ADVERTISEMENT

തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും നശിപ്പിക്കുന്നതു കണ്ടു ഹൃദയംതകർന്നു മലയിറങ്ങുകയാണു കേരളത്തിലെ നൂറുകണക്കിനു കർഷകർ. ഒരിക്കൽ പൊന്നുവിളയിച്ച മണ്ണ് ഇപ്പോൾ കിട്ടുന്ന വിലയ്ക്കു വിറ്റൊഴിച്ചാണു പലരും കുടിയിറങ്ങുന്നത്. സംസ്ഥാനത്തു വനാതിർത്തിയോടു ചേർന്ന പല ഗ്രാമങ്ങളിലെയും കാഴ്ചയാണിത്. അല്ലെങ്കിൽത്തന്നെ കടക്കെണിയും കൃഷിനാശവും കൊണ്ടു പൊറുതിമുട്ടിയ മലയോര കർഷകർക്ക് ഇതുകൂടിയായതോടെ കനത്ത ആഘാതമായി.

‌‌കാട്ടാനകളുടെ ഭീഷണിയാണ് അതിരൂക്ഷം. ആടുമാടുകളെ പിടികൂടാൻ കടുവയും പുലിയും ചിലയിടത്തു കാടിറങ്ങുന്നുണ്ട്. കിഴങ്ങുവിളകൾ തിന്നുനശിപ്പിക്കാൻ കാട്ടുപന്നികളും എത്തുന്നു. കാട്ടാനകളെ പേടിച്ചു മലയോര ജനത കുന്നിറങ്ങുകയാണെങ്കിൽ, കാട്ടാനകൾക്കു മുൻപിലേക്കു വലിച്ചെറിയപ്പെട്ട സ്ഥിതിയിലാണു വനാതിർത്തികളിലെ ആദിവാസികൾ. കണ്ണൂർ ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ മാത്രം നാലു വർഷത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറു പേരാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ 101 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് ഏക്കറിൽ ആനകൾ കൃഷിനാശമുണ്ടാക്കിയിട്ടുണ്ട്.

കാട്ടാനഭീഷണി നേരിടാനുളള വഴികൾതേടി, കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാ‌ട്ടും കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും കർഷകരും ഇതു സംബന്ധിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും പങ്കുവയ്ക്കുകയുണ്ടായി.

മൂന്നോ നാലോ തലമുറകൾ ആശങ്കകളില്ലാതെ ജീവിച്ച ഇടങ്ങൾ നാലോ അഞ്ചോ വർഷത്തിനിടെ എങ്ങനെയാണ് ആനപ്പേടിയുടെ പിടിയിലായത് എന്നതിന് ഉത്തരം ഒന്നുമാത്രം: വനമേഖലകൾ മനുഷ്യന്റെ കയ്യേറ്റത്തിൽ ഗണ്യമായി ചുരുങ്ങുകയും അനധികൃത നിർമാണങ്ങളും മറ്റും മൂലം ആനകളുടെ സ്വൈരവിഹാരം തടസ്സപ്പെടുകയും ചെയ്തു.

വനത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും കുറവുണ്ടായതോടെ ആനകൾ അതിർത്തിഗ്രാമങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങി. സംസ്ഥാനത്തിന് 6000 കിലോമീറ്റർ വനാതിർത്തിയുണ്ട്. ഇതിൽ സോളർ വേലി, മതിൽ, ട്രഞ്ച്, റെയിൽവേലി എന്നിങ്ങനെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇതുവരെ പ്രതിരോധം തീർത്തത് 3750 കിലോമീറ്റർ ദൂരത്തിലാണ്. ബാക്കിയുള്ള ദൂരത്തിൽക്കൂടി പൂർത്തിയായാലും പൂർണ സംരക്ഷണം ഉറപ്പിക്കാനാവില്ലെന്നു കാട്ടാനകളുടെ സ്വഭാവവിശേഷങ്ങൾ അറിയുന്നവർ പറയുന്നു. 

വന്യജീവികൾ നശിപ്പിക്കുന്ന കൃഷിവിളകൾക്ക് നാമമാത്രമായ നഷ്ടപരിഹാരമാണു കർഷകർക്കു ലഭിക്കുന്നത്. ഹ്രസ്വകാല വിളകൾക്ക് അവയുടെ വിപണിവിലയ്ക്ക് അനുസൃതമായും തെങ്ങിനും കവുങ്ങിനുമെല്ലാം അവയിൽനിന്നുള്ള ദീർഘകാല വരുമാനം കണക്കാക്കിയും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നു.

വന്യജീവിഭീഷണിയുള്ള മേഖലയിലെ കൃഷിവിളകളെല്ലാം വനംവകുപ്പുതന്നെ തുക അടച്ച് വിള ഇൻഷുറൻസ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആനകൾ കയ്യേറുന്ന വീടും പറമ്പും വനംവകുപ്പിനു വിട്ടുകൊടുക്കാൻ തയാറായവർക്കുപോലും ന്യായമായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. 

വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനിയുണ്ടായാൽ 10 ലക്ഷം രൂപയും പരുക്കേറ്റാൽ 75,000 രൂപയുമാണ് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരം. മോട്ടർ വാഹന അപകട ഇൻഷുറൻസിന്റെ മാതൃകയിൽ നഷ്ടപരിഹാരം കണക്കാക്കി തുക നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നട്ടെല്ലിനും മറ്റും പരുക്കേറ്റ്, കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്തവർ 75,000 രൂപകൊണ്ട് എന്തുചെയ്യാൻ? 

പരിമിതമായ അംഗബലവും നാമമാത്രമായ ബജറ്റ് വിഹിതവുമായി വനംവകുപ്പിനു തനിയെ പരിഹരിക്കാവുന്നതല്ല വനാതിർത്തിയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ. വന്യജീവികളെ നാട്ടിൽ നിന്നു മടക്കിവിടാനുള്ള വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം (ആർആർടി) ആൾക്ഷാമവും അസൗകര്യങ്ങളുമായി ഓടിയെത്താൻ പാടുപെടുകയാണ്.

ഇവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും ജീവിക്കാൻ ആവശ്യമായ സൗകര്യം കാട്ടിൽത്തന്നെ ഒരുക്കിയാലേ നാട്ടിലേക്കുള്ള അവയുടെ വരവിനെ ചെറുക്കാനാവൂ. വന്യമൃഗ ഭീഷണി പരിഹരിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഒരുമിച്ചു സമഗ്രമായ കർമപദ്ധതി തയാറാക്കാൻ ഇനിയും വൈകിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com