്ത ജനറൽ സെക്രട്ടറിയെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആലോചിച്ചുറപ്പിക്കുന്നതിന്റെ തലേന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ പാർട്ടിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നത്. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ വേണ്ട കാരണമാണു ചോദിച്ചത്. മറ്റന്നാൾ ഡി.രാജയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കും; സിപിഐയുടെ പാർലമെന്റിലെ ബലം 3 േപരായി ചുരുങ്ങും. ജനറൽ സെക്രട്ടറി പദവിയിലേക്ക് പാർട്ടി നിയോഗിച്ചതിനു പിന്നാലെ ഡി. രാജ ‘മനോരമ’യോടു സംസാരിക്കുന്നു.

കമ്യൂണിസ്റ്റ് പാർട്ടി ഇത്രയും ദുർബലമായ കാലമില്ല. ഇപ്പോൾ ജനറൽ സെക്രട്ടറിയാവുന്നതിനെക്കുറിച്ച്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണ്. പലരും ഇടതുപക്ഷത്തിന്റെ പ്രസക്തി ചോദ്യം ചെയ്യുന്നു, കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരമക്കുറിപ്പെഴുതുന്നു. വലതുപക്ഷ കടന്നാക്രമണം നടക്കുന്നു, ബിജെപി – ആർഎസ്എസ് വീണ്ടും അധികാരം പിടിച്ചിരിക്കുന്നു.

ഇന്ത്യയെയും ഇന്ത്യൻ രാഷ്ട്രസങ്കൽപത്തെയും മാറ്റിനിർവചിക്കുകയാണ് അവരുടെ അജൻഡ. ഭരണഘടന, പാർലമെന്ററി ജനാധിപത്യം, ബഹുകക്ഷി സംവിധാനം, ബഹുസ്വരത, മതനിരപേക്ഷത ഇവയെയെല്ലാം അവർ വെല്ലുവിളിക്കുകയാണ്. ബിജെപി തിരഞ്ഞെടുപ്പു ജയിച്ചെന്നതു ശരി, സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങൾ ജയിച്ചെന്നു പറയാനാവില്ല.

ഇടതുപക്ഷത്തിനു മാത്രമേ അവരെ സന്ധിയില്ലാതെ നേരിടാനാവൂ. കോൺഗ്രസ് കഴിഞ്ഞാൽ പഴമയും വലിയ പാരമ്പര്യവും പോരാട്ട ചരിത്രവുമുള്ള പാർട്ടിയാണ് സിപിഐ. ബിജെപിക്കെതിരെയുള്ള ആശയ–രാഷ്ട്രീയപരമായ സമരത്തിനുപുറമെ, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരത്തിനാണു മുൻഗണന.

പാരമ്പര്യം പറയുമ്പോൾ, 90 വർഷത്തിലേറെ വേണ്ടിവന്നു സിപിഐക്ക് ഒരു ദലിതനെ ജനറൽ സെക്രട്ടറിയാക്കാൻ. മറ്റു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ദലിത് നേതൃത്വത്തിന്റെ ചരിത്രമില്ല. 

ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങളാണ് അതു വ്യക്തമാക്കുന്നത്. ആ യാഥാർഥ്യങ്ങളിൽനിന്നു വേറിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടികളും നിൽക്കുന്നത്. ജാതി അധിഷ്ഠിത ഇന്ത്യൻ സാഹചര്യങ്ങളിൽ മാർക്സിസം പ്രയോഗിക്കേണ്ടതിനെക്കുറിച്ച് കമ്യൂണിസ്റ്റുകൾക്കിടയിൽ അവബോധം വർധിക്കുന്നുണ്ട്. സാമൂഹിക യാഥാർഥ്യങ്ങൾ കണക്കിലെടുത്തുള്ള സമീപനങ്ങളാണു വേണ്ടത്.

ഞങ്ങൾ തൊഴിലാളിവർഗ പാർട്ടിയാണ്. തൊഴിലാളി വർഗം അവരുടേതായ ബുദ്ധിജീവികളെയും സിദ്ധാന്തങ്ങളെയും സൃഷ്ടിക്കുന്നുണ്ട്; അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ ഉറച്ചനീക്കങ്ങളുണ്ട് – അവർക്ക് ആരുടെയും സഹതാപവും അനുകമ്പയും വേണ്ട, സമൂഹത്തിൽ അർഹമായ സ്ഥാനവും രാഷ്ട്രത്തിൽ തങ്ങൾ സൃഷ്ടിക്കുന്ന സമ്പത്തിന്റെ ന്യായമായ വിഹിതവുമാണ് അവർ അവകാശപ്പെടുന്നത്. 

ജാതിപരമായ വിവേചനം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്നു.

സാമ്പത്തിക ചൂഷണത്തിനെതിരെ പോരാടിയതുകൊണ്ടു മാത്രം ഇന്ത്യയിൽ വിപ്ലവം സാധ്യമാവില്ല. അതു സമഗ്രമായിരിക്കണം. സാമൂഹിക നീതിക്കുവേണ്ടിയും സാമൂഹിക–ജാതിവിവേചനങ്ങൾക്കെതിരെയുമുള്ള പോരാട്ടമാവണം. ആ തിരിച്ചറിവ് ഇപ്പോഴുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ജാതിവിവേചനമുണ്ടെന്നു ഞാൻ പറയില്ല. അതൊക്കെയും ചരിത്രപരമായ പ്രക്രിയയുടെ ഭാഗമാണ്. അതിനെ മനസ്സിലാക്കി മുന്നോട്ടുവരാൻ കേഡറുകൾ തയാറാവണം.

ലളിതജീവിതമുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ശൈലി കൈമോശംവരാത്ത നേതാക്കളുടെ ഗണത്തിലാണു താങ്കൾ. പൊതുവിൽ കാണുന്ന മൂല്യശോഷണത്തെക്കുറിച്ച്.

മൂല്യശോഷണത്തെ സാമാന്യവൽകരിക്കരുത്. ചില സഖാക്കളുടെ കാര്യത്തിൽ പ്രശ്നങ്ങളുണ്ടാവാം. ചിലർ ഇടതിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുമ്പോൾ, ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമിക ഘടകമാണെന്നും അവർ  പാർശ്വവൽകരിക്കപ്പെട്ടാൽ ധാർമികമായ വിടവുണ്ടാക്കുമെന്നും പറയുന്നവരുമുണ്ട്. ആശയപരമായ ബോധ്യവും ജീവതത്തെക്കുറിച്ചുള്ള ധാരണയും കുടുംബ പശ്ചാത്തലവുമാവാം എന്നെ സഹായിച്ചത്. പേരും മുഖവുമില്ലാത്തവരായിരുന്നു എന്റെ മാതാപിതാക്കൾ – എന്നു പറഞ്ഞാൽ, ഭൂരഹിതരായ രണ്ടു കർഷകത്തൊഴിലാളികൾ, അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഉൾപ്പെട്ടവർ; തൊഴിലെടുക്കുന്നതിലും സങ്കടങ്ങളും സന്തോഷവും പങ്കിടുന്നതിലും വിശ്വസിച്ചവർ. 

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് സിപിഐ.

തിരഞ്ഞെടുപ്പു കമ്മിഷൻ ഞങ്ങൾക്കു നോട്ടിസ് നൽകിയിരിക്കുകയാണ്. ഞങ്ങളതിനു മറുപടി നൽകും. അവരുമായി വാദിച്ചു പദവി നിലനിർത്തുന്നത് ഒരു പ്രശ്നം, തിരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടുത്തുകയെന്നതാണ് യഥാർഥ പ്രശ്നം. ഞങ്ങളുടെ ആശയ, രാഷ്ട്രീയ പ്രതിബദ്ധതയും തിരഞ്ഞെടുപ്പിലെ പ്രകടനവും തമ്മിൽ വിടവുണ്ട്. അതു നികത്താനും സ്ഥിതി മെച്ചപ്പെടുത്താനുമാവണം. ജനമനസ്സുകളെ നേടാനാവുമ്പോഴാണു പാർട്ടിക്കു വിജയമുണ്ടാകുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനമല്ല പാർട്ടിക്ക് സമൂഹത്തിലുള്ള സ്ഥാനം നിശ്ചയിക്കുന്നത്.  

ഇടതുപക്ഷം ഇത്രകണ്ടു തകർന്നതെങ്ങനെ.

പല കാരണങ്ങളുമുണ്ട്. ബഹുകക്ഷി സംവിധാനത്തിൽ പല പാർട്ടികളുമായി സഹകരിച്ചാണ് ഇടതുപക്ഷം പ്രവർത്തിക്കേണ്ടത്. അതിൽ ചിലപ്പോഴൊക്കെ പോരായ്മകളുണ്ടാവാം. ജനങ്ങളുമായുള്ള ബന്ധമെങ്ങനെയെന്നതാണ് അടിസ്ഥാന സംഗതി. 

ഇടതുപക്ഷത്ത് സിപിഎമ്മുമായി സഹകരിച്ചുള്ള പ്രവർത്തനം എത്രകണ്ട് എളുപ്പമാണ്.

എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും ഗൗരവതരമായ രീതിയിൽ ആത്മപരിശോധന നടത്തണമെന്ന് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു, തന്ത്രങ്ങളും പരിഷ്കരിക്കണം. പുനരേകീകരണവും ആവശ്യമാണ്. ഐക്യത്തെയും തത്വാധിഷ്ഠിത പുനരേകീകരണത്തെയുംകുറിച്ച് സിപിഐ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കയ്യടിക്കണമെങ്കിൽപോലും രണ്ടു കയ്യും വേണമെന്നും. ആ തിരിച്ചറിവു മറ്റുള്ളവർക്കും വേണം. ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, വലുപ്പച്ചെറുപ്പം നോക്കാതെയുള്ള പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും വേണം. 

അത്തരം പ്രശ്നങ്ങൾ കേരളത്തിലുണ്ട്. സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനംപോലും ആക്രമണം നേരിടുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചിരുന്നെങ്കിൽ, മികച്ച ഏകോപനമെന്ന് എല്ലാവരും പറയുമായിരുന്നു. കേരളത്തിലെ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവിടുത്തെ നേതാക്കളാണു പറയേണ്ടത്. വിദ്യാർഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഇപ്പോൾ ഞാൻ പറയില്ല. ദേശീയതലത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തെയാണ് നേരിടുന്നത്. പാർലമെന്റ്പോലും നിലനിൽക്കുമോയെന്നു പറയാനാവില്ല. ഈ സാഹചര്യത്തിൽ എങ്ങനെ വേണമെന്ന് ഒരുമിച്ച് ആലോചിക്കണം. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ കാരണങ്ങൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇനി ലയനംതന്നെ പറ്റില്ലേ.

ആരുമായാണ് ലയിക്കേണ്ടത്? ചില ചോദ്യങ്ങളുടെ കാര്യത്തിൽ തീരുമാനം ചരിത്രത്തിനു വിടുക. ഞങ്ങൾ പുനരേകീകരണത്തെക്കുറിച്ചാണു പറയുന്നത്. കമ്യൂണിസ്റ്റുകൾ ഒരുമിച്ചു പ്രവർത്തിക്കണം, ഒരുമിച്ചു നീങ്ങണം. വലതുപക്ഷ ശക്തികൾ ഒരുമിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷികളുമായുണ്ടാക്കിയതരം ധാരണ മതനിരപേക്ഷ ജനാധിപത്യകക്ഷികൾക്കു സാധിച്ചില്ല. കോൺഗ്രസിനും ഇനി പഴയ നിലപാടുകളുമായി തുടരാനാവില്ല. ചില നയങ്ങൾ ഉപേക്ഷിക്കാൻ അവർ തയാറാവണം. തങ്ങളുടെ പദ്ധതികൾ റീപാക്കേജ് ചെയ്തു നടപ്പാക്കുന്നുവെന്നാണ് അവർ മോദിക്കെതിരെ ആരോപിച്ചത്. അതുതന്നെ കോൺഗ്രസ് നിർത്തണം. 

കോൺഗ്രസുമായുള്ള സഹകരണത്തിന്റെ കാര്യത്തിൽ സിപിഐയിലില്ല, സിപിഎമ്മിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. 

സിപിഎം കോൺഗ്രസുമായി ഒഡീഷയിൽ ധാരണയുണ്ടാക്കി, അവർക്കു ബംഗാളിലും ധാരണവേണമായിരുന്നു. അതേക്കുറിച്ചൊക്കെ പറയാതിരിക്കാം. കാരണം, അതൊന്നുമല്ല ഇപ്പോഴത്തെ പ്രധാന വിഷയം. മോദി സർക്കാരിനെ എങ്ങനെ നേരിടണമെന്നതാണ് ദേശീയ വിഷയം. 

ചെറുപ്പക്കാരെ ആകർഷിക്കാനാവുന്നില്ലെന്നതും പ്രസക്തി നിലനിർത്തുന്നതുമാണ് ഇടതുപാർട്ടികൾ നേരിടുന്ന വലിയ പ്രതിസന്ധി.

പ്രതിസന്ധിയെങ്കിൽ അതു ബിജെപിക്കുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു ജയിച്ചെന്നു കരുതി ചെറുപ്പക്കാരെല്ലാം മോദിയുടെ പിന്നാലെ പോകുന്നില്ല. ചെറുപ്പക്കാർക്ക് അവരുടേതായ താൽപര്യങ്ങളുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അവരെ അലട്ടുന്നു.

ചെറുപ്പക്കാരെ ഞങ്ങളും ആകർഷിക്കുന്നുണ്ട്. അവരൊന്നും മിസ്ഡ് കോൾ അംഗങ്ങളല്ല. ഇന്ത്യയിലെ മാത്രമല്ല, ഒരു രാജ്യത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാനാവില്ല. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നീതിയെന്നത് ഏതു രാജ്യത്തെയും പ്രശ്നമാണ്. അതൊക്കെ ഏറ്റെടുക്കാനും ജനത്തെ നയിക്കാനും സാധിക്കുന്നതു കമ്യൂണിസ്റ്റുകൾക്കാണ്.

കർഷക കുടുംബം, അധ്യാപനം...

തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിത്താത്തൂർ ഗ്രാമത്തിൽ, പാലാറിന്റെ കരയിലെ പുറമ്പോക്കിൽ ജീവിച്ച പി.ദൊരൈസാമിയുടെയും നായഗത്തിന്റെയും രണ്ടാമത്തെ മകനാണ് ഡി.രാജ. അച്ഛനും അമ്മയും കർഷകത്തൊഴിലാളികളായിരുന്നു. 

ഗുഡിയാട്ടം ഗവ.തിരുമാൾ മിൽസ് കോളജിൽനിന്ന് കണക്കിൽ ബിരുദം, ഗവ. ടീച്ചേഴ്സ് കോളജിൽനിന്നു ബിഎഡ്. കോളജ് പഠനകാലത്ത്, 1968ൽ പാർട്ടി അംഗമായി. അൽപകാലം അധ്യാപകൻ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ഉദ്യോഗസ്ഥൻ.  ഉദ്യോഗമുപേക്ഷിച്ചാണ് മുഴുവൻസമയ പാർട്ടി പ്രവർത്തകനാകുന്നത്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ ദേശീയനിരയിലേക്കു വളർന്നു, 1994ൽ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി. 

അതിനും 4 വർഷം മുൻപ്, ആനി തോമസ് എന്ന കണ്ണൂർ ഇരിട്ടിയിൽനിന്നുള്ള കമ്യൂണിസ്റ്റുമായി പ്രണയവും വിവാഹവും. പാർട്ടി ദേശീയ നിർവാഹക സമിതിയംഗമായ ആനി രാജ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയാണ്. മകൾ അപരാജിത ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA