sections
MORE

അന്വേഷണാത്മക കമ്മിഷൻ വ്യവസ്ഥകൾ

Tortoise
SHARE

ജുഡീഷ്യൽ അന്വേഷണം കൊണ്ടുവാ, സിബിഐ അന്വേഷണം കൊണ്ടുവാ, കൊണ്ടുവാ എന്ന് അലമുറയിടുന്നവരിൽ പലർക്കും എന്തിന് എന്ന ചോദ്യത്തിന് ഉത്തരം പറയാനറിയില്ല. ജോലിയിൽനിന്നു വിരമിച്ച് വിശ്രമജീവിതത്തിന്റെ ബെഞ്ചിലിരിക്കുന്ന ഏതെങ്കിലുമൊരു ജഡ്ജിയുടെ ചുമലിലാണ് ജുഡീഷ്യൽ അന്വേഷണം ചെന്നുവീഴുക. അന്വേഷണ ജഡ്ജിക്കു ശമ്പളം കൊടുത്തു തുടങ്ങിയാലും ഓഫിസ് ഉണ്ടാവില്ല; ഓഫിസുണ്ടാവുമ്പോൾ മേശയും കസേരയുമുണ്ടാവില്ല; കസേരയും മേശയും വരുമ്പോൾ അവിടെയിരിക്കാനുള്ള ജീവനക്കാരുണ്ടാവില്ല.

ഇങ്ങനെ ഇല്ലായ്മകളെക്കുറിച്ചുള്ള ധാർമികരോഷവുമായി മുൻ ജഡ്ജി ചുറ്റിത്തിരിയുമ്പോഴേക്കും കമ്മിഷന്റെ കാലാവധി അവസാനിക്കും. സംഗതി ജുഡീഷ്യലല്ലേ എന്നു വിചാരിച്ച് സർക്കാർ പിന്നെയും പിന്നെയും പിന്നെയും കാലാവധി നീട്ടിനീട്ടിക്കൊടുക്കും.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ ലാത്തിച്ചാർജും അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന് അഞ്ചു തവണയായി സർക്കാർ നീട്ടിക്കൊടുത്ത കാലാവധി 30 മാസമാണ്. റിപ്പോർട്ടൊന്നും കമ്മിഷൻ സമർപ്പിച്ചില്ലെങ്കിലും 1.84 കോടി രൂപ ചെലവായെന്ന് മുഖ്യമന്ത്രി തന്നെയാണു നിയമസഭയിൽ പറഞ്ഞത്. ചെലവ് ഇനി കൂടില്ലെന്ന് കമ്മിഷനുപോലും പറയാൻ കഴിയില്ല. ഈയിടെ നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ ജുഡീഷ്യൽ അന്വേഷണം തീരുമാനിച്ചയുടൻ, കമ്മിഷനായി നിയോഗിക്കപ്പെട്ട മുൻ ജഡ്ജി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു: ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

സർക്കാർ നൽകിയ കാലാവധി ആറുമാസമായതിനാൽ ഈ പ്രഖ്യാപനത്തിന് തോക്കിൽകയറി വെടിയുടെ മുഴക്കമില്ലേ എന്ന് ആരും ചോദിച്ചില്ല. പിറ്റേന്നു മുതൽ നെടുങ്കണ്ടം കമ്മിഷൻ ദിവസവും മാധ്യമങ്ങളുടെ മുൻപാകെ കഷണം കഷണമായി റിപ്പോർട്ട് സമർപ്പിച്ചു തുടങ്ങി. കസ്റ്റഡിയിൽ മരിച്ച കുമാറിനു സബ് ജയിലിൽ മർദനമേറ്റിട്ടില്ല, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും, ഉത്തരവാദിത്തത്തിൽനിന്ന് എസ്പിക്ക് ഒഴിഞ്ഞുമാറാനാവില്ല, പൊലീസുകാർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ പിരിച്ചുവിടാൻ ശുപാർശ ചെയ്യും എന്നിങ്ങനെ പ്രഖ്യാപനങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു.

മറ്റു കമ്മിഷനുകൾ നെടുങ്കണ്ടം കമ്മിഷനെ കണ്ടുപഠിക്കണമെന്നാണ് അപ്പുക്കുട്ടന്റെ നിർദേശം. ഇങ്ങനെ ദിവസച്ചിട്ടിപോലെ ഘട്ടം ഘട്ടമായി റിപ്പോർട്ട് സമർപ്പിച്ചുകൊണ്ടിരുന്നാൽ കാലാവധി കഴിയുമ്പോൾ വിശേഷിച്ചൊന്നും സമർപ്പിക്കാനുണ്ടാവില്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA