ADVERTISEMENT

ഏതു വലിയ ദൗത്യത്തിലും പ്രതിസന്ധികൾ സ്വാഭാവികം; എന്നാൽ അവയെ വിജയകരമായി അതിജീവിക്കുമ്പോൾ ആ ദൗത്യം കൂടുതൽ മഹത്തരമാകുന്നു. ചന്ദ്രയാൻ– 2 വിക്ഷേപണ വിജയം ആ അർഥത്തിൽ നമുക്കു സമ്മാനിച്ചിരിക്കുന്നത് ഇരട്ടിമധുരമാണ്. വിക്ഷേപണം ഒരാഴ്ച വൈകിയെങ്കിലും പേടകം ചന്ദ്രനിലെത്തുന്ന തീയതിയിൽ മാറ്റമില്ലാത്ത വിധം സമയക്രമം പുനർനിശ്ചയിക്കുക വഴി ഇത്തരം ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ‘ഇസ്രൊ’യുടെ കയ്യടക്കം കൂടിയാണു തെളിഞ്ഞിരിക്കുന്നത്. 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാകും ചന്ദ്രയാൻ–2 ഇറങ്ങുക. ഇതുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാത്ത നേട്ടം. ചന്ദ്രന്റെ മറുവശത്തിന്റെ കവാടമെന്നു പറയാവുന്ന ഈ പ്രദേശത്ത് ഐസ് രൂപത്തിൽ ജലം ഉണ്ടാകുമെന്നും സൗരയൂഥ രൂപീകരണത്തിന്റെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇവിടെനിന്നു ലഭിക്കുമെന്നുമാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപത്തിന്റെ സാന്നിധ്യവും അളവും പഠിക്കാനുള്ള സംവിധാനങ്ങളും ചന്ദ്രയാൻ 2ൽ ഉണ്ട്. റേഡിയോ ആക്ടീവ് ഐസോടോപ് ആയ ഹീലിയം 3, ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളിൽ ആണവ ഇന്ധനമായി ഉപയോഗിക്കാനായാൽ ഊർജപ്രതിസന്ധിക്കു പ്രതിവിധിയാകും. ഇപ്പോഴത്തെ ന്യൂക്ലിയർ ഫിഷൻ റിയാക്ടറുകളിലെന്ന പോലെ ആണവമാലിന്യമുണ്ടാകില്ലെന്നതിനാൽ ഇത്തരമൊരു കണ്ടെത്തൽ ഏറെ വിലപ്പെട്ടതാണ്. 

ഫലത്തിൽ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ തന്നെ പ്രതീക്ഷ പകരുന്ന കുതിപ്പിനാണ് ഇന്നലെ നാം സാക്ഷ്യം വഹിച്ചത്. ‘നാസ’യുടേത് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ടുതാനും. ഇടിച്ചിറങ്ങുന്നതിനു പകരം, ചന്ദ്രന്റെ ഉപരിതലത്തിൽ പറന്നിറങ്ങുന്ന ‘സോഫ്റ്റ് ലാൻഡിങ്’ ദൗത്യമാണു ചന്ദ്രയാൻ–2. സെപ്റ്റംബർ ഏഴിനു പേടകത്തിലെ ‘വിക്രം’ ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ തൊടുമ്പോൾ ഇത്തരത്തിൽ ‘സോഫ്റ്റ് ലാൻഡിങ്’ നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാകും. 

ഈ അതിസങ്കീർണദൗത്യത്തിന്റെ നേതൃസംഘത്തിൽ രണ്ടു പേർ സ്ത്രീകളാണ്; ദൗത്യത്തിന്റെ അണിയറയിലുള്ള 30 ശതമാനം പേർ സ്ത്രീകളെന്നതും ഏറെ അഭിമാനാർഹം. ബഹിരാകാശ ഗവേഷണം പോലെയുള്ള മേഖലകൾ സ്ത്രീകൾക്കുള്ളതല്ലെന്ന മുൻവിധിക്കുള്ള മറുപടിയാണിത്.

നമ്മുടെ രാജ്യത്തിന് ഇതു വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലെ ഒരു ഘട്ടം മാത്രമെന്നും ഓർക്കുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ ‘ഗഗൻയാൻ’ 2021 ഡിസംബർ എന്ന സമയപരിധി ലക്ഷ്യമിട്ടു മുന്നേറുകയാണ്. സൂര്യന്റെ അന്തരീക്ഷം പഠിക്കാനുള്ള ആദിത്യ എൽ1 ദൗത്യം അടുത്ത വർഷവും ശുക്ര ഗ്രഹത്തിലേക്കുള്ള ശുക്രയാൻ ദൗത്യം 2023ലും ഉണ്ടാകും. 2030നു മുൻപായി സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യവും ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. 

ബഹിരാകാശരംഗത്ത് നാം ഇന്നു കൈവരിക്കുന്ന നേട്ടങ്ങൾക്കു നന്ദി പറയേണ്ടത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള പതിറ്റാണ്ടുകളിൽ ഈ ദിശയിൽ ആദ്യ ചുവടുകൾ വച്ച നമ്മുടെ ഭരണാധികാരികളോടും ശാസ്ത്രഗവേഷണ രംഗത്തെ സാരഥികളോടും കൂടിയാണ്. ഇസ്രൊയുടെ സുവർണ ജൂബിലി വർഷത്തിലും വിക്രം സാരാഭായിയുടെ ജന്മശതാബ്ദി വർഷത്തിലുമാണ് ഈ നേട്ടം.

ബഹികാരാകാശ രംഗത്തു ലോകത്തെ മുൻനിരക്കാരായി ഇന്നു നാം വളർന്നിരിക്കുന്നു. തൊണ്ണൂറുകളിൽ ക്രയോജനിക് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ടപ്പോൾ, പതറാതെ സ്വന്തം ഗവേഷണങ്ങളിലൂടെ ആ സാങ്കേതികവിദ്യ സ്വന്തമാക്കിയ പാരമ്പര്യമാണ് ഇന്ത്യയുടേത്. 

ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുമാറ്റും മുൻപേ ബഹിരാകാശ സ്വപ്നങ്ങൾ കാണുന്നതിന്റെ പേരിൽ ഇന്ത്യ വിമർശിക്കപ്പെട്ടിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തിലൂടെ രാഷ്ട്രപുരോഗതി എന്ന വിക്രം സാരാഭായിയുടെ മുദ്രാവാക്യമാണ് ഇക്കാര്യത്തിൽ ഐഎസ്ആർഒയ്ക്കു വഴികാട്ടിയായത്. ഇന്നു ലോകരാജ്യങ്ങൾ ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണത്തിന് ഇസ്രൊയെ സമീപിക്കുമ്പോൾ രാജ്യത്തിന് കോടികൾ വരുമാനം നേടിത്തരുന്ന രംഗമായി ബഹിരാകാശ ഗവേഷണം മാറി.

മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ സുവർണജൂബിലി ലോകം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യത്തിന്റെ തുടക്കമെന്നതു യാദൃച്ഛികമാകാം. ഈ രംഗത്തെ ഇന്ത്യൻ മുന്നേറ്റങ്ങൾ ലോകം ആഘോഷിക്കുന്ന കാലമാകട്ടെ ഇനി വരാനിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com