ADVERTISEMENT

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ വിക്ഷേപണവിജയം നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്. ഇതിനെക്കാൾ സങ്കീർണമായ ഭാഗമാണ് ഇനി ദൗത്യത്തിൽ ബാക്കിയുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറിനെയും റോവറിനെയും സുരക്ഷിതമായി ഇറക്കുക എന്ന വെല്ലുവിളിയാണ് ‘ഇസ്രൊ’യിലെ ശാസ്ത്രജ്ഞരുടെ മുന്നിലുള്ളത്. 

ആദ്യ ചാന്ദ്രദൗത്യത്തിൽ ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ എത്തുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, ചന്ദ്രയാൻ രണ്ടിൽ അവിടെനിന്നു സുരക്ഷിതമായി പര്യവേക്ഷണവാഹനത്തെ ഇറക്കുകയെന്ന ദൗത്യമാണ് ഇസ്രൊ ഏറ്റെടുത്തിരിക്കുന്നത്. അതും നേരത്തേ തീരുമാനിച്ചുറപ്പിച്ച, സുരക്ഷിതമായ മേഖലയിൽ. 

ചന്ദ്രന്റെ ഭ്രമണപഥത്തിൽ മണിക്കൂറിൽ ഏതാണ്ട് 6000 കിലോമീറ്റർ വേഗത്തിലാണു ചന്ദ്രയാൻ സഞ്ചരിക്കുക. സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗം. നമ്മുടെ വിമാനങ്ങൾ വിമാനത്താവളങ്ങളിൽ ഇറക്കുന്നത് മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽനിന്നു വിദഗ്ധമായി നിയന്ത്രിച്ചാണ്. ചന്ദ്രയാന്റെ ലാൻഡർ ‘വിക്ര’ത്തിന്റെ കാര്യത്തിൽ പൈലറ്റിന്റെ ജോലി അതു സ്വയം ചെയ്യണം. വേഗം കുറയ്ക്കണം, ഗതി നിയന്ത്രിക്കണം, സുരക്ഷിതമായ ലാൻഡിങ്ങിനുള്ള സ്ഥലം സ്വയം കണ്ടുപിടിക്കണം. 

നാലു കാലിലാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടത്. കുന്നും കുഴിയും ഇല്ലാത്ത സ്ഥലത്ത് ഇറങ്ങിയാൽ മാത്രമേ, റോവർ പ്രഗ്യാനെ സുരക്ഷിതമായി പുറത്തിറക്കാനാകൂ. 50 വർഷം മുൻപ് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ അവർക്കു വാഹനത്തിന്റെ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അതുകൊണ്ടുതന്നെ ലാൻഡർ ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് അതിനിർണായകമാണ്. അതു വിജയിപ്പിക്കാനുള്ള കരുത്ത് ഇസ്രൊയ്ക്കുണ്ട്. 

ബഹിരാകാശരംഗത്തെ ലോകശക്തികളിലൊന്നാണ് ഇപ്പോൾ ഇന്ത്യ. നമ്മുടെ പ്രവർത്തനക്ഷമമായ 45 ഉപഗ്രഹങ്ങൾ സാധാരണക്കാരുടെ നിത്യജീവിതത്തിൽ വളരെ പ്രയോജനപ്പെടുന്ന സേവനങ്ങളാണു നിർവഹിക്കുന്നത്. ഗ്രഹാന്തരജീവിതം സാധ്യമാണോ എന്ന ഗവേഷണം നടക്കുന്ന കാലത്ത് ഇന്ത്യയ്ക്ക് ഈ മേഖലയിൽ വലിയ കുതിപ്പു നടത്താനാകും. 

(‘ഇസ്രൊ’ മുൻ ചെയർമാനാണു ലേഖകൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com