ADVERTISEMENT

അക്ബർ ചക്രവർത്തിയുടെ ആ ചോദ്യം കൊട്ടാരത്തിലെ എല്ലാവരെയും കുഴക്കി: നമ്മുടെ ദേശത്ത് എത്ര കാക്കകളുണ്ട്? അപ്പോഴാണു ബീർബലിന്റെ വരവ്. ബീർബൽ ഉത്തരം പറഞ്ഞു – 20,547. 

അക്ബർ ചോദിച്ചു, അതു നിങ്ങൾക്കെങ്ങനെ കൃത്യമായി അറിയാം? ബീർബൽ പറഞ്ഞു, സംശയമുണ്ടെങ്കിൽ എണ്ണി നോക്കിക്കോളൂ. ഞാൻ പറഞ്ഞതിൽ കൂടുതൽ ഉണ്ടെങ്കിൽ അതിനർഥം, ഇവിടെയുള്ള കാക്കകളുടെ ബന്ധുക്കൾ അയൽദേശത്തു നിന്നു സന്ദർശനത്തിന് എത്തിയിട്ടുണ്ട് എന്നാണ്. എണ്ണം കുറവാണെങ്കിൽ അതിനർഥം, കുറച്ചുപേർ അയൽനാടു കാണാൻ പോയിട്ടുണ്ട് എന്നും! 

ശരിയായ ഉത്തരമുണ്ടാവുക എന്നതിനെക്കാൾ പ്രധാനമാണ്, എന്തെങ്കിലുമൊരു ഉത്തരമുണ്ടാവുക എന്നത്. സാഹചര്യങ്ങൾക്കും വിശദീകരണങ്ങൾക്കും സമീപനങ്ങൾക്കും അനുസരിച്ചാണു ശരിതെറ്റുകളുടെ നിലനിൽപ്. പലരും ഉത്തരം പറയാത്തതിന്റെ കാരണം അറിവില്ലായ്‌മയല്ല, ആത്മവിശ്വാസമില്ലായ്‌മയാണ്. 

ശരി മാത്രമേ പറയാവൂ, തെറ്റു പറഞ്ഞാൽ അവഹേളിതരാകും എന്ന പാരമ്പര്യനിയമത്തെ മുറുകെപ്പിടിച്ച് അടങ്ങിയൊതുങ്ങി ഇരിക്കാനാണു പലർക്കും താൽപര്യം. തെറ്റു വരുത്താനുള്ള ധൈര്യത്തിൽ നിന്നാണു ശരികളുടെ നടപ്പാത രൂപപ്പെടുന്നത്. ശരിയായ ഉത്തരം പറയാൻ പരിശീലിക്കുന്നതിനൊപ്പം, ചോദ്യങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കാത്ത മനഃസ്ഥിതി രൂപീകരിക്കുകയും വേണം. 

ഓരോന്നിനും അർഹിക്കുന്ന മറുപടി നൽകുന്നതിലാണ് ഉത്തരം പറയുന്നവന്റെ മിടുക്ക്. എല്ലാ ചോദ്യങ്ങൾക്കും ഒരേ പ്രാധാന്യവും പ്രസക്തിയുമല്ല ഉണ്ടാകുക. ഉത്തരം കിട്ടാൻ വേണ്ടിയും ഉത്തരം മുട്ടിക്കാൻ വേണ്ടിയുമുള്ള ചോദ്യങ്ങളുണ്ടാകും. അതു തിരിച്ചറിഞ്ഞ് ഉചിതമായി പ്രതികരിക്കാനുള്ള ചടുലതയാണു വേണ്ടത്. ചില ചോദ്യങ്ങൾക്കു മറുചോദ്യമാകും ഉത്തരം; വേറെ ചിലതിനു മൗനമാകും മികച്ച പ്രതികരണം; ചില ചോദ്യങ്ങൾ അവഗണിക്കാവുന്നതേയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com