ADVERTISEMENT

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ സഹപാഠികൾ കുത്തിവീഴ്ത്തിയ നിർഭാഗ്യകരമായ സംഭവത്തെ തുടർന്ന്, കേരള സർവകലാശാലയും പബ്ലിക് സർവീസ് കമ്മിഷനും (പിഎസ്‌സി) നടത്തുന്ന പരീക്ഷകൾക്കുമേൽ സംശയത്തിന്റെ നിഴൽ വീണിരിക്കുന്നു. സർവകലാശാല ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ കുത്തുകേസ് പ്രതിയുടെ വീട്ടിൽ പൊലീസ് കണ്ടെത്തി എന്നതാണ് ആശങ്ക ഉയർത്തുന്നത്. പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ പ്രതികൾ ഉയർന്ന റാങ്ക് നേടിയതും പൊതുസമൂഹം സംശയദൃഷ്ടിയോടെയാണു കാണുന്നത്.

എത്ര ഉത്തരക്കടലാസുകൾ കോളജുകളിൽ വിതരണം ചെയ്തുവെന്നും ഉപയോഗിക്കാത്തവ എത്ര സ്റ്റോക്കുണ്ടെന്നുമുള്ള കണക്കുപോലും സർവകലാശാലയുടെ കൈവശമില്ല. കഴിഞ്ഞ ദിവസം ഗവർണർ കണക്കു ചോദിച്ചപ്പോൾ മറുപടി നൽകാൻ വൈസ് ചാൻസലർക്കു സാധിച്ചില്ല. കണക്കെടുപ്പ് ഇപ്പോഴും നടക്കുകയാണ്.

ഉത്തരക്കടലാസുകൾ ചോർന്നതു യൂണിവേഴ്സിറ്റി കോളജിൽനിന്നു തന്നെയാണെന്നു പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. യൂണിവേഴ്സിറ്റി കോളജിൽ കുറെക്കാലമായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ തുടർച്ചയാണിതെന്ന വാദം തള്ളിക്കളയാനാവില്ല.

എത്ര കാലമായി, ആരൊക്കെ, ഈ ക്രമക്കേടു കാട്ടിയെന്ന കാര്യത്തിൽ പക്ഷേ ആർക്കും ധാരണയില്ല. പരീക്ഷാ ക്രമക്കേടിലൂടെ ഉന്നത ബിരുദങ്ങൾ നേടിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സർവകലാശാലയുടെ പേരുദോഷം മാറ്റാനും അധികൃതർ കാര്യമായൊന്നും ചെയ്യുന്നുമില്ല.ഉത്തരക്കടലാസ് ചോർച്ചയെക്കുറിച്ച് സിൻഡിക്കറ്റിലെ സിപിഎം അംഗങ്ങളായ മൂന്ന് അധ്യാപകരാണ് അന്വേഷിക്കുന്നത്. ഈ സമിതിയിൽ സിപിഐ പ്രതിനിധിയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല.  

രാപകൽ പഠിച്ചു പരീക്ഷയെഴുതുന്ന സമർഥരായ വിദ്യാർഥികളെ മണ്ടന്മാരാക്കി ചിലർ പരീക്ഷാ ക്രമക്കേടിലൂടെ ഉന്നത ബിരുദങ്ങൾ നേടുന്നുവെന്നു വരുന്നതു സർവകലാശാലാ വിദ്യാഭ്യാസത്തിലുള്ള വിശ്വാസം തന്നെ തകർക്കാം. ഇതിനിടെ അന്വേഷണം നടത്തിയെന്നു വരുത്തി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നത് ആരെയോ സഹായിക്കാനാണെന്നു ജനങ്ങൾ സംശയിക്കുന്നു.

പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ഒന്നാം പ്രതിക്കു ലഭിച്ച ഉയർന്ന മാർക്കിനെ സംശയത്തോടെയാണ് ഉദ്യോഗാർഥികൾ കാണുന്നത്. ഏഴു റാങ്ക് പട്ടികകളിൽ ഏറ്റവും ഉയർന്ന മാർക്ക് ഈ ഉദ്യോഗാർഥിക്കാണ്. പുറമേ ഗ്രേസ് മാർക്കും ലഭിച്ചു. ഇതെക്കുറിച്ച് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുന്നുണ്ട്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. ആക്ഷേപം ഉയർന്നതിനെ തുടർന്ന് പിഎസ്‌സി ഓഫിസുകളിൽ ക്രമക്കേട് നടന്നോയെന്നു പ്രാഥമിക പരിശോധന നടത്തിയെന്നും ഒന്നും കണ്ടെത്തിയില്ലെന്നും പിഎസ്‌സി ചെയർമാൻ പറയുന്നു.

പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടെ ക്രമക്കേടിന് ഒരുപാടു സാധ്യതകൾ ശേഷിക്കുന്ന സാഹചര്യത്തിലാണു വിജിലൻസ് അന്വേഷണം. എന്നാൽ ഈ  അന്വേഷണത്തിനു പരിമിതിയുണ്ട്. ആരോപണവിധേയരെ വിശദമായി ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉള്ള അധികാരം പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസിന് ഇല്ല. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് കഴിവതുംവേഗം വാങ്ങി വിശദ അന്വേഷണത്തിലേക്കു നീങ്ങുകയാണു വേണ്ടത്. 

പിഎസ്‌സിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിൽ ക്രമക്കേട് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ആശ്രയമായ പിഎസ്‌സി സംശയത്തിന് അതീതമാണെന്നു ബോധ്യപ്പെടുത്തേണ്ട ബാധ്യത ആ സ്ഥാപനത്തിന്റെ മേധാവികൾക്കും സർക്കാരിനുമുണ്ട്. കേരളത്തിലെ സർവകലാശാലകളുടെ മാതാവ് എന്നറിയപ്പെടുന്ന കേരള സർവകലാശാല ആ അന്തസ്സ് കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

സർവകലാശാലയുടെയും പിഎസ്‌സിയുടെയും പരീക്ഷകൾ പിഴവില്ലാത്തതാണെന്നു ജനങ്ങൾക്കു ബോധ്യപ്പെടേണ്ടതുണ്ട്. അതിന് ഉതകുന്ന അന്വേഷണവും നടപടിയുമാണ് അധികൃതരിൽ നിന്നു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com