ADVERTISEMENT

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്കാദമിക – വിദ്യാർഥി സ്വാതന്ത്ര്യങ്ങളെപ്പറ്റി മുൻ അധ്യാപകൻ കൂടിയായ സ്പീക്കർ കുറിച്ചതിലാണ് ചിന്തോദ്ദീപകമായ ഈ തലക്കെട്ടുള്ളത്; സ്വർഗത്തിലെ ദുർഗന്ധങ്ങൾ...  2004ൽ ലണ്ടൻ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയായപ്പോൾ അത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വർഗം തന്നെയാണെന്നു തോന്നിയിരുന്നു. വൈജ്ഞാനിക സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഇത്രയധികം പ്രകാശനം നൽകുന്ന മറ്റൊരിടം കാണാൻ പ്രയാസം. 

അവിടെ കന്റീനിൽ ആരെങ്കിലും പാടിയാൽ ആരും മർദിക്കാറോ നിയന്ത്രിക്കാറോ ഇല്ല. പാടുന്നയാൾ പാടുന്നു. മറ്റുള്ളവർ കേൾക്കുന്നു; അഥവാ പോകുന്നു. പുൽത്തകിടികളിൽ ആണും പെണ്ണും ഇടകലർന്നിരിക്കുന്നു. ചില പെൺപിള്ളേർ ആൺപിള്ളേരുടെ മടിയിൽ (തിരിച്ചും) തലവച്ചു കിടക്കുന്നതും കാണാം. ആരും അവരെ താലിബാൻ മാതൃകയിൽ ചെന്നു തല്ലിയോടിക്കാറില്ല. ഡസൻ കണക്കിനു വിദ്യാർഥിസംഘടനകളുള്ള അവിടെയെങ്ങും ക്യാംപസിന്റെ മോറൽ പൊലീസിങ് ആരുടെയും ചുമതലയല്ല. 

ഒന്നോർത്താൽ, നമ്മുടെ യൂണിവേഴ്സിറ്റി കോളജിൽ അഖിലിന്റെ പൊടിഞ്ഞ ചോര (അത് അയാൾക്കു തൽക്കാലം ഹാനിയുളവാക്കിയെങ്കിലും) സമൂഹത്തിനു നന്നായി എന്നാണു തോന്നുന്നത്. ആ തിന്മ ചെയ്ത സംഘടനാ ഭാരവാഹികൾക്കെതിരെ വിദ്യാർഥികൾ പരസ്യമായി മുന്നോട്ടുവന്നു.

അക്രമികളെ ഒറ്റപ്പെടുത്തി. ആ കത്തിമുനയുടെ നേരിയ ചലനം കലാലയ നാരായങ്ങളിൽ വലിയ പ്രത്യാഘാതം ഉളവാക്കി. ഈ ദുർഗുണരായ നേതാക്കളിൽനിന്നു മോചനം വേണമെന്ന മുദ്രാവാക്യം സംഘടനയും ചെവിക്കൊണ്ടു. കേവലം കായബലത്തിനപ്പുറം ദർശനവും മൂല്യങ്ങളുമുള്ള ഒരു നേതൃത്വം ഇനി യൂണിവേഴ്സിറ്റി കോളജിനെ നയിക്കട്ടെ. 

മനുഷ്യസ്വാതന്ത്ര്യത്തിന്റെ ദർശനഗരിമ മുന്നോട്ടു കൊണ്ടുപോകേണ്ട യുവത എത്രകണ്ട് അതിന്റെ മറുകരയിലാണ്, അസ്വാതന്ത്ര്യത്തിലാണ്, നമ്മുടെ യൂണിവേഴ്സിറ്റി കോളജിൽ കഴിഞ്ഞിരുന്നത് എന്നു മനസ്സിലായി. പുൽത്തകിടിയിൽ ഒന്നിരിക്കാൻ, ടൂർ പോകാൻ, ലൈബ്രറിയിൽ പോകാൻ, പാട്ടുപാടാൻ, കന്റീനിൽ പ്രവേശിക്കാൻ ഒക്കെ അവിടെ വിദ്യാർഥിയായി ചേർന്ന് ഫീസ് ഒടുക്കിയാൽ പോരാ; മസിൽ പവറുകാരുടെ പ്രത്യേകാനുമതി വേണം പോലും. 

കാലാന്തരത്തിൽ ഒരു വിയറ്റ്നാം കോളനിയായി മാറിപ്പോയ ആ കലാലയത്തിൽ കൂലിത്തല്ലുകാർക്കു കപ്പം കൊടുത്തുവേണം കന്റീനിൽ പോകാൻ എന്നു പറഞ്ഞാൽ? സഹപാഠിയായ പെൺകുട്ടിയോടു സംസാരിക്കണമെങ്കിൽ ‘റൗണ്ട്സിന്’ വരുന്ന മഹാഭിഷഗ്വരന്മാരായ കൂലിത്തല്ലുകാർക്കു സലാം വയ്ക്കണം എന്നു വന്നാൽ? ഈ സ്വാതന്ത്ര്യനിഷേധം, ഇതരവീക്ഷണമുള്ള സംഘടനകളുടെ യൂണിറ്റുകൾ രൂപീകരിക്കുന്നതും മത്സരിക്കുന്നതും ബലമായി തടയുന്നതിൽ വരെയെത്തിയിരിക്കുന്നുവത്രെ. ഇല്ലെങ്കിൽ തല്ലാണ് സ്വന്തം സംഘടനക്കാർക്കുപോലും. അതാണിപ്പോൾ പൊട്ടിത്തെറിച്ചിരിക്കുന്നത്.

സ്വർഗത്തിലെ ദുർഗന്ധത്തോടു പ്രതികരിച്ച സ്പീക്കറോടു വിയോജിപ്പു തോന്നിയത് ഇതൊന്നും പ്രത്യയശാസ്ത്രപരമല്ല എന്ന ഭാഗത്തു മാത്രമാണ്. ഒരു സംശയവും വേണ്ട, ബൗദ്ധിക–വ്യക്തിത്വ വൈജാത്യം സ്ഫുരിക്കേണ്ട ക്യാംപസിൽ കൃത്രിമമായ ‘സമത്വം’ പുലർത്താൻ അക്കാദമികവും വൈജ്ഞാനികവുമായ സ്വാതന്ത്ര്യങ്ങളാകെ അടിയറവു പറയിക്കുന്ന ഒരു വിശ്വാസ പ്രത്യയമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. 

ബൗദ്ധികലോകത്തെ സമത്വസൃഷ്ടി അവസര സമരത്തിൽ ഒതുക്കേണ്ടതുണ്ട്. അതു ബൗദ്ധിക–വൈജ്ഞാനിക ലോകത്ത് സ്വാതന്ത്ര്യവും ജനാധിപത്യബോധവും പരിമിതപ്പെടുത്തിക്കൊണ്ട് പുലർത്തിയാൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജെന്ന, ആത്യന്തികമായി കായികമായി ഭയംകൊണ്ടു നിയന്ത്രിക്കപ്പെടുന്ന ഒരു ഇടമായി മാറും.

അവിടത്തെ സ്റ്റേറ്റ് ബലവാന് കപ്പം കൊടുത്ത് പുലർത്തപ്പെടുന്ന ഒരാശയമാകും. കാലക്രമേണ സർഗാത്മകത ജഡമായും മാറും. ആ ജഡം ചീഞ്ഞ ദുർഗന്ധമാണ് സ്പീക്കറുടെ നാസാരന്ധ്രങ്ങളിൽ വരെ എത്തിപ്പെട്ടത്.അങ്ങനെയുള്ള ജഡമായ അധികാരശ്രേണിയിൽ അക്കാദമിക നിലവാരസൂചികകൾ പ്രവർത്തിക്കില്ല. പരീക്ഷകൾ അടക്കമുള്ള ഒരു മാപിനിയും അവിടെ ഫലവത്താവില്ല. കോളജിൽ വരാതെതന്നെ ബിരുദാനന്തര ബിരുദം നേടാനാവും.

 ഇപ്പോൾ കേൾക്കുന്നതു ശരിയാണെങ്കിൽ ഉദ്യോഗങ്ങൾ പോലും ക്രമേണ ബലവാന്റെ അടുത്തെത്തും. ഇതെല്ലാം കായബലം ധൈഷണികതയ്ക്കുമേൽ നേടിയ വിജയമാണ്. അതാണ് കൃത്രിമമായ ഒരു സമത്വം സൃഷ്ടിക്കാൻ മൗലികസ്വാതന്ത്ര്യം പണയപ്പെടുത്തിയ ജനാധിപത്യത്തിന്റെ അവസ്ഥ. ആ സമത്വസൃഷ്ടി കായബലം മാത്രം നിർമിക്കുന്ന ഒരവസ്ഥയാണ്. ആ ബലത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വതന്ത്രരായിരിക്കാൻ ആർക്കും കഴിയില്ല. 

ഈ സമാന്തര ബലാധിഷ്ഠിത സംവിധാനത്തിൽനിന്നാണ് നമ്മുടെ യൂണിവേഴ്സിറ്റി കോളജിനു ശാപമോക്ഷം വേണ്ടത്. സ്പീക്കറുടെ കുറിപ്പ് കേവലമൊരു കത്തിക്കുത്തിനപ്പുറം വിദ്യാർഥികളുടെ ഈ മുല്ലപ്പൂവിപ്ലവത്തിന്റെ വിശാലാർഥം കണ്ടു. പുനർനിർണയിച്ചിട്ടില്ലാത്ത പ്രത്യയശാസ്ത്ര തുലനാവസ്ഥകൾ ത്യജിച്ച് സ്വാതന്ത്ര്യ–ജനാധിപത്യ വാഞ്ഛകളോടു സമരസപ്പെടുകയാണ് വിദ്യാർഥിപ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്. ആ വലിയ തിരിച്ചറിവാണ്, അഖിലിന്റെ ദൗർഭാഗ്യകരമായ ദുരന്തത്തിലൂടെയാണെങ്കിൽ പോലും, പുറത്തേക്കു വരുന്നത്. 

സ്വർഗത്തിലെ ദുർഗന്ധം വമിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ജഡം കണ്ടെത്തി പ്രതികരിച്ചു എന്നതാണ് സ്പീക്കറുടെ കുറിപ്പിന്റെ മേന്മ. വലിയൊരു തിരുത്താണ് അത് എല്ലാവരിൽനിന്നും ആവശ്യപ്പെടുന്നത്.

(ഐഎഎസ് ഉദ്യോഗസ്ഥനും വെറ്ററിനറിസർവകലാശാല മുൻ വിസിയുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com