sections
MORE

ഇമ്രാൻ, പറച്ചിലിലല്ല നടപടിയിലാണ് കാര്യം

SHARE

സായുധ പരിശീലനം നേടി കശ്മീരിലും അഫ്ഗാനിസ്ഥാനിലും പ്രവർത്തിച്ച നാൽപതിനായിരത്തോളം ഭീകരർ ഇപ്പോഴും തന്റെ രാജ്യത്തുണ്ടെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കുറ്റസമ്മതം ഇന്ത്യയും മറ്റു രാഷ്ട്രങ്ങളും ഉറപ്പിച്ചു പറഞ്ഞുപോരുന്ന സത്യത്തെ ലോകസമക്ഷം ശരിവയ്ക്കുന്നു. നാൽപതോളം ഭീകരസംഘങ്ങൾ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവരം മുൻ ഭരണകൂടങ്ങൾ യുഎസിൽനിന്നു മറച്ചുവയ്ക്കുകയായിരുന്നു എന്നതടക്കം, ഇതുവരെ പാക്കിസ്ഥാൻ നിഷേധിച്ചുപോന്ന വസ്തുതകൾ ഉറക്കെ പറയേണ്ടിവന്നതു ഗത്യന്തരമില്ലാതെയാണെന്ന യാഥാർഥ്യവും ഇതോടൊപ്പമുണ്ട്.

കുൽഭൂഷൺ ജാദവ് കേസിലെ വിധിയുടെയും ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അറസ്റ്റിന്റെയും തുടർച്ചയായി വേണം ഈ വെളിപ്പെടുത്തലിനെ കാണാൻ. യുഎസ് കോൺഗ്രസിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവർത്തിക്കുന്ന യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് യോഗത്തിലും യുഎസ് കോൺഗ്രസിലെ പാക്കിസ്ഥാൻ ഉപവിഭാഗ അധ്യക്ഷ ഷീല ജാക്സൺ ലീ നൽകിയ വിരുന്നിലുമായി ഇമ്രാൻ നടത്തിയ കുറ്റസമ്മതം യുഎസിന്റെ തുടർപിന്തുണയ്ക്കു വേണ്ടിയാണെന്നു വ്യക്തം.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു (2001) ശേഷം ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ പാക്കിസ്ഥാന് യുഎസ് വൻതോതിലുള്ള ധനസഹായമാണു നൽകുന്നത്. അഫ്ഗാനിസ്ഥാനിൽ അൽ ഖായിദയ്ക്കും താലിബാനുമെതിരായുള്ള പോരാട്ടത്തിൽ യുഎസിനു പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരവും നയതന്ത്രപരവുമായ സഹായം ആവശ്യമായിരുന്നു. ഈ അവസരം മുതലെടുത്താണ് പാക്കിസ്ഥാൻ വൻതോതിൽ ധനസഹായം സ്വന്തമാക്കിയത്. പിന്നീടു പാക്കിസ്ഥാൻതന്നെ ഭീകരരുടെ വളർത്തുപിതാവ് ആകുന്നതാണു ലോകം കണ്ടത്. 

പാക്കിസ്ഥാന് ഇതിനകം യുഎസ് വെട്ടിക്കുറച്ച സഹായം നിലയ്ക്കാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് ഈ കുറ്റസമ്മതമെന്ന വിലയിരുത്തൽ പ്രസക്തമാണ്. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ട് ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്), ഭീകരതയ്ക്കെതിരെ ഒക്ടോബറിനകം നടപടിയെടുക്കാൻ പാക്കിസ്ഥാന് അന്ത്യശാസനം നൽകിക്കഴിഞ്ഞു. 

വിവിധ ഭീകരസംഘടനകളെ നിരോധിച്ചതായി പാക്കിസ്ഥാൻ പ്രഖ്യാപിക്കുമ്പോഴും പ്രധാന സംഘടനകളായ ഹിസ്ബുൽ മുജാഹിദീൻ, ഹർക്കത്തുൽ മുജാഹിദീൻ, അൽ ബദർ എന്നിവ പാക്ക് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആ രാജ്യം തുടർന്നുപോന്ന നിശ്ശബ്ദത രാജ്യാന്തര സമൂഹം ചോദ്യം ചെയ്തിട്ടുണ്ട്. പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ കഴിഞ്ഞ മേയിൽ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പ്രഖ്യാപിച്ചത് ഭീകരതയ്ക്കെതിരെയുള്ള ലോകപോരാട്ടത്തിനു കൂടുതൽ ശക്തിപകരുകയുണ്ടായി. ഇന്ത്യ നടത്തിയ നയതന്ത്രശ്രമങ്ങളുടെ വിജയം കൂടിയായിരുന്നു അത്. 

ഇന്ത്യയിൽ നിരോധിക്കപ്പെട്ട 41 ഭീകരസംഘടനകളിൽ പകുതിയും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവയോ ആ രാജ്യവുമായി ബന്ധമുള്ളവയോ ആണെന്ന് ആഭ്യന്തര മന്ത്രാലയ രേഖകൾ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ് . ഒരുവശത്ത് ഭീകരതയ്ക്കെതിരെ പോരാടുന്നവർക്കൊപ്പമെന്നു പ്രഖ്യാപിച്ച് അതുകൊണ്ടുള്ള നേട്ടങ്ങൾ പരമാവധി കൈപ്പറ്റുക, മറുവശത്ത്, ഈ ആനുകൂല്യങ്ങൾതന്നെ ഭീകരരിലേക്ക് എത്തിച്ചുകൊടുത്ത് അവരെ പാലൂട്ടി വളർത്തുക – പാക്കിസ്ഥാൻ വർഷങ്ങളായി തുടരുന്ന ഈ കള്ളക്കളി ഇനിയെങ്കിലും വെളിച്ചത്താവണം.

പാക്ക്മണ്ണിൽ ഭീകരർ തഴച്ചുവളരുന്നത് ഇന്ത്യയെ ലാക്കാക്കിയാണെന്നതിൽ സംശയമില്ല. അവിടെയുള്ള ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ സർവശക്തിയും ഉപയോഗിച്ച്, രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ പൂർണമായി ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഇപ്പോഴത്തെ പരസ്യ കുറ്റസമ്മതത്തിന്റെ വിശ്വാസ്യത ഇനിയുള്ള നടപടികൾ  കൊണ്ടാണു പാക്കിസ്ഥാൻ തെളിയിക്കേണ്ടത്. നിയമാനുസൃത ഭരണവ്യവസ്ഥയുണ്ടായിട്ടും ഭീകരതയ്ക്ക് ഏറ്റവുമധികം തണൽവിരിക്കുന്ന ആ രാജ്യം, ഭീകരതയെ പൂർണമായി അമർച്ച ചെയ്യാനുള്ള അവരുടെ ഉത്തരവാദിത്തം ലോകത്തിനുമുന്നിൽ നിറവേറ്റിയേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA