sections
MORE

ബോറിസ് ജോൺസൻ: ‘ഇന്ത്യയുടെ മരുമകൻ’; ദേശീയ നിലപാടിൽ ട്രംപിനേക്കാൾ മുന്നിൽ

Boris Johnson
ബോറിസ് ജോൺസൻ
SHARE

ബോറിസ് ജോൺസന്റെ വിജയവാർത്ത അറിഞ്ഞയുടൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ട്വീറ്റ് ചെയ്തത് ‘അദ്ദേഹം മഹാനാകും!’ എന്നാണ്. ‘ബ്രിട്ടിഷ് ട്രംപ്’ എന്നു വിശേഷിപ്പിക്കാവുന്ന ബോറിസ് ജോൺസൻ, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനെക്കാൾ ഒരുപടി മുന്നിലാണ്.

ഓക്‌സ്ഫഡിൽ ബോറിസ് ജോൺസന്റെ ജൂനിയറായിരുന്നു മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ. അദ്ദേഹത്തിന്റെ ഭരണകാലത്ത് 2016ൽ ആണു ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്. ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിർത്താനുള്ള പ്രചാരണത്തിനു കാമറൺ രംഗത്തിറങ്ങിയപ്പോൾ, ബ്രെക്സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുഖമായി ബോറിസ് ജോൺസൻ മാറി. ഹിതപരിശോധന എതിരായതോടെ കാമറൺ പുറത്തായി. ബോറിസ് അന്ന് പ്രധാനമന്ത്രിക്കസേര ഉന്നമിട്ട് ഇറങ്ങിയെങ്കിലും ചുണ്ടോടടുത്ത കപ്പ് തെരേസ മേക്കു പോയി. ഇപ്പോൾ അവരും പുറത്തേക്കുള്ള വഴിയിൽ നടക്കുമ്പോൾ, ബ്രെക്സിറ്റ് യാഥാർഥ്യമാക്കുന്ന മഹാനായ പ്രധാനമന്ത്രി താനായിത്തീരുമെന്ന ഉത്തമവിശ്വാസത്തിലാണ് ബോറിസ് ജോൺസൻ.

ട്രംപ് ഇപ്പോൾ പ്രശംസിച്ചെങ്കിലും,  യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമ്പോൾ, ‘ബുദ്ധിമാന്ദ്യമുള്ള അജ്ഞൻ’ എന്നാണു ബോറിസ് ജോൺസൻ പരിഹസിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നിവരുമായും മുൻപു കോർത്തിട്ടുള്ള ബോറിസ് ജോൺസന് അവരുമായി ചില കാര്യങ്ങളിൽ സമാനതകളുണ്ട്: കടുത്ത കുടിയേറ്റവിരുദ്ധത, തീവ്ര വലതുപക്ഷ ദേശീയവാദം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല സൗഹൃദമുള്ള ബോറിസ് ജോൺസൻ, മുൻപൊരിക്കൽ താൻ ‘ഇന്ത്യയുടെ മരുമകൻ’ ആണെന്നും അവകാശപ്പെട്ടിരുന്നു. ഇപ്പോൾ അകന്നുകഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണെന്ന ബന്ധം വച്ചായിരുന്നു ഈ പ്രഖ്യാപനം. മോദി – ജോൺസൻ സൗഹൃദം ഇന്ത്യ–യുകെ വ്യാപാരബന്ധത്തിൽ കൂടുതൽ ഊഷ്മളത പകരുമെന്നാണ് ഇന്ത്യയുടെ പ്രത്യാശ.

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടനെ പുറത്തുകൊണ്ടുവരാൻ ബ്രിട്ടിഷുകാർക്കിടയിൽ വൻ പ്രചാരണമാണു നടത്തിയത്. തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരാൻ പോകുന്നു എന്നതായിരുന്നു പ്രചരിപ്പിച്ച അഭ്യൂഹങ്ങളിലൊന്ന്. ബോറിസിന്റെ മുതുമുത്തച്ഛൻ തുർക്കിക്കാരനായ അലി കമാൽ ആണെന്നത് വൈരുധ്യവും. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായിരുന്നു. 2016 – 2018 കാലഘട്ടത്തിലാണ് വിദേശകാര്യ മന്ത്രിയായത്. മേയുമായുള്ള അഭിപ്രായഭിന്നത മൂലം 2018 ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ബ്രിട്ടിഷ് ദമ്പതികൾക്ക് 1964 ജൂൺ 19ന് ന്യൂയോർക്കിൽ ജനിച്ച ബോറിസ് പത്രപ്രവർത്തകനായിരുന്നു. ദ് ടൈംസിൽ പ്രവർത്തിക്കവേ ഒരു ഉദ്ധരണി കെട്ടിച്ചമച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. നേതൃമാറ്റത്തോടെ ബ്രെക്‌സിറ്റ് ഭാവിയെന്തായിത്തീരുമെന്നതാണ് ഇപ്പോൾ ഉയരുന്ന മുഖ്യ ചോദ്യം. കരാറില്ലാതെ പിൻമാറിയാൽ യൂറോപ്യൻ യൂണിയനിൽ മാത്രമല്ല, ബ്രിട്ടനിൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, ശക്തമായ ബ്രിട്ടിഷ് സമ്പദ്ഘടനയ്ക്ക് ഇതു പ്രശ്നമാകില്ലെന്നാണ് എതിർവാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA