sections
MORE

വിവരാവകാശത്തിന് ചങ്ങലയിടരുത്

SHARE

അഞ്ചു മാസം മുൻപ് വിവരാവകാശ കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച കേസിന്റെ വിധിയിൽ സുപ്രീം കോടതി പറഞ്ഞു: ‘വിവരാവകാശ നിയമം അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ മാത്രമുള്ളതല്ല. ശരിയായ രീതിയിൽ നടപ്പാക്കിയാൽ ഈ നിയമത്തിനു സദ്ഭരണം സാധ്യമാക്കാനുള്ള ശേഷിയുണ്ട്.

സദ്ഭരണം ചലനാത്മക ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങളിലൊന്നാണ് സദ്ഭരണം. അതിനു വികസനവുമായും അഭേദ്യ ബന്ധമുണ്ട്.’ 

കഴിഞ്ഞ ദിവസം രണ്ടാം മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വിവരാവകാശ (ഭേദഗതി) ബിൽ, സുപ്രീം കോടതി നൽകിയ വ്യാഖ്യാനത്തെ വെല്ലുവിളിക്കുന്നതാണ്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണർമാരുടെ കാലാവധിയും വേതനവ്യവസ്ഥയും തീരുമാനിക്കാനുള്ള അധികാരമത്രയും കേന്ദ്ര സർക്കാരിന്റേതാക്കി മാറ്റുന്നതാണു നിർദിഷ്ട ഭേദഗതികൾ. ബിൽ ലോക്സഭ പാസാക്കി, ഇനി രാജ്യസഭ പരിഗണിക്കണം.

തിരഞ്ഞെടുപ്പു കമ്മിഷന് ഒപ്പംനിൽക്കുന്ന സ്വതന്ത്ര സംവിധാനമായാണ് വിവരാവകാശ കമ്മിഷനെ 2005ലെ നിയമത്തിൽ വിഭാവന ചെയ്തത്. മാത്രമല്ല, പൗരാവകാശ പ്രവർത്തകർ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതായിരുന്നു യുപിഎ സർക്കാർ കൊണ്ടുവന്ന നിയമം.

പൗരന്മാർക്കു സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള അവകാശം ഭരണഘടനാപരമെന്നാണു നിയമത്തിൽ വിശേഷിപ്പിച്ചത്.

എന്നാൽ, ഇപ്പോൾ നിയമഭേദഗതിക്കു സർക്കാർ പറയുന്ന കാരണം വിചിത്രമായിരിക്കുന്നു. വിവരാവകാശ കമ്മിഷൻ നിയമത്തിലൂടെ രൂപീകരിച്ച സ്ഥാപനമാണ്. അതിനെ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷനു തുല്യമാക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നാണു മോദി സർക്കാരിന്റെ വിശദീകരണം.

നിയമത്തിലൂടെ രൂപീകരിച്ചതാണെങ്കിലും, തിരഞ്ഞെടുപ്പു കമ്മിഷനു തുല്യമായ പദവി നൽകിയത് വിവരാവകാശ കമ്മിഷനും സ്വതന്ത്ര സംവിധാനമായി നിലനിൽക്കണമെന്ന ലക്ഷ്യത്തോടെയാണ്.   

കമ്മിഷണർമാരുടെ കാലാവധി എത്ര വർഷമെന്നു കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നതാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഒരു ഭേദഗതി. കേന്ദ്രത്തിലെ മാത്രമല്ല, സംസ്ഥാനങ്ങളിലെയും കമ്മിഷണർമാരുടെ കാലാവധി കേന്ദ്രമാണു തീരുമാനിക്കുക.

പണം നൽകേണ്ടതു സംസ്ഥാനങ്ങളാണെങ്കിലും, സംസ്ഥാനങ്ങളിലെ വിവരാവകാശ  കമ്മിഷണർമാരുടെ വേതനവും കേന്ദ്രം തീരുമാനിക്കുമെന്നതാണ് മറ്റൊരു ഭേദഗതി. വിവരാവകാശ കമ്മിഷണർമാർക്കു സ്വതന്ത്രമായും ബാഹ്യ ഇടപെടലുകളിൽനിന്നു വിമുക്തമായും പ്രവർത്തിക്കാനുള്ള സാഹചര്യം ഇതോടെ ഇല്ലാതാകുകയാണ്.

ഉദ്യോഗസ്ഥന്മാർ വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനു വിമുഖത പ്രകടിപ്പിക്കുന്ന വസ്തുത കൂടി ഇവിടെ ചേർത്തുവയ്ക്കേണ്ടതുണ്ട്. 

സുതാര്യവും വികസനോന്മുഖവുമായ ഭരണമാണു മോദി സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലെ സുതാര്യതയെക്കുറിച്ചു ബോധ്യപ്പെടാൻ പൗരന്മാർക്കുള്ള അടിസ്ഥാന ഉപകരണമായ നിയമത്തിൽത്തന്നെ വെള്ളം ചേർക്കപ്പെടുകയാണ്. 2017–18ൽ കേന്ദ്രത്തിൽ മാത്രം 12.3 ലക്ഷം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടത്.

ബേഠി ബചാവോ – ബേഠി പഠാവോ പദ്ധതിയിലെ പണത്തിന്റെ ഭൂരിഭാഗവും പ്രചാരണ പരിപാടികൾക്കാണു ചെലവായത് എന്നതും, തിരഞ്ഞെടുപ്പു കടപ്പത്രത്തിലൂടെ ഓരോ പാർട്ടിക്കും എത്ര പണം ലഭിച്ചുവെന്നതും വിവരാവകാശ നിയമപ്രകാരം ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളിലൂടെയാണു രാജ്യം അറിഞ്ഞത്. നോട്ട് നിരോധന പദ്ധതിയുടെ ആഘാതത്തിന്റെ വിശദാംശങ്ങൾ നാടറിഞ്ഞതും ഈ വഴിയിലൂടെതന്നെ.

കഴിഞ്ഞ 14 വർഷത്തിൽ ഏകദേശം 80 വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നത് ഈ നിയമം  ഭരണസംവിധാനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെ എത്രകണ്ട് അലോസരപ്പെടുത്തുന്നു എന്നതിന്റെ സൂചനകൂടിയാണ്. 

നിയമത്തിലൂടെ രൂപീകരിച്ചതെന്നു വാദിച്ച്, വിവരാവകാശ കമ്മിഷൻ സംവിധാനത്തെ കേന്ദ്ര സർക്കാരിന്റെ കാൽക്കീഴിലാക്കി നിർവീര്യമാക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാപനമാക്കി ഉയർത്തി സദ്ഭരണ താൽപര്യം വ്യക്തമാക്കുകയും അതിലൂടെ ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണു സർക്കാർ ചെയ്യേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA