sections
MORE

കവികളുടെ കവി; ആറ്റൂർ കുറച്ചേ പറഞ്ഞിട്ടുള്ളൂ, നേരെ പറഞ്ഞിട്ടുള്ളൂ

attoor-ravi-varma
SHARE

ആറ്റൂർ രവിവർമ. ഞാനേറ്റവും ആദരവോടെ ഉച്ചരിച്ച പേര്. ഇപ്പോൾ തോന്നുന്നു, ഞാനേറ്റവും കൂടുതൽ ജപിച്ചിട്ടുള്ള നാമം. എന്റെ ജീവിതത്തിലെ ഏറ്റവും നിർമലമായ വാക്ക്. സത്യമാണ് ഇൗശ്വരൻ എന്ന് ഗാന്ധിയും സത്യമാണു സൗന്ദര്യമെന്ന് കീറ്റ്സും പറഞ്ഞിട്ടുണ്ട്. സത്യമാണ് ഇൗശ്വരനെന്നും സൗന്ദര്യമെന്നും ആറ്റൂർക്കവിതകൾ വിശ്വസിച്ചു.

ആറ്റൂരിന്റെ അസുഖവിവരങ്ങൾ പറഞ്ഞ അനിത തമ്പിയോട് ഞാനിന്നലെ പറഞ്ഞതേയുള്ളൂ, മലയാളത്തിലെ ഗാന്ധിയൻ എന്നു പറയാവുന്ന സാഹിത്യരചനകൾ ബഷീറിന്റെ പാത്തുമ്മയുടെ ആടും ആറ്റൂരിന്റെ കവിതകളും ആണ് എന്ന്. രണ്ടും സ്വദേശിയിൽ എഴുതപ്പെട്ടു. രണ്ടും സ്വരാജിൽ കഴിയുന്നവരുടെ ഉന്നതമായ ആത്മഗൗരവവും കാരുണ്യവും കാട്ടി. സമീപ സാഹചര്യങ്ങളിലേക്കായി കർമങ്ങൾ നിജപ്പെടുത്തിയവരാണ് സ്വദേശികൾ. സ്വന്തം ഭാഗധേയം സ്വയം നിശ്ചയിച്ചവരുടെ ലോകമാണ് സ്വരാജ്. വേഗത്തിന്റെ ലോകത്തിൽ ഗംഭീരമായ ഒരു സാവകാശം, ഓട്ടങ്ങൾക്കിടയിൽ അറിഞ്ഞുള്ള ഒരു നടത്തം. കലക്കവെള്ളത്തിനിടയിൽ ഒരു തെളിനീർത്തടാകം.

ആറ്റൂരിന് ആമുഖമെഴുതിയപ്പോൾ ആദ്യം വന്ന വാക്യം ഇതായിരുന്നു– ‘ആറ്റൂരാണ് എനിക്കു ഹിമാലയം കാണിച്ചുതന്നത്’. അക്ഷരാർഥത്തിലും ഭാവാർഥത്തിലും സത്യമായിരുന്നു അത്. ഔന്നത്യം ഭാഷാന്തരം സാധിച്ച എത്ര വരികൾ. ‘നിത്യം കടലെടുത്തീടും ജന്മത്തിന്റെ തുരുത്തിൽ ഞാൻ’ മനസ്സിൽ പലകുറി നമസ്കരിച്ചിട്ടുണ്ട്. ആറ്റൂർ കുറച്ചേ പറഞ്ഞിട്ടുള്ളൂ. നേരേ പറഞ്ഞിട്ടുള്ളൂ. കുഞ്ഞിരാമൻ നായരുടെ വാസ്തവം ആറ്റൂരാണ് എഴുതിയത്. ‘ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ടകാമുകൻ’. എം.ഗോവിന്ദൻ കാട്ടിയ വെളിച്ചം മുഴവനും ഈ വരിയിലുണ്ട്– ‘മിന്നൽ കോർക്കുന്ന നിലയ്ക്കാത്ത ഭാഷണം’.

ലളിതമായ വാക്കുകളിലേ ഗഹനമായതാവിഷ്കരിക്കാനാവൂ എന്ന് ആറ്റൂരാണു പഠിപ്പിച്ചത്. 

–‘എല്ലാവർക്കും വെളുത്തുള്ളോരമ്മമാർ 

എന്റെയമ്മ കറുത്തിട്ടുമല്ലോ’.

പെണ്ണിന്റെ വിധിയെക്കുറിച്ചുള്ള ഏറ്റവും വലിയ പശ്ചാത്താപം ആറ്റൂരാണെഴുതിയത് (സംക്രമണം). 

–‘പുറപ്പെട്ടേ‌ടത്താണൊരായിരം കാതം അവൾ നടന്നിട്ടും 

നിവർന്നിട്ടില്ലവൾ ഒരായിരം നെഞ്ചാൽ ചവിട്ടുകൊണ്ടിട്ടും’.

ഏറ്റവും സൗന്ദര്യമുള്ള മലയാള കവിത 

ആറ്റൂരെഴുതി–മേഘരൂപൻ. 

–‘നീ കൃഷ്ണശിലതൻ താളം

വിണ്ണിലേറുന്ന നീലിമ

ആഴിതൻ നിത്യമാം തേങ്ങൽ

പൗർണമിക്കുള്ള പൂർണത. 

ആറ്റൂർ കൊണ്ടാടപ്പെട്ടില്ല, തിരിച്ചറിയപ്പെട്ടുപോലുമില്ല. കണ്ണഞ്ചിക്കുന്നതൊന്നും ആറ്റൂരിലില്ലായിരുന്നു. നിങ്ങളെന്നെ തിരിച്ചറിയാത്തതിൽ എനിക്കു ദുഃഖമില്ല; ലാവോത്‌സെയെപ്പോലെ ആറ്റൂരും പറ‍ഞ്ഞു. എനിക്കെഴുതിയ ആദ്യ കത്തിൽ ആറ്റൂരെഴുതി:‘നിങ്ങളെന്നെ കണ്ടെത്തിയതിൽ എനിക്കു സങ്കടമുണ്ട്’. 

തന്നെപ്പോലും മറക്കുന്ന പ്രകൃതം. ആറ്റൂർ മറന്ന കുടകളുടെ എണ്ണമെടുക്കാനാവില്ല. മറക്കാതിരിക്കാവുന്നതു മാത്രം എഴുതി. ആത്മാനുരാഗം ഇല്ല. ആത്മാനുകമ്പ ലവലേശം ഇല്ല. ‘നീ സുഭദ്രയും പാർത്ഥൻ ഞാനുമല്ലല്ലോ’. 

ഹെർസോഗ് പറഞ്ഞപോലെ ഷേവ് ചെയ്യുമ്പോൾ മുറിവു പറ്റാതിരിക്കാനല്ലാതെ കണ്ണാടി നോക്കിയിട്ടില്ല. അതും ശരിയായി നോക്കാത്തതിന്റെ മുറിവോടെയാണു പലപ്പോഴും കണ്ടിട്ടുള്ളത്. തന്നെക്കാൾ വലിയൊരാൾ, തനിക്കു മുഴുവനായി അവകാശപ്പെടാനാവാത്തൊരാൾ, ചിലപ്പോൾ വളരെ ചിലപ്പോൾ മാത്രം കനിയുന്ന ഒരാൾ, സ്വന്തം വമ്പത്തത്തിലൊന്നും തളയ്ക്കാനാവാത്ത ഒരാൾ. അയാളുടെ പിറകെ വിനയത്തോടെ, ക്ഷമയോടെ ആറ്റൂർ നടന്നു. 

‘അന്ധർ നിൻ തുമ്പിയോ കൊമ്പോ 

പള്ളയോ തൊട്ടിടഞ്ഞിടാം 

എനിക്ക് കൊതി നിൻ വാലിൻ 

രോമം കൊണ്ടൊരു മോതിരം’.

കവിതയിൽക്കവിഞ്ഞൊരു കഴഞ്ച് ദേഹവും ആറ്റൂർ കവിതയിൽ നിലനിർത്തിയില്ല. ചീകിക്കളഞ്ഞ വരികൾ കുറച്ചൊന്നുമല്ലെങ്കിലും അതിൽ പലതും കൊതിപ്പിക്കുന്നതായിരുന്നെങ്കിലും ഒരു മനസ്താപവുമുണ്ടായില്ല. മലയാളത്തിലെ ഏറ്റവും കൃത്യത കാണിക്കുന്ന തുലാസ് ആറ്റൂരിന്റെ പക്കലാണുണ്ടായിരുന്നത്. ശിൽപിയായിരുന്നെങ്കിൽ ഏറ്റവും കടുപ്പമുള്ള കരിങ്കല്ലിലേ ആറ്റൂർ പണിയുമായിരുന്നള്ളൂ. കാലം ചേറിക്കൊഴിക്കുമ്പോൾ ഒട്ടും ചേറിക്കളയാനില്ലാത്ത കവിതകൾ ആറ്റൂരെഴുതി.  

‘എല്ലാ നിലങ്ങളും പോയാലും പോവാത്ത  ഒരു നിലം, അങ്ങാടിയിലൊക്കെ തോറ്റാലും മടങ്ങിവരാനൊരൽപം മണ്ണ്’ കവിതയിൽ താൻ നിലനിർത്തിയിട്ടുണ്ട്. കവികളുടെ കവിയായിരുന്നു ആറ്റൂർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA