ADVERTISEMENT

കേരളത്തിലെ ആദ്യ മന്ത്രിസഭയെ ഭരണഘടനയുടെ 356–ാം വകുപ്പു പ്രകാരം കേന്ദ്ര സർക്കാർ പുറത്താക്കുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തിട്ട് ജൂലൈ 31ന് 60 വർഷമാകുന്നു. ഇന്ത്യയിൽ അത്തരത്തിലൊരു നടപടി ആദ്യമായിരുന്നില്ല. അതിനു മുൻപ് ഈ വകുപ്പ് ഉപയോഗിച്ചത് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ഭരണത്തിൽ കടിച്ചുതൂങ്ങിയ മന്ത്രിസഭയെ പുറത്താക്കാനായിരുന്നെങ്കിൽ, കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ നിഷ്കാസനം ചെയ്തത് അവർക്കു നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴാണ്. പറഞ്ഞ കാരണം ഭരണത്തകർച്ചയാണ്. 

ഇന്ത്യയിൽ കരുത്തുറ്റ ജനാധിപത്യസംവിധാനം വേരുറപ്പിക്കുന്നതിൽ മുൻകയ്യെടുത്ത ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് ഇത്തരത്തിൽ ജനാധിപത്യവിരുദ്ധമായ നടപടിയുണ്ടായത്. അദ്ദേഹത്തിനു ശേഷം കേന്ദ്രത്തിൽ ഭരണത്തിലെത്തിയവർ കക്ഷിഭേദമന്യേ 356–ാം വകുപ്പ് തലങ്ങും വിലങ്ങും ഉപയോഗിച്ചു. ഇപ്പോൾ അതിനൊരു ശമനമുണ്ടെങ്കിൽ അതിനു കാരണം കോടതികളുടെ ഇടപെടലുകളാണ്. 

ബാലറ്റ് വഴി ഭരണത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയതിന്റെ വജ്രജൂബിലി വർഷത്തിൽ കേരളം ഭരിക്കുന്നത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുടർച്ചക്കാരായ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. വാഗ്മികളായ പനമ്പിള്ളി ഗോവിന്ദമേനോനും വടക്കനച്ചനും, പെട്ടെന്നു മനസ്സിൽ തറയ്ക്കുന്ന ‘വിമോചനസമരം’ എന്ന പേരുനൽകി നടത്തിയ സമ്മർദ പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു 356–ാം വകുപ്പു പ്രയോഗം.

അന്നത്തെ പ്രതിപക്ഷ കക്ഷികൾക്കു പുറമേ, മത–ജാതി സംഘടനകളും സർക്കാരിനെതിരെ അണിനിരന്നു. ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ മുറിഞ്ഞ വാല്’ എന്ന നിശിതമായ പരിഹാസം ഏറ്റുവാങ്ങിയ ആർഎസ്പിയും വിമോചനസമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. എതാണ്ട് ഇന്നത്തെ സ്ഥിതി തന്നെയായിരുന്നു അന്നും. 

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട ഇടതുമുന്നണിയുടെ വിലയിരുത്തൽ ശബരിമലപ്രശ്നം അവരുടെ വിജയത്തെ ബാധിച്ചുവെന്നാണ്. 1957ൽ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിനു മുൻപ് കമ്യൂണിസ്റ്റ് പാർട്ടി നൽകിയിരുന്ന ഒരു വാഗ്ദാനം, തിരു–കൊച്ചിയിലെ മുൻ സർക്കാരുകൾ പുറത്തുവിടാൻ വിസമ്മതിച്ചിരുന്ന ശബരിമല അഗ്നിബാധക്കേസിന്റെ അന്വേഷണ റിപ്പോർട്ട് പരസ്യമാക്കും എന്നതായിരുന്നു. ഇതു ഭൂരിപക്ഷസമുദായത്തിൽ കമ്യൂണിസ്റ്റ് അനുകൂലവികാരം സൃഷ്ടിച്ചുവെന്ന് രാഷ്ട്രീയനിരീക്ഷകർ പറഞ്ഞിട്ടുണ്ട്. ശബരിമല ഒഴിച്ചുനിർത്തിയാൽ, കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിന് 1959ൽനിന്നു വലിയ മാറ്റമൊന്നും കാണാനില്ല. 

എന്തൊക്കെയാണ് 1959ന്റെ നീക്കിയിരിപ്പുകൾ? കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ, അവർക്കു കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്ലെന്നു മുൻകൂട്ടിക്കണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുന്നണി നിലവിൽവന്നു. അസ്ഥിരമായ ഭരണങ്ങളുടെ ഒരു ഇടവേളയൊഴിച്ചാൽ, കേരളത്തിൽ സുശക്തമായ രണ്ടു മുന്നണികൾ രൂപപ്പെട്ടു. മുന്നണിഭരണത്തിൽ കേരളം ഇന്ത്യയ്ക്കു മാതൃകയായി. 

വിമോചനസമര കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ ഒരു ആരോപണം, ഭരണത്തിൽ താഴേത്തട്ടിൽ വരെ പാർട്ടി  ഇടപെടുന്നു എന്നതായിരുന്നു. സെൽഭരണം എന്നു വിളിച്ചിരുന്ന ഈ ഏർപ്പാടും കയ്യൂക്കിന്റെ പ്രയോഗവും 34 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ ജനവികാരം അവർക്കെതിരാക്കി.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം അവിടെ നാമാവശേഷമായി. ഭരണത്തിലും പ്രതിപക്ഷത്തും മാറിമാറി ഇരിക്കുന്നതു കൊണ്ടായിരിക്കും സിപിഎമ്മിനു കേരളത്തിൽ ഊർജം നിലനിർത്താൻ സാധിക്കുന്നത്. അതിനു തുടക്കമിട്ടത് ഒരുപക്ഷേ, 1959ലെ അസാധാരണ സംഭവങ്ങളായിരിക്കും. 

വിഡ്ഢിയാകുന്ന സമ്മതിദായകൻ 

കർണാടകയിലെ കുറച്ച് എംഎൽഎമാർ വിശ്വാസവോട്ടെടുപ്പിൽ നിന്നു മാറിനിൽക്കാൻ മുംബൈയിലെ റിസോർട്ടിൽ പോയി താമസിച്ചതും അവിടെ നടന്നുവെന്നു പറയുന്ന കുതിരക്കച്ചവടവും ജനാധിപത്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങളുയർത്തുന്നു. ജനങ്ങൾ ആർക്കാണു വോട്ട് ചെയ്യുന്നത്? വ്യക്തിക്കോ രാഷ്ട്രീയ കക്ഷിക്കോ? എല്ലാ രാഷ്ട്രീയ കക്ഷികളുടെയും മുന്നണികളുടെയും സ്ഥാനാർഥികളുടെ പേരുകൾ ഇവിഎം പ്രദർശിപ്പിക്കുന്നു. അതിൽ ഒരെണ്ണത്തിനു നേരെ സമ്മതിദായകന്റെ വിരൽ നീളുന്നുവെങ്കിൽ, അതിന്റെ അർഥം അതിനു പിറകിൽ രാഷ്ട്രീയമായ തീരുമാനം ഉണ്ടെന്നാണ്. 

വോട്ടർ നിരാകരിച്ച പാർട്ടിയിലേക്ക് ആ പാർട്ടിക്കെതിരായി മത്സരിച്ച വ്യക്തി കൂറുമാറുമ്പോൾ വഞ്ചിക്കപ്പെടുന്നതു വോട്ടർ തന്നെയാണ്. എംഎൽഎമാരെയും എംപിമാരെയും പോലെ രാഷ്ട്രീയപാർട്ടികളും ചിലപ്പോൾ ജനങ്ങളെ ഇപ്രകാരം പറ്റിക്കുന്നു. അടുത്ത കാലത്തെ ഉദാഹരണം, ഗോവയിൽ ബിജെപിവിരുദ്ധ രാഷ്ട്രീയം പറഞ്ഞു സീറ്റുകൾ നേടിയ ഗോവ ഫോർവേഡ് പാർട്ടി ബിജെപിയുടെ കൂടെ ചേർന്നതാണ്. 

ജനാധിപത്യത്തിൽ നായകന്മാരാകേണ്ട വോട്ടർമാർ ഇപ്പോൾ ഇവിഎമ്മിന്റെ ബട്ടൺ ഞെക്കുന്ന വെറും വിഡ്ഢികളായിരിക്കുന്നു. കർണാടകയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഇത്തരം പാർട്ടിപരിവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു ബിജെപിയാണെങ്കിൽ, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മറ്റു പാർട്ടികളിൽനിന്ന് എംഎൽഎമാരെ ചാക്കിടുന്നത് ഒരു കലയായി വളർത്തിയിരിക്കുന്നു. സ്വാഭാവികമായും വോട്ടർമാർ അപ്രസക്തരാകുന്നു. 

ഇക്കണോമിസ്റ്റ് മാസിക പുറത്തിറക്കുന്ന ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 41 ആണ്. അവർ ഇന്ത്യയെ വികലമായ ജനാധിപത്യരാജ്യമായി കാണുന്നു. റാങ്ക് കുറയാനുള്ള പ്രധാനകാരണം, ഇന്ത്യയിൽ ‘രാഷ്ട്രീയ സംസ്കാരം’ വികസിച്ചിട്ടില്ലാത്തതാണ്. അതെന്തെന്നു മനസ്സിലാക്കാൻ ഒരുപക്ഷേ, രാഷ്ട്രീയത്തിലെ ‘കേരള‌ മോഡൽ’ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും തുല്യസംഖ്യയിൽ തുടർന്നപ്പോൾ സ്പീക്കറുടെ കാസ്റ്റിങ് വോട്ടിൽ മാസങ്ങളോളം ഭരിച്ച സർക്കാർ ഇവിടെ ഉണ്ടായിട്ടുണ്ട്. കൂറുമാറ്റവിരുദ്ധ നിയമ പ്രകാരം, അപൂർവമായി ഒരു കേസ് (പി.സി.ജോർജിനെതിരെ) കേരളത്തിലെ സ്പീക്കറുടെ മുന്നിലെത്തുന്നത് 2015ൽ ആണ്. 

സ്കോർപ്പിയൺ കിക്ക്: ഭരണത്തിലിരുന്നു സമരത്തിനു പോകരുതെന്ന് സിപിഐ മന്ത്രിമാരോട് മന്ത്രി എ.കെ.ബാലൻ. പ്രത്യേകിച്ച്, ആഭ്യന്തര വകുപ്പ് കയ്യിലില്ലെങ്കിൽ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com