ADVERTISEMENT

അവർ മൂന്നുപേരും അടുക്കളയിൽ സംസാരിച്ചു നിൽക്കുകയാണ്. അവരുടെ കുട്ടികൾ അവിടെനിന്നു കളിക്കുന്നുമുണ്ട്. പല വിഷയങ്ങളും സംസാരിക്കുന്നതിനിടെ, ഇപ്പോൾ ഒരു അപകടം സംഭവിച്ചാൽ ആദ്യം എന്തുചെയ്യും എന്നതിനെക്കുറിച്ചായി അവരുടെ ചർച്ച. മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു, ആദ്യം കുട്ടികളെ രക്ഷപ്പെടുത്തും. പെട്ടെന്നാണ് പ്രഷർ കുക്കർ പതിവിലും ഉച്ചത്തിൽ ശബ്ദിച്ചത്. സെക്കൻഡുകൾക്കുള്ളിൽ എല്ലാവരും വീടിനു വെളിയിലെത്തി; കളിച്ചുകൊണ്ടിരുന്ന കുട്ടികളൊഴികെ!

അവനവനെക്കാൾ കൂടുതൽ ആർക്കും ആരെയും സ്‌നേഹിക്കാൻ കഴിയില്ല. പുത്രസ്‌നേഹവും മാതൃസ്‌നേഹവും പിതൃസ്‌നേഹവുമെല്ലാം സ്വയം സ്‌നേഹത്തിന്റെ മറുവശങ്ങളാണ്. സ്വയം സ്‌നേഹിക്കാത്ത ഒരാൾക്കും മറ്റൊരാളെ സ്‌നേഹിക്കാൻ കഴിയില്ല.

ആത്മസ്‌നേഹത്തെ സ്വാർഥതയും തന്നിഷ്‌ടവും മാത്രമായി വ്യാഖ്യാനിക്കേണ്ടതില്ല. സ്വന്തം ജീവിതത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് അയാളുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും സംതൃപ്‌തവും ഫലദായകവുമാക്കാൻ കഴിയുക? മക്കളുടെ ഉന്നതവിജയവും മാതാപിതാക്കളുടെ പൂർണ ആരോഗ്യവുമെല്ലാം ആത്മപ്രീതിയുടെ ഉദാഹരണങ്ങളാണ്.

കൂടപ്പിറപ്പുകളുടെ അതിജീവനത്തെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും ഉയരുന്ന ആശങ്കകൾ, അവ സ്വന്തം ജീവിതത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന അസൗകര്യങ്ങളെക്കുറിച്ചുകൂടി ഓർത്തുകൊണ്ടാണ്. ആത്മസംതൃപ്‌തിക്കു കൂടി ഉതകുന്ന അപരസന്തോഷങ്ങളിൽ പങ്കുചേരാനാണ് എല്ലാവർക്കും ഇഷ്‌ടം. വിരുന്നില്ലാത്ത വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്രപേർക്കു താൽപര്യമുണ്ടാകും? അപരന്റെ സന്തോഷവും അവനവന്റെ സന്തോഷവും തമ്മിലുള്ള അന്തരം എത്ര കുറയ്‌ക്കാൻ കഴിയുന്നുവോ, അത്രമാത്രം പരസ്‌പരപൂരിതവും ക്രിയാത്മകവുമാകും ഓരോ ജീവിതവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com