ADVERTISEMENT

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഗ്രാമമുഖ്യനും സംഘവും വെടിവച്ചുകൊന്ന ആദിവാസികർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ തീരുമാനം ദേശീയ ശ്രദ്ധനേടി. സംഭവം നടന്ന ഗ്രാമത്തിലേക്കു പോകാനനുവദിക്കാതെ, പ്രിയങ്കയെ മിർസാപുരിൽ യുപി അധികൃതർ തട‍ഞ്ഞുവച്ചതോടെ, ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വലവിജയപ്രഭയിൽ നിൽക്കുമ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കാലിടറിയതിന്റെ സൂചനയായി. സോൻഭദ്രയിൽ നിന്ന് ഇരകളുടെ കുടുംബാംഗങ്ങൾ തന്നെ മിർസാപുരിലേക്കു യാത്രചെയ്ത് തങ്ങൾ നേരിട്ട ദുരന്തത്തിന്റെ വിശദാംശങ്ങൾ പ്രിയങ്കയോടു വിവരിക്കുകയുണ്ടായി. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജിയെത്തുടർന്നുള്ള അനിശ്ചിതത്വവും മൂലം കോൺഗ്രസ് മൃതാവസ്ഥയിൽ തുടരുമ്പോഴും പ്രവർത്തനരംഗത്തുള്ള ചുരുക്കം ഭാരവാഹികളിലൊരാൾ പ്രിയങ്കയാണ്. സോൻഭദ്രയിലേക്കു പ്രിയങ്ക കുതിച്ചെത്തിയത് ഇന്ദിരാ ഗാന്ധിയുടെ പഴയകാലം അനുസ്മരിപ്പിച്ചു.

വൻ പരാജയം നേരിട്ടു നാലുമാസം പിന്നിട്ടപ്പോഴേക്കും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി തിരിച്ചെത്തി ഇന്ദിര; ഒരു ജൂലൈയിലായിരുന്നു ആ യാത്രയും. വർഷം 1977. ട്രെയിനിലും ജീപ്പിലും ട്രാക്ടറിലുമായി സഞ്ചരിച്ച ഇന്ദിര, മോട്ടി എന്ന ആനയുടെ പുറത്തേറി നദി കുറുകെ കടന്നാണ് ബിഹാറിലെ വിദൂരമായ ബെൽച്ചി എന്ന ദലിത് ഗ്രാമത്തിലെത്തിയത്. മേൽജാതിക്കാർ കൂട്ടക്കൊല ചെയ്ത ദലിതരുടെ ബന്ധുക്കളെ സന്ദർശിക്കാനായിരുന്നു അത്. 

പ്രിയങ്കയുടെ യാത്ര അത്രമേൽ കഠിനമായിരുന്നില്ല. പക്ഷേ, പ്രിയങ്ക യുപി ഭരണകൂടത്തോട് ഉറപ്പിച്ചു പറഞ്ഞു, സോൻഭദ്രയിലെ ഇരകളുടെ കുടുംബങ്ങളെ കാണാതെ ഡൽഹിയിലേക്കു മടങ്ങില്ലെന്ന്. ശക്തരായ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിഷമത്തിലാക്കിയ സന്ദർശനമായിരുന്നു അത്. 

എന്നാൽ, രാഷ്ട്രീയസമാനതകൾ ഒരുപോലെ അവസാനിക്കണമെങ്കിൽ ജനങ്ങളും സംഭവങ്ങളും ഒത്തുവരണം. ഉത്തരേന്ത്യയിൽ തകർന്നടിഞ്ഞുവെങ്കിലും 1977ലെ കോൺഗ്രസിന്റെ നില അപ്പോഴും ശക്തമായിരുന്നു. 42 വർഷത്തിനുശേഷം, തുടർച്ചയായ പരാജയങ്ങളും ജാതിപ്പാർട്ടികളുടെ ഉയർച്ചയും യുപിയിലും ബിഹാറിലും കോൺഗ്രസിനെ നാമാവശേഷമാക്കി. അവിടെയൊക്കെ പ്രവർത്തകരോ നേതാക്കളോ ഇല്ലാത്ത അവസ്ഥയായി. 

ഇന്ദിരാഗാന്ധി ഏറ്റുമുട്ടിയത് പരസ്പരം പോരടിക്കുന്ന നേതാക്കളുള്ള ജനതാ പാർട്ടിയോടായിരുന്നുവെങ്കിൽ, ബിജെപി അങ്ങേയറ്റം അച്ചടക്കവും മികച്ച സംഘടനാ സംവിധാനവുമുള്ള കക്ഷിയാണ്. എങ്കിലും ഒരു നവാഗതയ്ക്കു ലഭിക്കേണ്ട മുൻതൂക്കം പ്രിയങ്കയ്ക്കു ലഭിച്ചിരിക്കുന്നു. കാരണം, സമാജ്‌വാദി പാർട്ടിയോ ബഹുജൻ സമാജ് പാർട്ടിയോ സോൻഭദ്രയിലേക്ക് ഒരു നേതാവിനെപ്പോലും അയച്ചില്ല. 

ഒഡീഷ, ബിഹാ‍ർ, യുപി സംസ്ഥാനങ്ങളിൽ അടിത്തട്ടുകളിൽ പ്രവർത്തകരില്ലാത്തതുമൂലം അവിടെ കോൺഗ്രസ് പ്രസക്തമാണെന്ന തോന്നൽ ആർക്കുമില്ല. കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി തുടരുന്ന പ്രിയങ്കയ്ക്ക് സംഘടന പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണുള്ളത്. എങ്കിൽ മാത്രമേ, വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും കോൺഗ്രസ് പ്രസക്തമാകുകയുള്ളൂ. 

മോദി സൂനാമിക്കു രണ്ടു മാസത്തിനു ശേഷവും പ്രതിപക്ഷ കക്ഷികളാരും വൻ പരാജയത്തോടു യോജിച്ചു പ്രതികരിച്ചു തുടങ്ങിയിട്ടില്ല. ഗംഗാതടത്തിലെ 3 ജാതികക്ഷികൾ – യുപിയിലെ ബിഎസ്പി, എസ്പി, ബിഹാറിലെ ആർജെഡി– ഇപ്പോഴും അഗാധമായ രാഷ്ട്രീയനിദ്രയിലാണ്. മായാവതി മിണ്ടാറേയില്ല. മുലായം സിങ്ങോ മകൻ അഖിലേഷോ എന്തെങ്കിലും രാഷ്ട്രീയ പരിപാടികളെപ്പറ്റി സംസാരിക്കുന്നു പോലുമില്ല. ലാലു ജയിലിൽ തുടരുമ്പോൾ, മക്കളായ തേജസ്വിയും തേജ്പ്രതാപും അടക്കം കുടുംബാംഗങ്ങൾ തമ്മിലടി തുടരുകയാണ്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരാജയമേറ്റുവാങ്ങിയ പ്രതിപക്ഷ കക്ഷികളെ അപേക്ഷിച്ച് സംസ്ഥാനഭരണം കയ്യിലുള്ള പ്രതിപക്ഷകക്ഷികൾ തങ്ങൾ നേരിട്ട വീഴ്ചകളോടു ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാളിൽ ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയതു കണ്ടറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയാണു തിരിച്ചടിക്കു മുന്നിലുള്ളത്. രണ്ടു നഗരസഭകളിൽ പാർട്ടിവിട്ട വിമതരെ തിരിച്ചു തൃണമൂലിൽ എത്തിക്കാനും ഭരണം ഭദ്രമാക്കാനും അവർക്കു സാധിച്ചു.

സ്വന്തം പ്രവർത്തകരോടു ശക്തമായി പ്രവർത്തനരംഗത്തിറങ്ങാനും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പാവങ്ങളായ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്ന പണം തിരിച്ചുനൽകാനും അവർ നിർദേശിച്ചു. മറ്റു പ്രതിപക്ഷ നേതാക്കളെ അപേക്ഷിച്ച് ബിജെപിക്കെതിരെ ഏറ്റവും ശബ്ദഘോഷം ഉണ്ടാക്കുന്നതും മമതയാണ്. 

അടുത്ത വർഷമാദ്യം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വികസനപ്രവർത്തനങ്ങളിൽ ഊന്നിയ തന്ത്രമാണ് അരവിന്ദ് കേജ്‌രിവാൾ സ്വീകരിച്ചിട്ടുള്ളത്. തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും കാര്യമായ ഒരു നേട്ടവുമുണ്ടാക്കാത്ത സാഹചര്യത്തിൽ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ചന്ദ്രശേഖർ റാവു രാഷ്ട്രീയ ആലസ്യത്തിലാണ്. കേരളത്തിൽ പിണറായി വിജയനാകട്ടെ, തനിക്കെതിരെയും സിപിഎമ്മിനെതിരെയും രൂപംകൊണ്ട നിഷേധവികാരം കെട്ടടങ്ങുംവരെ മൗനമായി കാത്തിരിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. 

എന്നാൽ, മഹാരാഷ്ട്രയിലെ എൻസിപിയും ജാർഖണ്ഡിലെ ജാർഖണ്ഡ് മുക്തിമോർച്ചയും ഈ വർഷത്തെ നിയമസഭാ തിരിഞ്ഞെടുപ്പു മുൻനിർത്തി വളരെ സജീവമായിട്ടുണ്ട്; ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളുടേതും വളരെ മോശം പ്രകടനമായിരുന്നുവെങ്കിലും. എൻസിപി നേതാവ് ശരദ് പവാറാണ് കോൺഗ്രസിനു മുന്നറിയിപ്പു നൽകിയത്, രാഷ്ട്രീയ കക്ഷികൾക്കു വിലപിച്ചുകൊണ്ടിരിക്കാനോ ദീർഘമായി ആലോചിച്ചിരിക്കാനോ നേരമില്ലെന്ന്. ഇതോടെ, മഹാരാഷ്്ട്രയുടെ ചുമതലയുള്ള മല്ലികാർജുൻ ഖർഗെ, സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ പുതിയൊരു സംഘത്തെ നിയോഗിച്ചു. 

തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയിൽനിന്നു നേതാക്കളുടെ കൊഴിഞ്ഞുപോക്കു തുടർന്നുകൊണ്ടിരിക്കുകയാണ്. ജഗൻമോഹൻ റെഡ്ഡി സർക്കാർ തനിക്കെതിരെ പൊക്കിക്കൊണ്ടുവരുന്ന അഴിമതിക്കേസുകൾ നേരിടാനാണ് ഇനി ചന്ദ്രബാബു നായിഡു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക. 

പ്രതിപക്ഷകക്ഷികൾ അബോധാവസ്ഥയ്ക്കും ഉണർവിനുമിടയിലെ വിവിധഘട്ടങ്ങളിൽ കഴിയവേ, പ്രിയങ്ക ഗാന്ധിയുടെ സോൻഭദ്ര ദൗത്യം കോൺഗ്രസിന് ഒരു പുത്തൻ അവസരം നൽകിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com