ADVERTISEMENT

കൂറുമാറ്റ നിരോധന നിയമത്തിൽ പഴുതുകൾ ബാക്കിയാണെന്നും രാഷ്ട്രീയ സദാചാരം ശീലിക്കാൻ നമ്മുടെ പാർട്ടികൾ ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും വ്യക്തമാക്കുകയാണു കർണാടകയിലെ എച്ച്.ഡി.കുമാരസ്വാമി സർക്കാരിന്റെ പതനം. ഗോവയിലും മണിപ്പുരിലും തെലങ്കാനയിലും ആന്ധ്രപ്രദേശിലും അരുണാചൽ പ്രദേശിലുമൊക്കെ ഇതേ നാടകത്തിന്റെ പല പതിപ്പുകൾ അരങ്ങേറിയിരിക്കെ, ഇന്ത്യൻ ജനാധിപത്യത്തിന്റെതന്നെ ഭാവിയെക്കുറിച്ചാണ് ആശങ്ക ഉയരുന്നത്.

കോൺഗ്രസ് - ജനതാദൾ (എസ്) സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിവന്ന കരുനീക്കങ്ങളിലും അതിന്റെ ഭാഗമായി ഒരുവിഭാഗം ഭരണപക്ഷ എംഎൽഎമാർ നടത്തിയ അവസരവാദപരമായ കൂട്ടരാജിയിലുമായിരുന്നു ആഴ്ചകളോളം നീണ്ട രാഷ്ട്രീയനാടകത്തിന്റെ തുടക്കം. എന്നാൽ, അവിചാരിതമായി നാലു ദിവസം നീണ്ട വിശ്വാസ വോട്ടെടുപ്പു നടപടികൾ, രാഷ്ട്രീയ കുതിരക്കച്ചവടത്തെക്കാൾ ഗൗരവമുള്ള ചർച്ചകൾക്കു വഴിതുറന്നു. ഗവർണറുടെ അധികാരപരിധിയും നിയമനിർമാണസഭയിൽ സ്പീക്കർക്കുള്ള പരമാധികാരവും സംബന്ധിച്ച ഭാവിചർച്ചകളിൽ ‘കർണാടക പാഠങ്ങൾ’ തീർച്ചയായും നിറഞ്ഞുനിൽക്കും.

വിശ്വാസവോട്ട് തേടാൻ ഗവർണർ വാജുഭായ് വാല മൂന്നുതവണ സമയപരിധി കൽപിച്ചതിന്റെ സാധുത സംശയത്തിന്റെ നിഴലിലായി. സ്പീക്കറും സർക്കാരും അന്ത്യശാസനം പാലിക്കാതിരുന്നപ്പോൾ ഗവർണർ പദവിയുടെ പ്രസക്തിതന്നെ വിവാദത്തിലായി. നിയമസഭയിൽ വിശ്വാസ വോട്ട് നടപടികൾ പുരോഗമിക്കുന്നതിനിടെ, സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ‘പ്രഥമദൃഷ്ട്യാ’ തനിക്കു ബോധ്യമായെന്നു ഗവർണർ പറഞ്ഞത് എത്രത്തോളം ഉചിതമായെന്ന ചോദ്യവുമുണ്ട്.

വിശ്വാസ വോട്ടെടുപ്പിൽ വിമത എംഎൽഎമാർക്ക് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല വിധി സൃഷ്ടിച്ച അവ്യക്തതയും പറയാതെ വയ്യ. സ്വന്തം എംഎൽഎമാർക്കു വിപ് നൽകാനുള്ള പാർട്ടിയുടെ അധികാരത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ വിധിയെന്ന മുഖ്യമന്ത്രിയുടെയും പിസിസി അധ്യക്ഷന്റെയും ഹർജികൾ സുപ്രീം കോടതി മുൻപാകെയെത്തുകയും ചെയ്തു. ജനപ്രതിനിധികൾ സ്വന്തം പാർട്ടിയുടെ നിർദേശത്തിനു വിരുദ്ധമായി വോട്ട് ചെയ്യുമ്പോഴും വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമ്പോഴും തങ്ങൾക്കു ലഭിച്ച ജനവിധിയെ നിരാകരിക്കുകയാണെന്നും വോട്ടർമാരോടുള്ള വഞ്ചനയാണിതെന്നും സുപ്രീം കോടതി തന്നെ 1992ൽ കിഹോതോ ഹോളോഹാൻ കേസിൽ ചൂണ്ടിക്കാട്ടിയതാണ്.

ഇന്ത്യൻ ജനാധിപത്യത്തിൽ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരപൂരകമായി പ്രവർത്തിച്ചതിന്റെ ഒട്ടേറെ പൂർവപാഠങ്ങൾ നമുക്കുണ്ട്. കർണാടകയിൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയുണ്ടായ സംഭവവികാസങ്ങൾ തന്നെ ഉദാഹരണം. ഭൂരിപക്ഷമുണ്ടെന്ന കോൺഗ്രസ്– ദൾ സഖ്യത്തിന്റെ അവകാശവാദം കണക്കിലെടുക്കാതെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും വിശ്വാസവോട്ട് തേടാൻ 15 ദിവസം സാവകാശം അനുവദിക്കുകയും ചെയ്തപ്പോൾ നിർണായക ഇടപെടൽ നടത്തിയതു സുപ്രീം കോടതിയാണ്.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണശാലയായാണു 2018ൽ കർണാടക വിശേഷിപ്പിക്കപ്പെട്ടത്. ആ പരീക്ഷണത്തിന്റെ പരാജയമാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പിൽ കണ്ടത്. ഭരിച്ച 14 മാസവും സഖ്യത്തിൽ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നെങ്കിലും അതിനെക്കാൾ നിർണായകമായത് ഈ സഖ്യത്തെ മറിച്ചിടാൻ ബിജെപി നിരന്തരം നടത്തിയ നീക്കങ്ങളാണ്. ഇതിനുള്ള കുതിരക്കച്ചവടത്തിൽ കോടികളാണു കൈമറിഞ്ഞതെന്ന ആരോപണവും പരക്കെയുണ്ട്. വിശ്വാസപ്രമേയ ചർച്ച അപ്രതീക്ഷിതമായി ഓരോ ദിവസവും നീട്ടിക്കൊണ്ടുപോകുക വഴി, ഇക്കാര്യം പൊതു ചർച്ചയിലേക്കു കൊണ്ടുവരികയെന്നതായിരുന്നു ഭരണസഖ്യത്തിന്റെ തന്ത്രം.

കുമാരസ്വാമി സർക്കാരിന്റെ പതനത്തോടെ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ഏതുവിധേനയും ഭരണം പിടിക്കാനുള്ള വഴിവിട്ട നീക്കങ്ങളുടെ നൈതികതയെക്കുറിച്ചാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പണവും അധികാരവും മോഹിച്ച് എന്തു തരംതാണ കളിക്കും തയാറാകുന്നതിന്റെ പരിഹാസ്യതയെക്കുറിച്ചാണു രണ്ടാമത്തെ ചോദ്യം. ഇനി ‘കർണാടക’ ആവർത്തിക്കുക എവിടെ എന്ന ചോദ്യവും ഉയരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കു ചെറിയ ഭൂരിപക്ഷത്തിന്റെ മാത്രം പിൻബലമുള്ളപ്പോൾ പ്രത്യേകിച്ചും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com