ADVERTISEMENT

കോൺഗ്രസ്-ദൾ സർക്കാരിന്റെ വീഴ്ചയുടെ തിരക്കഥ ബിജെപിയുടേതെങ്കിൽ, ബെളഗാവി ഗോഖക്കിൽ നിന്നുള്ള വിമത കോൺഗ്രസ് എംഎൽഎ രമേഷ് ജാർക്കിഹോളിയാണ് കേന്ദ്ര കഥാപാത്രം. പ്രശ്നത്തിന്റെ ആരംഭം മന്ത്രി ഡി.കെ. ശിവകുമാറുമായുള്ള ‘ഈഗോ’യും.

ബെളഗാവിയിലെ ‘രാജാക്കന്മാ’രാണു ജാർക്കിഹോളി സഹോദരന്മാർ. മൂത്തയാളും പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ട മന്ത്രിയുമായ രമേഷ് ജാർക്കിഹോളി പഞ്ചസാര വ്യവസായരംഗത്തു പ്രബലൻ. എഐസിസി സെക്രട്ടറി കൂടിയായ സഹോദരൻ സതീഷ് ജാർക്കിഹോളി മന്ത്രി. മറ്റൊരു സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളി ബിജെപി എംഎൽഎ. ഭീംഷി, ലഖൻ എന്നീ മറ്റു സഹോദരങ്ങളിൽ ആദ്യത്തെയാൾ കോൺഗ്രസിൽ, മറ്റേയാൾ ബിജെപിയിൽ. ആര് അധികാരത്തിൽ വന്നാലും ജാർക്കിഹോളി കുടുംബത്തിന് ഒരു സ്ഥാനമുറപ്പ്.

പോരിനു വിത്തിട്ടത് ബാങ്ക്  തിരഞ്ഞെടുപ്പ്

കരിമ്പുകൃഷി വായ്പ, പഞ്ചസാര ഫാക്ടറി വായ്പ തുടങ്ങിയവയുമായി ഏറെ ബന്ധപ്പെട്ട സഹകരണ ബാങ്കുകളുടെ ബെളഗാവിയിലെ ഭരണം ജാർക്കിഹോളിമാരുടെ കയ്യിൽ. അതിനിടെയാണ്, ഇവർക്കെതിരെ പ്രൈമറി ലാൻഡ് ഡവലപ്മെന്റ് സഹകരണ ബാങ്കിൽ കോൺഗ്രസിന്റെ ബെളഗാവി റൂറൽ എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കറുടെ പാനൽ രംഗത്തെത്തിയത്. മന്ത്രി ഡി. കെ.ശിവകുമാറിന്റെ പിന്തുണയോടെയായിരുന്നു ലക്ഷ്മിയുടെ വരവ്.

ബെളഗാവി രാഷ്ട്രീയത്തിൽ ശിവകുമാർ അനാവശ്യമായി ഇടപെടുന്നെന്നാരോപിച്ചു ജാർക്കിഹോളിമാർ രാഹുൽ ഗാന്ധിക്കു വരെ പരാതി കൊടുത്തു. നേരത്തേ, ലക്ഷ്മിയെ മഹിളാ കോൺഗ്രസിന്റെ ബെളഗാവി ജില്ലാ പ്രസിഡന്റാക്കിയതു ജാർക്കിഹോളിമാരാണ്. ശിവകുമാർ അതിനിടെ ലക്ഷ്മിയുടെ ‘ഗോഡ്ഫാദർ’ ചമയുന്നത് അവർക്കു പിടിച്ചില്ല.

മൂർച്ചകൂട്ടി മിൽപ്രശ്നം

പഞ്ചസാര മില്ലുകൾ കർഷകർക്കു നൽകാനുള്ള കുടിശിക കൊടുത്തു തീർക്കണമെന്നു സർക്കാർ കട്ടായം പറഞ്ഞതോടെ മില്ലുടമ കൂടിയായ രമേഷ്, മുഖ്യമന്ത്രി കുമാരസ്വാമിയുമായി നേരിട്ട് ഉടക്കി. രമേഷിന്റെ പഞ്ചസാര മിൽ, കർഷകർക്കു വൻ തുക കൊടുക്കാനുണ്ട്. മുനിസിപ്പൽ ഭരണ മന്ത്രിയായിരുന്ന രമേഷ് മികച്ച വകുപ്പും സഹോദരൻ സതീഷിനു മന്ത്രിസ്ഥാനവും ആവശ്യപ്പെട്ടു കോൺഗ്രസിൽ കലാപമുയർത്തി. അര ഡസൻ നേതാക്കളെ ഒപ്പം കൂട്ടുകയും ചെയ്തു.

എന്നാൽ, പുനഃസംഘടനയിൽ രമേഷ് പുറത്തായി; സതീഷ് മന്ത്രിയും. ഇതോടെ സതീഷ് സർക്കാരിനൊപ്പം നിന്നെങ്കിലും രമേഷ് പോരിനു ശക്തികൂട്ടി. സിദ്ധരാമയ്യയുടെ വലംകൈ ആയിരുന്നു ജാർക്കിഹോളിമാർ. എന്നാൽ, രമേഷിനെ ഇണക്കാൻ അദ്ദേഹത്തിനുമായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com