ഒടുവിൽ ‘വ്യാജൻ’ പാർലമെന്റിൽ!

vireal
SHARE

ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് വ്യാജവാർത്തകളെക്കുറിച്ച് ഈ കോളത്തിൽ പലതവണ ചർച്ച ചെയ്തിരുന്നുവല്ലോ. രാഷ്ട്രീയകക്ഷികൾ തങ്ങൾക്ക് അനുകൂലമായും എതിർകക്ഷികളെ താറടിക്കാനും പടച്ചുവിട്ട വ്യാജ ചിത്രങ്ങൾക്കും വിഡിയോകൾക്കും വാർത്തകൾക്കും ഒരു ക്ഷാമവും തിരഞ്ഞെടുപ്പു കാലത്തുണ്ടായിരുന്നില്ല. 

ഇന്ത്യൻ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യാജവിശേഷങ്ങൾ പ്രചരിച്ച തിരഞ്ഞെടുപ്പാകണം കഴിഞ്ഞുപോയത്. ഇതു തെളിയിക്കാൻ വ്യക്തമായ കണക്കുകൾ നമ്മുടെ പക്കലില്ലെങ്കിലും, 2019ലെ തിരഞ്ഞെടുപ്പ് മറ്റൊരു ചരിത്രം കുറിച്ചു – ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി തിരഞ്ഞെടുപ്പുകാല വ്യാജവാർത്തകളെക്കുറിച്ച് ചോദ്യവും അതിനു മറുപടിയും കഴിഞ്ഞ ദിവസമുണ്ടായി. ഗോവയിൽനിന്നുള്ള എംപിയായ ഫ്രാൻസിസ്കോ സർദീഞ്ഞയുടെ ചോദ്യത്തിന് 24–ാം തീയതി നിയമ, ഐടി വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കണക്കുകളാണു മന്ത്രി അറിയിച്ചത്. 

 കമ്മിഷൻ നോക്കിയത് സ്വന്തം കാര്യം മാത്രം  

വ്യാജവാർത്തകളെക്കുറിച്ചുള്ള 154 പരാതികളാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിച്ചത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള സമൂഹമാധ്യമം ഫെയ്സ്ബുക് ആണെങ്കിലും ട്വിറ്ററിനെതിരെയാണു കൂടുതൽ പരാതികളുണ്ടായത് – 97. ഫെയ്സ്ബുക്കിനെതിരെ 46ഉം യൂട്യൂബിനെതിരെ 11ഉം കേസുകളുണ്ടായി. ഭൂരിഭാഗം കേസുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) സംബന്ധിച്ചുള്ളവയായിരുന്നു – അവയുടെ സുരക്ഷ, സുതാര്യത, അവ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചത് തുടങ്ങിയവയെക്കുറിച്ചുള്ള വ്യാജവാർത്തകൾ. 20 ലക്ഷം ഇവിഎമ്മുകൾ കാണാതായി എന്ന വ്യാജവാർത്തയാണ് ഇവയിൽ പ്രധാനം. 

മിക്ക കേസുകളും തിരഞ്ഞെടുപ്പു കമ്മിഷൻതന്നെ നേരിട്ടുകണ്ടു രേഖപ്പെടുത്തിയതാണ്. എല്ലാ കേസുകളിലും അതതു സമൂഹമാധ്യമ അധികൃതരോടു കാര്യം റിപ്പോർട്ട് ചെയ്യുകയും അവ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

ലോക്സഭയിലെ മറുപടിയിൽനിന്ന് ഒരു കാര്യം വ്യക്തമാണ് – തിരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ടു തങ്ങളെക്കുറിച്ചുള്ള വ്യാജവാർത്തകൾ മാത്രമേ തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപെട്ടിട്ടുള്ളൂ/പരിഗണിച്ചിട്ടുള്ളൂ. വ്യാജവാർത്തകളുടെ ഭീമാകാര മുഖം ഇതിനു പുറത്താണ്. അതിനെ നേരിടാനുള്ള നയരേഖയെക്കുറിച്ച് നിയമനിർമാണ സഭകൾ ചർച്ച ചെയ്യേണ്ടതുണ്ട്. 

സുവർണ പുത്രൻ! 

രാഷ്ട്രീയ നേതാക്കളുടെ മക്കളും പേരക്കുട്ടികളും എപ്പോഴും വാർത്തകളുടെ കേന്ദ്രത്തിലുണ്ടാവുക സ്വാഭാവികമാണ്. വ്യാജവാർത്തകളുടെ കാര്യത്തിലും ഇതു ശരിയാണ്. നേതാക്കൾക്കെതിരെയുള്ള ഒളിയമ്പായി കുടുംബാംഗങ്ങൾക്കെതിരെയുള്ള ‘വ്യാജനെ’ പ്രയോഗിക്കുന്നത് മാരകഫലം ചെയ്യുമെന്ന് എതിരാളികൾക്കറിയാം. 

അത്തരത്തിൽ ഏറ്റവുമൊടുവിൽ എത്തിയ വ്യാജചിത്രമാണ് ഇതോടൊപ്പമുള്ളത്. ഡിഎംകെ അധ്യക്ഷൻ എം. കെ.സ്റ്റാലിന്റെ മകൻ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പല സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. 

എന്നാൽ, ഈ ചിത്രം ഉപയോഗിച്ച് ഇന്റർനെറ്റിൽ ഒന്നു സേർച് ചെയ്താൽ യാഥാർഥ്യം പിടികിട്ടും. ഇത്, പുണെയിൽനിന്നുള്ള ഹർഷ്‍വർധൻ പണ്ഡാർക്കർ ആണ്. ഇന്ത്യയുടെ ‘ഏറ്റവും പ്രായം കുറഞ്ഞ സുവർണബാലൻ’ എന്നാണ് ഹർഷ്‍വർധൻ സ്വയം വിശേഷിപ്പിക്കുന്നത്. 

ദേഹമാകെ സ്വർണാഭരണങ്ങൾ അണിഞ്ഞ തന്റെ ചിത്രങ്ങൾ ഹർഷ്‍വർധൻ തന്നെ ഇൻസ്റ്റഗ്രാമിലും മറ്റും ഒട്ടേറെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA