ADVERTISEMENT

ചെമ്പൻ മുടി, വിചിത്രരീതികൾ, എന്തും പറഞ്ഞുകളയുമെന്ന മട്ട് – പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി താരതമ്യപ്പെടുത്താൻ കാരണങ്ങൾ പലതാണ്. ട്രംപും ആസ്വദിക്കുന്ന താരതമ്യം. ട്രംപിനെ നയമില്ലാത്തവനും കഴിവുകെട്ടവനുമെന്നു വിശേഷിപ്പിക്കുന്ന യുഎസിലെ ബ്രിട്ടിഷ് സ്ഥാനപതി കിം ഡാറോച്ചിന്റെ രഹസ്യസന്ദേശങ്ങൾ പുറത്തായപ്പോൾ സ്വന്തം രാജ്യത്തിന്റെ സ്ഥാനപതിയെ പിന്തുണയ്ക്കാതെ തള്ളിപ്പറഞ്ഞയാളാണു ബോറിസ് ജോൺസൻ. ഇതൊക്കെയാണെങ്കിലും, ബ്രിട്ടിഷ്– യുഎസ് ബന്ധം അദ്ദേഹത്തിന്റെ അജൻഡയിൽ അത്ര പ്രധാനമല്ല. 

രണ്ടും കൽപിച്ച് ഇറങ്ങിയാലും... 

മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞതുപോലെ, നീറുന്ന വിഷയം ബ്രെക്സിറ്റ് ആണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള വ്യവസ്ഥകളുമായി താൻ തയാറാക്കിയ കരാർ പാർലമെന്റ് മൂന്നുവട്ടം തള്ളിയതോടെയാണു തെരേസ മേയ്ക്കു പ്രധാനമന്ത്രിപദം വിടേണ്ടിവന്നത്. കരാറായാലും ഇല്ലെങ്കിലും പുറത്തേക്കുതന്നെ എന്നതാണു ബോറിസ് ജോൺസന്റെ നയം; പാർലമെന്റിൽ ഈ രണ്ടും കൽപിച്ചുള്ള പോക്കിനെതിരെ വികാരം ശക്തമാണെങ്കിലും. എന്നാൽ, അതും അത്ര എളുപ്പമല്ല. ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും ഐറിഷ് റിപ്പബ്ലിക്കും തമ്മിലുള്ള ‘തുറന്ന അതിർത്തി’ എങ്ങനെ കൈകാര്യം ചെയ്യുമെന്നതു കീറാമുട്ടിയാണ്. 

ഐറിഷ് റിപ്പബ്ലിക് യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനാൽ വടക്കൻ അയർലൻഡുമായി അതിർത്തി അനിവാര്യമാകും. എന്നാൽ, വടക്കൻ അയർലൻഡും ഐറിഷ് റിപ്പബ്ലിക്കും തമ്മിൽ 1998ൽ നിലവിൽ വന്ന ‘ഗുഡ് ഫ്രൈഡേ’ സമാധാനക്കരാറിന്റെ ആണിക്കല്ലു തന്നെ ‘തുറന്ന അതിർത്തി’യാണ്. മറ്റൊരു സംവിധാനമാകും വരെ, യൂറോപ്യൻ യൂണിയന്റെ അനുമതിയോടെ അതിർത്തി തുറന്നുകിടക്കട്ടെ (ബാക്ക്സ്റ്റോപ്) എന്നതായിരുന്നു തെരേസ മേ മുന്നോട്ടുവച്ച നിർദേശം. 

അങ്ങനെ വന്നാൽ, വടക്കൻ അയർലൻഡിലും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിലും വെവ്വേറെ കസ്റ്റംസ് ചട്ടങ്ങൾ നിലനിൽക്കും. വടക്കൻ അയർലൻഡിനും ബ്രിട്ടന്റെ മറ്റു ഭാഗങ്ങൾക്കുമിടയിലെ വ്യാപാരത്തിനു കൂടുതൽ പരിശോധനകൾ വരും. ഈ നിർദേശത്തെ എതിർക്കുന്ന കടുത്ത ബ്രെക്സിറ്റ് വാദികളുടെ പ്രതിനിധിയാണു ബോറിസ് ജോൺസൻ. യൂറോപ്പുമായുള്ള കെട്ടുപാടുകളിൽനിന്നു ബ്രിട്ടനെ പുറത്തുകൊണ്ടുവരികയും വേണം, എരിതീയിൽ എണ്ണയൊഴിക്കുകയും അരുത്– ഇതാണു പുതിയ പ്രധാനമന്ത്രി നേരിടുന്ന വെല്ലുവിളി. 

ഇന്ത്യയ്ക്ക് മധുരമോ കയ്പോ

ബോറിസ് ജോൺസന്റെ വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇപ്പോൾ അകന്നുകഴിയുന്ന ഭാര്യ മറീന വീലർ പാതി ഇന്ത്യക്കാരിയായതിനാൽ കാൽ നൂറ്റാണ്ടു കാലത്തെ ദാമ്പത്യത്തിനിടെ ഇന്ത്യയെ അടുത്തറിഞ്ഞ ആളാണ് അദ്ദേഹം. ഒട്ടേറെത്തവണ ഇന്ത്യയിലെത്തിയിട്ടുമുണ്ട്. എന്നാൽ ഇതിനൊക്കെയപ്പുറം, ബ്രെക്സിറ്റ് തന്നെയാകും ഇനിയുള്ള ഇന്ത്യ – ബ്രിട്ടൻ ബന്ധത്തെയും നിർവചിക്കുക. 

യൂറോപ്യൻ യൂണിയന്റെ വിപണി നഷ്ടമാകുന്നതോടെ, ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളെ ബ്രിട്ടനു കൂടുതൽ ആശ്രയിക്കേണ്ടി വരും; കരാറില്ലാതെയാണു യൂറോപ്യൻ യൂണിയൻ വിടേണ്ടിവരുന്നതെങ്കിൽ പ്രത്യേകിച്ചും. 

ബ്രിട്ടിഷ് ഓട്ടമൊബീൽ കമ്പനി ജാഗ്വർ ലാൻഡ്‌റോവറിന്റെ ഉടമസ്ഥരായ ടാറ്റ പോലെയുള്ള ഇന്ത്യൻ കമ്പനികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയുണ്ട്. ഇത്രയും കാലം നികുതിയില്ലാതെ തുറന്നുകിട്ടിയിരുന്ന യൂറോപ്യൻ വിപണി ഇനിയില്ല. ഭാവിയിൽ, ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യൻ നിക്ഷേപത്തെ നിർണായകമായി സ്വാധീനിക്കുന്ന സ്ഥിതിവിശേഷമാണിത്. ഏതു രൂപത്തിലുള്ള ബ്രെക്സിറ്റ് ആകും വരിക എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 

തൊഴിൽവിപണിയിലെ ബ്രെക്സിറ്റിന്റെ സ്വാധീനം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. യൂറോപ്യൻ യൂണിയനിൽനിന്നുള്ള തൊഴിലന്വേഷകർ ഒഴിയുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കുമുള്ള അവസരം കൂടുമെന്നാണു വാദം. 

വല്യേട്ടന്റെ കൂട്ടാളിയായി തുടരുമോ

ആഗോള രാഷ്ട്രീയത്തിൽ ഇനി ബ്രിട്ടൻ പിന്തുടരുന്ന നിലപാട് എന്തായിരിക്കും എന്നും കാത്തിരുന്നു കാണണം. യുഎസിന്റെ വിശ്വസ്ത കൂട്ടാളി എന്ന ജൂനിയർ റോളിലാണു പതിറ്റാണ്ടുകളായി അവർ നിലകൊള്ളുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് തുടങ്ങിവച്ച യുദ്ധങ്ങളിൽ സ്വന്തം ഭടന്മാരെ ബലികൊടുക്കാൻ പോലും തയാറായി. ഇപ്പോൾ പരസ്പരം എണ്ണക്കപ്പലുകൾ പിടിച്ചെടുത്ത് ബ്രിട്ടനും ഇറാഖും നടത്തുന്ന പോർവിളി ഗൾഫിനെ മുൾമുനയിൽ നിർത്തുന്നു. 

ഇറാനുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകൂടം പിന്മാറിയതോടെ തുടങ്ങിയ സംഘർഷത്തിൽ ബോറിസ് ജോൺസന്റെ നിലപാട് എന്താകുമെന്നാണ് അറിയേണ്ടത്. കരാർ തുടരണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടിനൊപ്പം നിൽക്കുമോ, കരാറിൽ കാര്യമില്ലെന്ന യുഎസ് നിലപാടിനൊപ്പം നിൽക്കുമോ? യുഎസിനൊപ്പം നിന്ന് നിലപാടു കടുപ്പിക്കുകയാണെങ്കിൽ 70 ലക്ഷം ഇന്ത്യക്കാരുമുള്ള ഗൾഫിൽ സ്ഥിതി വഷളാകും. 

ആ നിരയിൽ ഇനി ബ്രിട്ടനും

ദേശീയവാദികളുടെ പുതിയ നിര ലോകമെങ്ങും ഭരണത്തിലെത്തുന്ന കാഴ്ചയാണിന്ന്. ബോറിസ് ജോൺസന്റെ വരവോടെ ബ്രിട്ടനും ആ നിരയിലെത്തിയെന്ന വസ്തുത ആശങ്കാജനകമാണ്. വംശീയ പരാമർശങ്ങളും വ്യാജ അവകാശവാദങ്ങളുമൊക്കെ യഥേഷ്ടം ഉപയോഗിച്ച ഭൂതകാലമാണ് അദ്ദേഹത്തിന്റേത്. തെറ്റായ റിപ്പോർട്ടിങ്ങിന്റെ പേരിൽ പത്രപ്രവർത്തക ജോലി നഷ്ടമായ ആൾ; വനിതാ സഹപ്രവർത്തകരുമായുള്ള പരിധിവിട്ട ബന്ധങ്ങളുടെ പേരിൽ രാഷ്ട്രീയ പദവികളും തെറിച്ചിട്ടുണ്ട്. 

ബറാക് ഒബാമ ‘ഭാഗികമായി കെനിയൻ’ ആയതിനാൽ ബ്രിട്ടനോടുള്ള അനിഷ്ടം അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണെന്നാണ് ഈയിടെ ബോറിസ് ജോൺസൻ പറഞ്ഞത്. സാംസ്കാരിക ബഹുസ്വരതകൾ നിറഞ്ഞ ഇന്നത്തെ ബ്രിട്ടനിൽ ഇത്തരം നിലപാടുകൾ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കാം. അല്ലെങ്കിൽ ഇതുവരെ പിന്തുടർന്നതിൽനിന്നു തീർത്തും വ്യത്യസ്ത നിലപാടുകളിലൂടെ അദ്ദേഹം ലോകത്തെ അമ്പരപ്പിക്കണം. എന്തായാലും ബ്രിട്ടനുമായി അറുത്തുമുറിച്ചൊരു വേർപിരിയലിന് യൂറോപ്യൻ യൂണിയൻ ഏറെക്കുറെ തയാറെടുത്തുകഴിഞ്ഞു. ഇന്ത്യ കരുതലോടെ കാത്തിരിക്കേണ്ടി വരും, അവസരങ്ങൾ കണ്ടെത്താനും വെല്ലുവിളികൾ നേരിടാനും. 

(യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com